ബിൽഡിങ്‌ പെർമിറ്റിന് കൈക്കൂലി; ഓവർസിയർ വിജിലൻസ് പിടിയിൽ

vigilence fraud
വെബ് ഡെസ്ക്

Published on May 27, 2025, 05:43 PM | 1 min read

പാലക്കാട് : ബിൽഡിങ്‌ പെർമിറ്റ് അനുവദിക്കുന്നതിന് പതിനായിരം രൂപ കൈക്കൂലി വാങ്ങിയ പാലക്കാട് പുതുശ്ശേരി ഗ്രാമപഞ്ചായത്തിലെ ഓവർസിയറും തിരുവനന്തപുരം ആര്യനാട് സ്വദേശിയുമായ സിഎസ് ധനീഷിനെ വിജിലൻസ് പിടികൂടി.

പാലക്കാട് കഞ്ചിക്കോട് സ്വദേശിയായ പരാതിക്കാരൻ ചെടയൻകലായ് എന്ന സ്ഥലത്ത് പുതുതായി പണികഴിപ്പിക്കുന്ന 700 ചതുരശ്ര അടി ബിൽഡിങ്ങിന്റെ പെർമിറ്റിനായി പുതുശ്ശേരി ഗ്രാമ പഞ്ചായത്തിൽ പ്ലാനും മറ്റ് രേഖകളും സഹിതം അപേക്ഷ നൽകിയിരുന്നു. ഗ്രാമ പഞ്ചായത്തിലെ ഓവർസിയറായ ധനീഷ് മെയ്‌ 19ന്‌ സ്ഥല പരിശോധനക്കായി എത്തി. സ്ഥല പരിശോധന നടത്തിയ ശേഷം, റിപ്പോർട്ട് നൽകുന്നതിന് 20,000 രൂപ കൈക്കൂലി ആവശ്യപ്പെടുകയും ചെയ്തു. അതിൽ 10,000 രൂപ ഉടൻ നൽകണമെന്നും ബാക്കി തുക ബിൽഡിങ്‌ പെർമിറ്റ് കിട്ടിയതിന് ശേഷം നൽകിയാൽ മതിയെന്നും പറഞ്ഞു. തുടർന്ന് ഓവർസിയർ പരാതികാരനെ പല പ്രാവശ്യം ഫോണിൽ വിളിച്ച് തുക ആവശ്യപ്പെട്ടു. കൈക്കൂലി നൽകി കാര്യം സാധിക്കുന്നതിന് താല്പര്യമില്ലാതിരുന്ന പരാതിക്കാരൻ ഈ വിവരം പാലക്കാട് വിജിലൻസ് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടിനെ അറിയിക്കുകയും, അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള വിജിലൻസ് സംഘം കെണിയൊരുക്കുകയും ചെയ്തു.


തുടർന്ന ചൊവ്വ ഉച്ചക്ക് 02.40ന്‌ പരാതിക്കാരന്റെ തന്നെ ഉടമസ്ഥതയിൽ കഞ്ചിക്കോടുള്ള ഷോപ്പിംഗ് കോംപ്ലക്സിൽ വച്ച് കൈക്കൂലി വാങ്ങുന്നതിനിടയിൽ പുതുശ്ശേരി ഗ്രാമ പഞ്ചായത്തിലെ ഓവർസിയറെ വിജിലൻസ് സംഘം കൈയ്യോടെ പിടികൂടുകയായിരുന്നു. അറസ്റ്റ് ചെയ്ത പ്രതിയെ തൃശ്ശൂർ വിജിലൻസ് കോടതിയിൽ ഹാജരാക്കും. പരാതിക്കാരന്റെ തന്നെ ഉടമസ്ഥതയിലുള്ള മറ്റൊരു ബിൽഡിങ്ങിന്റെ പെർമിറ്റിന് ആറ് മാസം മുൻപ് ഇതേ ഉദ്യോഗസ്ഥൻ തന്നെ 65,000 രൂപ കൈക്കൂലി വാങ്ങിയതായും പരാതിയുണ്ട്.

പൊതുജനങ്ങളുടെ ശ്രദ്ധയിൽ അഴിമതി സംബന്ധിച്ച വിവരങ്ങൾ ലഭിക്കുകയാണെങ്കിൽ, വിജിലൻസിന്റെ ടോൾ ഫ്രീ നമ്പറായ 1064 എന്ന നമ്പറിലോ , 8592900900 എന്ന നമ്പരിലോ, വാട്സ് ആപ്പ് നമ്പറായ 9447789100 എന്ന നമ്പരിലോ അറിയിക്കണമെന്ന് വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം അറിയിച്ചു.






deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home