നടിയോട് മാപ്പ് പറഞ്ഞ് ബോബി ചെമ്മണ്ണൂർ; ഒന്നരവർഷത്തിന് ശേഷം ഖേദപ്രകടനം

ബോബി ചെമ്മണ്ണൂർ, ഹണി റോസ്
തിരുവനന്തപുരം: നടി ഹണി റോസിനെതിരായ അധിക്ഷേപ പരാമർശത്തിൽ വ്യവസായി ബോബി ചെമ്മണ്ണൂർ ഖേദം പ്രകടിപ്പിച്ചു. ഹണി റോസിനെക്കുറിച്ച് നടത്തിയ പ്രസ്താവനകൾ നടിക്കും അവരുടെ കുടുംബത്തിനും വലിയ രീതിയിൽ മാനസിക വിഷമം ഉണ്ടാക്കിയതായി മനസ്സിലാക്കുന്നുവെന്നും, അതിൽ ആത്മാർത്ഥമായി ക്ഷമ ചോദിക്കുന്നുവെന്നും ബോബി ഇൻസ്റ്റാഗ്രാം പോസ്റ്റിൽ കുറിച്ചു. ബോബിയുടെ പരാമർശത്തിൽ ഹണി റോസ് നൽകിയ പരാതിയിൽ ഒന്നരവർഷം മുൻപ് കേസെടുത്തിരുന്നു. ഇതിന് ശേഷം ആദ്യമായാണ് ബോബിയുടെ ഖേദപ്രകടനം.
ആരോടും മനഃപൂർവ്വം താൻ മോശമായി പെരുമാറായിട്ടില്ലെന്ന് ബോബി ചെമ്മണ്ണൂർ പോസ്റ്റിൽ പറയുന്നു. എല്ലാവരോടും ദയയോടും ബഹുമാനത്തോടും സ്നേഹത്തോടും പരിഗണനയോടും കൂടി പെരുമാറുന്ന ഒരു വ്യക്തിയാണ് താൻ. സാധ്യമാകുമ്പോഴെല്ലാം മറ്റുള്ളവരെ സഹായിക്കാൻ എപ്പോഴും ശ്രമിക്കാറുമുണ്ട്. ഇടയ്ക്കിടെ സോഷ്യൽ മീഡിയയിൽ തമാശകൾ പങ്കിടാറുണ്ട്, എന്നാൽ അത് ഒരിക്കലും ആരെയും അപമാനിക്കാനോ വേദനിപ്പിക്കാനോ ആർക്കെങ്കിലും മാനസിക വിഷമം ഉണ്ടാക്കാനോ ഉള്ള ഉദ്ദേശത്തോടെ ചെയ്യുന്നതല്ല. ഹണി റോസിനെക്കുറിച്ച് താൻ നടത്തിയ പ്രസ്താവനകൾ അവർക്കും അവരുടെ കുടുംബത്തിനും വലിയ രീതിയിൽ മാനസിക വിഷമം ഉണ്ടാക്കിയതായി മനസ്സിലാക്കുന്നു. ആ വാക്കുകളുടെയും അവ ഉണ്ടാക്കിയ ആഘാതത്തിന്റെയും പൂർണ ഉത്തരവാദിത്തം താൻ ഏറ്റെടുക്കുന്നുവെന്നും, ക്ഷമാപണം സ്വീകരിച്ച് അവർ കേസ് പിൻവലിക്കാൻ തയ്യാറാകുമെന്ന് പ്രതീക്ഷിക്കുന്നതായും ബോബി പോസ്റ്റിൽ പറയുന്നു.
ഒരു ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുത്തപ്പോൾ ബോബി ചെമ്മണ്ണൂർ നടത്തിയ ദ്വയാർഥ പ്രയോഗമാണ് സംഭവങ്ങളുടെ തുടക്കം. പിന്നീട് ബോബിക്കെതിരെ ഹണി റോസ് പൊലീസിൽ പരാതി നൽകി. തുടർന്ന് അറസ്റ്റിലായ ബോബി ജാമ്യത്തിലിറങ്ങുകയായിരുന്നു.











0 comments