അപകടത്തിൽപെട്ട വാഹനം വിട്ട് നൽകാൻ കൈക്കൂലി; ഗ്രേഡ് സബ് ഇൻസ്പെക്ടർ വിജിലൻസ് പിടിയിൽ

കൊച്ചി: അപകടത്തിൽപെട്ട വാഹനം വിട്ട് നൽകുന്നതിന് 10,000 കൈക്കൂലി വാങ്ങിയ ഗ്രേഡ് സബ് ഇൻസ്പെക്ടർ വിജിലൻസ് പിടിയിൽ. എറണാകുളം മരട് പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് സബ് ഇൻസ്പെക്ടർ ഗോപകുമാറാണ് പിടിയിലായത്. എറണാകുളം പള്ളിക്കര സ്വദേശിയുടെ പരാതിയിലാണ് നടപടി.
ആഗസ്ത് 25ന് പരാതിക്കാരൻ്റെ ഉടമസ്ഥതയിലുള്ള ഗ്യാസ് സിലിണ്ടർ കയറ്റിയ ലോറി ഓടിച്ചിരുന്ന ഡ്രൈവർക്ക് ഹൃദയാഘാതം സംഭവിച്ചതിനെ തുടർന്ന് ഒരു ഇലക്ട്രിക് പോസ്റ്റിലും, കാറിലും, ബൈക്കിലും, മതിലിലും ഇടിച്ച് അപകടം സംഭവിച്ചിരുന്നു. തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് അപകടത്തിൽപ്പെട്ട ഡ്രൈവറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ലോറി വിട്ട് നൽകുന്നതിന് സ്റ്റേഷനിൽ ഹാജരാകണമെന്ന് ഉടമയെ വിളിച്ച് പറഞ്ഞത് മരട് പോലീസ് സ്റ്റേഷനിലെ ഗ്രേഡ് സബ് ഇൻസ്പെക്ടറായ ഗോപകുമാറാണ്.
മരട് പോലീസ് സ്റ്റേഷനിലെ ഗ്രേഡ് സബ് ഇൻസ്പെക്ടറായ ഗോപകുമാർ പരാതിക്കാരനെ ഫോണിൽ വിളിച്ച് കേസ്സിൽപ്പെട്ട ലോറി വിട്ട് നൽകുന്നതിന് സ്റ്റേഷനിൽ ഹാജരാകണമെന്ന് പറഞ്ഞു. അന്ന് രാത്രി സ്റ്റേഷനിലെത്തി ഗോപകുമാറിനെ കണ്ടപ്പോൾ വീണ്ടും സ്റ്റേഷനിൽ വരാൻ പറഞ്ഞു. തുടർന്ന് 27ന് വീണ്ടും സ്റ്റേഷനിലെത്തിയപ്പോൾ വണ്ടി വിട്ട് നൽകുന്നതിന് 10,000 രൂപ നൽകണമെന്ന് ഗോപകുമാർ ആവശ്യപ്പെട്ടു. തുടർന്ന് വാഹന ഉടമ എറണാകുളം വിജിലൻസ് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടിനെ വിവരം അറിയിക്കുകയായിരുന്നു
വിജിലൻസിന്റെ നിർദേശപ്രകാരം പണം നൽകാമെന്ന് പരാതിക്കാരൻ ഗോപകുമാറിനെ അറിയിച്ചു. വിജിലൻസ് സംഘം കെണിയൊരുക്കി നിരീക്ഷിച്ചു വരികയായിരുന്നു. ഇന്ന് വൈകുന്നേരം 4.15ന് മരട് പൊലീസ് സ്റ്റേഷനിൽ വെച്ച് പരാതിക്കാരനിൽ നിന്നും 10,000 രൂപ കൈക്കൂലി വാങ്ങുമ്പോഴാണ് ഗോപകുമാർ പിടിയിലായത്. അറസ്റ്റ് ചെയ്ത പ്രതിയെ മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ ഹാജരാക്കും.
പൊതുജനങ്ങളുടെ ശ്രദ്ധയിൽ അഴിമതി സംബന്ധിച്ച വിവരങ്ങൾ ലഭിക്കുകയാണെങ്കിൽ, വിജിലൻസിൻ്റെ ടോൾ ഫ്രീ നമ്പറായ 1064 എന്ന നമ്പറിലോ, 8592900900 എന്ന നമ്പരിലോ, വാട്‌സ് ആപ്പ് നമ്പരായ 9447789100 എന്ന നമ്പരിലോ അറിയിക്കണമെന്ന് വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം അറിയിച്ചു.








0 comments