റോഡ് നന്നാക്കാൻ വി കെ മിനിമോൾ പണം വാങ്ങിയ കേസ്
print edition 3 ലക്ഷം തിരികെ നൽകിയത് തടിയൂരാൻ; കോടതിയുടെ പിടിവീണു

മിനിമോൾക്ക് മൂന്നുലക്ഷം രൂപയുടെ ചെക്ക് കൈമാറിയെന്ന് വ്യക്തമാക്കുന്ന ഫ്ലാറ്റ് നിർമാണ കന്പനിയുടെ രേഖ
കൊച്ചി : റോഡ് നന്നാക്കാൻ മൂന്നുലക്ഷം രൂപ വാങ്ങിയന്ന കേസിൽ കൊച്ചി മേയർ വി കെ മിനിമോൾക്ക് എതിരെയുള്ള വിജിലൻസ് കോടതി കണ്ടെത്തലുകളും നിരീക്ഷണങ്ങളും ഗുരുതരം. ഇതുകൂടി കണക്കിലെടുത്ത സമഗ്ര അന്വേഷണമാകും വിജിലൻസിന്റെ ഭാഗത്തുനിന്നുണ്ടാകുക. അന്വേഷണത്തിന് സർക്കാർ അനുമതി ലഭിക്കുന്നതോടെ കേസെടുത്ത് വിജിലൻസ് തുടർനടപടികളിലേക്ക് കടക്കും. ഇതോടെ സാന്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്തുവരും.
കളവത്ത് ക്രോസ് റോഡ് നന്നാക്കാൻ പണം ആവശ്യപ്പെട്ട് ഫ്ലാറ്റ് നിർമാണ കന്പനിക്ക് മിനിമോൾ നൽകിയ കത്തിനുപുറമേ, പണം നൽകിയെന്ന് വ്യക്തമാക്കുന്ന കന്പനിയുടെ രേഖാമൂലമുള്ള മറുപടി ഉൾപ്പെടെയുള്ള തെളിവുകളും പുറത്തുവന്നിട്ടുണ്ട്. 2019 ഫെബ്രുവരി 20നാണ് കന്പനി അക്കൗണ്ടിൽനിന്ന് മിനിമോളുടെ അക്കൗണ്ടിലേക്ക് മൂന്നുലക്ഷം രൂപ ചെക്കായി നൽകിയിരിക്കുന്നത്. ഫെബ്രുവരി 13നാണ് മിനിമോൾ മൂന്നുലക്ഷം രൂപ ആവശ്യപ്പെട്ട് കത്ത് സമർപ്പിച്ചത്. 2019ൽ വാങ്ങിയ പണം തിരികെനൽകിയതാകട്ടെ, 2021ലാണെന്നും വിജിലൻസിന്റെ പ്രാഥമികാന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
പാലാരിവട്ടം ഡിവിഷൻ കൗൺസിലറായിരിക്കുന്പോഴാണ് കേസിനാസ്‌പദമായ സംഭവങ്ങൾ നടക്കുന്നത്. അന്വേഷണത്തിന് സർക്കാർ അനുമതി തേടിയുള്ള അപേക്ഷ ഹർജിക്കാരൻ ഇൗയാഴ്‌ച നൽകുമെന്നാണ് വിവരം. മിനിമോൾ പണം ആവശ്യപ്പെട്ട കത്ത്, പണം നൽകിയതായുള്ള കന്പനിയുടെ രേഖ, വാങ്ങിയ പണം മിനിമോൾ തിരികെനൽകിയെന്ന് വ്യക്തമാക്കുന്ന രസീതിന്റെ പകർപ്പ്, റോഡ് പ്രവൃത്തി പ്ലാൻഫണ്ട് ഉപയോഗിച്ചാണെന്നുള്ള കോർപറേഷൻരേഖ ഉൾപ്പെടെയുള്ള തെളിവുകൾ നിലവിലുണ്ട്. ഇതിനുപുറമേയുള്ള കൂടുതൽ തെളിവുകളും വിശദാംശങ്ങളും വിജിലൻസിന്റെ സമഗ്രമായ അന്വേഷണത്തിലൂടെ പുറത്തുവരും.










0 comments