1 ലക്ഷം കോടിയുടെ ബിസിനസ് നേട്ടം

സ്വന്തം ലേഖിക
Published on Aug 10, 2025, 12:14 AM | 1 min read
തൃശൂര്‍ : ഒരു ലക്ഷം കോടിയുടെ ബിസിനസ് ലക്ഷ്യം കൈവരിച്ച് ഇന്ത്യയിലെ ബാങ്കിതര സ്ഥാപനങ്ങളില്‍ മുന്‍നിരയിലെത്തി കെഎസ്എഫ്ഇ. ചിട്ടി, സ്വര്‍ണവായ്പ, ഭവന വായ്പ, വ്യക്തിഗത വായ്പ എന്നിവയുള്‍പ്പെടെയുള്ള വിവിധ വായ്പകളാണ് അതിവേഗം ലക്ഷ്യം കൈവരിക്കാന്‍ കരുത്തായത്. വരുന്ന ഡിസംബറില്‍ ഒരു ലക്ഷം കോടിയെന്ന ബിസിനസ് ലക്ഷ്യം കൈവരിക്കാനാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍ കരുത്തുറ്റ പ്രവര്‍ത്തനങ്ങളിലൂടെ ജൂലായ് 31ന് ലക്ഷ്യം പൂര്‍ത്തിയാക്കി.
ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഇടപാടുകാര്‍ക്ക് മെച്ചപ്പെട്ട സേവനം നല്‍കാനായതും കെഎസ്എഫ്ഇക്ക് ഗുണമായി. മൊബൈല്‍ ആപ്പിലൂടെയും ഐഎഫ്എസ് കോഡിലൂടെയുള്ള ഇലക്ട്രോണിക്സ് പണമിടപാടുകളും ബിസിനസ് കുതിപ്പിന് കരുത്തായി. വിദേശ പ്രവാസി ചിട്ടിക്കുപുറമേ മറ്റ് സംസ്ഥാനങ്ങളിലും ചിട്ടി ആരംഭിച്ചത് നേട്ടമായി. ഓണ്‍ലൈനായി എവിടെനിന്നും ചിട്ടിയില്‍ കയറാമെന്നതും ജനകീയതയ്ക്ക് കാരണമായി. ഇത് ചെറുപ്പക്കാര്‍ക്കിടയില്‍ സ്വീകാര്യതയുണ്ടാക്കി. സ്വര്‍ണവായ്പയിലും വന്‍ കുതിപ്പാണുണ്ടായത്. 10,000 കോടി കടന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 1000 കോടിയുടെ പുതിയ ചിട്ടി തുടങ്ങിയതും നടപ്പു സാമ്പത്തിക വര്‍ഷം വായ്പ തുടക്കത്തില്‍ത്തന്നെ 10,000 കോടി കഴിഞ്ഞതും നേട്ടമായി. 683 ശാഖകളിലായി 9000 ജീവനക്കാരുണ്ട്. ചിട്ടിയുടെ 40 ശതമാനവും ക്യാന്‍വാസ് ചെയ്യുന്നത് ഇവരാണ്.
പുതിയ വായ്പ നിക്ഷേപ പദ്ധതി ആവിഷ്കരിച്ച് കെഎസ്എഫ്ഇ ഇനിയും നേട്ടം കൊയ്യുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാൽ പറഞ്ഞു. കഴിഞ്ഞ നാലു വർഷ കാലയളവിൽ 504 കോടി രൂപയുടെ സാമ്പത്തിക സഹായം പലിശ ഇളവിലൂടെ ഇടപാടുകാർക്ക് നൽകിയെന്ന് കെഎസ്എഫ്ഇ ചെയർമാൻ കെ വരദരാജൻ പറഞ്ഞു.
പ്രഖ്യാപനം 13ന്
കെഎസ്എഫ്ഇ ഒരു ലക്ഷം കോടി രൂപ ബിസിനസ് ലക്ഷ്യം കൈവരിച്ചതിന്റെ പ്രഖ്യാപനം 13ന് പകല്‍ 12.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടത്തും. ‘ഈ നാടിന്റെ ധൈര്യം’ എന്ന കെഎസ്എഫ്ഇയുടെ പുതിയ വാക്യമുദ്രയും നാടിന് സമര്‍പ്പിക്കും. മന്ത്രി കെ എന്‍ ബാലഗോപാല്‍ അധ്യക്ഷനാകും. ഹാർമണി ചിട്ടി ഇടപാടുകാർക്കുള്ള ഓണം സമൃദ്ധി ഗിഫ്റ്റ് കാർഡ് ഉദ്ഘാടനം മന്ത്രി ജി ആർ അനിൽ നിർവഹിക്കും. ചടങ്ങിൽ കെഎസ്എഫ്ഇ ബ്രാൻഡ് അംബാസിഡർ സുരാജ് വെഞ്ഞാറമൂട് മുഖ്യാതിഥിയാകും.









0 comments