ബസ് ട്രാൻസ്പോർട്ട് വർക്കേഴ്‌സ് ഫെഡറേഷൻ സംസ്ഥാന സമ്മേളനം; സമഗ്ര ഗതാഗതനയം ആവിഷ്കരിക്കണം

കണ്ണൂർ: കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്ക് ബാധകമാകുംവിധമുള്ള സമഗ്ര ഗതാഗതനയം നടപ്പാക്കണമെന്ന് കേരള ബസ് ട്രാൻസ്പോർട്ട് വർക്കേഴ്‌സ് ഫെഡറേഷൻ (സിഐടിയു) സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. കണ്ണൂർ സി കണ്ണൻ സ്മാരക മന്ദിരത്തിലെ പി രാഘവൻ നഗറിൽ ചേർന്ന സമ്മേളനം സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം ഉദ്ഘാടനം ചെയ്തു.
രാജ്യത്തെ തൊഴിലാളി സംഘടനകളെ ഭാഷയുടെയും മതത്തിന്റെയും ജാതിയുടെയും പേരിൽ ഭിന്നിപ്പിക്കുകയാണെന്ന് എളമരം കരീം പറഞ്ഞു. മാധ്യമങ്ങളെ വരുതിയിലാക്കി കുത്തകമുതലാളിമാർ ഇതിനെ പ്രോത്സാഹിപ്പിക്കുന്നു. തൊഴിലാളികളെ ചൂഷണത്തിനിരയാക്കുന്ന നിയമഭേദഗതികളാണ് കേന്ദ്രസർക്കാർ കൊണ്ടുവരുന്നത്. രാജ്യത്ത് സാമ്പത്തിക അസമത്വം ഏറെയാണ്. എന്നാൽ, കേരളത്തിലെ സ്ഥിതി വ്യത്യസ്‌തമാണ്. തൊഴിലാളികൾക്ക് മെച്ചപ്പെട്ട വരുമാനം ലഭിക്കുന്നു. ഇടതുപക്ഷ സർക്കാരിന്റെ ഭരണത്തിലൂടെയാണ് കേരളം പുരോഗതി കൈവരിച്ചതെന്നും എളമരം കരീം പറഞ്ഞു.
കടകംപള്ളി സുരേന്ദ്രൻ എംഎൽഎ അധ്യക്ഷനായി. കെ കെ കലേശൻ രക്തസാക്ഷി പ്രമേയവും പി ചന്ദ്രൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി എം എസ് സ്കറിയ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. സിഐടിയു സംസ്ഥാന സെക്രട്ടറി കെ പി സഹദേവൻ,എം പ്രകാശൻ, വി വി പുരുഷോത്തമൻ എന്നിവർ സംസാരിച്ചു. പൊതുഗതാഗത സംവിധാനം ശക്തിപ്പെടുത്തണമെന്നും റോഡുവികസനം സാധ്യമാക്കി അപകടങ്ങളും ഗതാഗതക്കുരുക്കും ഒഴിവാക്കണമെന്നും ഇന്ധനവില വർധന തടയാൻ നടപടി സ്വീകരിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി നിയമത്തിലെ അപാകം പരിഹരിക്കുക, കേരള മോട്ടോർ ട്രാൻസ്പോർട്ട് വർക്കേഴ്സ് പെയ്മെന്റ് ഓഫ് ഫെയർവേജസ് പുതുക്കുക, പെട്രോളിയം ഉൽപ്പന്നങ്ങളുടെ വില കുറയ്‌ക്കുക, മോട്ടോർ തൊഴിലാളികൾക്ക് പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കാനുള്ള തീരുമാനം പുനപരിശോധിക്കുക, മാർച്ച് 24ന്റെ പാർലമെന്റ് മാർച്ച് വിജയിപ്പിക്കുക എന്നീ പ്രമേയങ്ങളും അംഗീകരിച്ചു.









0 comments