റേഞ്ച് റോവർ ഇറക്കുന്നതിനിടെ അപകടം; കാർ കയറ്റിറക്കിൽ സിഐടിയു തൊഴിലാളികളില്ല: യൂണിയൻ

കൊച്ചി: വൈറ്റില ചളിക്കവട്ടത്ത് കാരിയര്‍ വാഹനത്തിൽ നിന്ന് കാർ ഇറക്കുന്നതിനിടെയുണ്ടായ അപകടത്തെ തുടർന്ന് ഒരാൾ മരിക്കാനിടയായ സംഭവത്തിന്റെ ഉത്തരവാദികൾ സിഐടിയു ചുമട്ടുതൊഴിലാളികളാണെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് ഹെഡ്‌ലോഡ് ആൻഡ് ജനറൽ വർക്കേഴ്‌സ് യൂണിയൻ (സിഐടിയു) ജില്ലാ കമ്മിറ്റി. ജില്ലയിൽ ഒരിടത്തും കാർ കയറ്റിറക്കുജോലിയിൽ സിഐടിയു അംഗങ്ങളാരും ഏർപ്പെടുന്നില്ലെന്ന് യൂണിയൻ പ്രസ്‌താവനയിൽ പറഞ്ഞു.
തൊഴിലുടമകളുമായി വയ്‌ക്കുന്ന കരാറിന്റെ അടിസ്ഥാനത്തിലും ക്ഷേമബോർഡിന്റെ അംഗീകാരത്തോടുംകൂടിയാണ് ചുമട്ടുതൊഴിലാളികൾ ജോലി ചെയ്യുന്നത്. ജോലി കുറവുണ്ടെങ്കിലും ജില്ലയിലെ കയറ്റിറക്ക് തൊഴിൽമേഖല തികച്ചും സമാധാനപരമാണ്. വസ്തുത ഇതായിരിക്കെ ചുമട്ടുതൊഴിലാളികളെ മോശക്കാരാക്കാൻ ചില കേന്ദ്രങ്ങൾ നടത്തുന്ന കള്ളപ്രചാരവേലയിൽ യൂണിയൻ ജില്ലാ കമ്മിറ്റി പ്രതിഷേധിക്കുന്നതായി ജനറൽ സെക്രട്ടറി കെ എം അഷറഫ് പ്രസ്‌താവനയിൽ പറഞ്ഞു. സംഭവത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
ആഡംബര കാറായ റേഞ്ച് റോവർ ഇറക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ഷോറൂം ജീവനക്കാരനായ മട്ടാഞ്ചേരി സ്വദേശി റോഷൻ ആന്റണി സേവ്യറാണ് അപകടത്തിൽ മരിച്ചത്.









0 comments