തിരുവനന്തപുരം ബ്രഹ്‌മോസിനെ വേർപ്പെടുത്തും ; തീരുമാനം അറിയിച്ച് കേന്ദ്രമന്ത്രി

തിരുവനന്തപുരം
ബ്രഹ്‌മോസ് മിസൈൽ ഘടകങ്ങൾ നിർമിക്കുന്ന തിരുവനന്തപുരം ബ്രഹ്‌മോസിനെ മാതൃസ്ഥാപനമായ ബ്രഹ്‌മോസ് എയ്‌റോസ്‌പേസ് പ്രൈവറ്റ് ലിമിറ്റഡിൽനിന്ന് വേർപ്പെടുത്തുമെന്നുറപ്പായി. കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് പാർലമെന്റിൽ നൽകിയ മറുപടിയിലാണ് ഇക്കാര്യം പറഞ്ഞത്. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഡിആർഡിഒക്ക് കൂടുതൽ ഓഹരിയുള്ള മറ്റൊരു സ്ഥാപനമാക്കുമെന്നും മറുപടിയിലുണ്ട്. സംസ്ഥാന സർക്കാരുമായോ അംഗീകൃത ട്രേഡ് യൂണിയനുകളുമായോ കൂടിയാലോചിക്കാതെയാണ് കേന്ദ്ര സർക്കാരിന്റെ ഏകപക്ഷീയ തീരുമാനം.
ഡിആർഡിഒയുടെ നേരിട്ടുള്ള ഉൽപ്പാദന കേന്ദ്രമാക്കുമെന്നായിരുന്നു നേരത്തെയുള്ള പ്രചാരണം. ഭൂരിഭാഗം ഓഹരി ഡിആർഡിഒ നിലനിർത്തുമെന്ന് പറയുമ്പോൾ ബാക്കി ഓഹരികൾ ആർക്കായിരിക്കുമെന്ന് വ്യക്തമാക്കിയിട്ടില്ല. ഡിആർഡിഒക്ക് കീഴിൽ രജിസ്‌റ്റർ ചെയ്‌ത് പ്രത്യേക ഡയറക്ടർ ബോർഡ് രൂപീകരിച്ച് സ്വയംഭരണ സ്ഥാപനമാക്കുമെന്ന ആശങ്കയും ജീവനക്കാർക്കുണ്ട്. ഭാവിയിൽ സ്ഥാപനത്തിന്റെ ഓഹരികൾ മാറുന്ന സാഹചര്യമുണ്ടായാൽ ആദ്യ പരിഗണന സംസ്ഥാന സർക്കാരിന് നൽകണമെന്ന കരാർ വ്യവസ്ഥ നിലവിലുള്ളപ്പോഴാണ് ചർച്ച കൂടാതെയുള്ള കേന്ദ്ര സർക്കാർ തീരുമാനം. ബ്രഹ്‌മോസിനെ മാതൃസ്ഥാപനത്തിൽനിന്ന് വേർപെടുത്താൻ നീക്കം തുടങ്ങിയപ്പോൾത്തന്നെ സംസ്ഥാന വ്യവസായ വകുപ്പ് ബന്ധപ്പെട്ടവരുടെ യോഗം വിളിച്ചിരുന്നെങ്കിലും മാനേജ്‌മെന്റ് പ്രതിനിധികൾ പങ്കെടുത്തില്ല. മുഖ്യമന്ത്രി കേന്ദ്രസർക്കാരിനു നൽകിയ കത്തും പരിഗണിച്ചിട്ടില്ല.
ഓപ്പറേഷൻ സിന്ദൂറിനുശേഷം ബ്രഹ്‌മോസ് മിസൈലിന് ആഗോളതലത്തിൽ പ്രസക്തി വർധിച്ച സാഹചര്യത്തിലാണ് ബ്രഹ്‌മോസിനെ മാതൃസ്ഥാപനത്തിൽനിന്ന് അടർത്തിമാറ്റാൻ നീക്കം തുടങ്ങിയത്. കഴിഞ്ഞ സാമ്പത്തികവർഷവും സ്ഥാപനം 24 കോടി രൂപ പ്രവർത്തന ലാഭമുണ്ടാക്കിയിരുന്നു.
സംസ്ഥാന സർക്കാരിന്റെ പൂർണ ഉടമസ്ഥതയിലുണ്ടായിരുന്ന പൊതുമേഖലാ സ്ഥാപനമായ കെൽടെക്കിനെ 2007 ഡിസംബർ 31നാണ് ബ്രഹ്‌മോസ് എയ്‌റോസ്‌പേസിന് കൈമാറിയത്. ഒരു രൂപയ്‌ക്കായിരുന്നു കൈമാറ്റം. 15.8 ഏക്കർ ഭൂമിയും ഒരു ലക്ഷത്തിലധികം ചതുരശ്രയടിയുള്ള ആധുനിക പ്ലാന്റും യന്ത്രസാമഗ്രികളും ബാങ്ക് ബാലൻസായി ഉണ്ടായിരുന്ന ഏഴുകോടി രൂപയുമടക്കമാണ് കൈമാറിയത്. ഇങ്ങനെ കേരളം കൈമാറിയ സ്ഥാപനത്തെയാണ് സംസ്ഥാന സർക്കാരുമായി കൂടിയാലോചിക്കാതെ മാതൃസ്ഥാപനത്തിൽനിന്ന് വേർപെടുത്തുന്നത്.









0 comments