ചോരയ്‌ക്ക് പകരം ചോര പ്രസംഗം: മുഖ്യമന്ത്രിക്കെതിരെ ഡിവൈഎഫ്‌ഐ പരാതി നൽകി

കണ്ണൂർ: യൂത്തു കോൺഗ്രസ് പൊതുയോഗത്തിൽ ചോരയ്‌ക്ക് പകരം ചോര എന്ന നിലയിൽ പകരം ചോദിക്കുമെന്ന മുഖ്യമന്ത്രി വി ഡി സതീശന്റെ കൊലവിളി പ്രസംഗത്തിനെതിരെ ഡിവൈഎഫ്‌ഐ സിറ്റി പൊലീസ് കമീഷണർക്ക് പരാതി നൽകി. കഴിഞ്ഞ 20ന് വൈകിട്ട് കണ്ണൂർ ടൗൺ സ്ക്വയറിൽ യൂത്ത് കോൺഗ്രസ് പരിപാടിയിലെ വിവാദ പ്രസംഗത്തിനെതിരെയാണ് പരാതി.
‘‘നിങ്ങളുടെ ചോരയിൽനിന്ന് പിറന്ന് വീണതാണ് ഈ സർക്കാർ. നിങ്ങളുടെ ചോരയ്ക്ക് ഞങ്ങൾ പകരം ചോദിക്കും. ഒന്നും മറക്കില്ല; പഴയതുപോലെ അല്ല, അധികാരത്തിൽ വരുമ്പോൾ എല്ലാം മറക്കണമെന്നാണ് പഴയരീതി. എന്നാൽ, ഇനി മറക്കില്ല. എണ്ണിയെണ്ണി പകരം ചോദിക്കും ഒരു സംശയവും വേണ്ട; അതുകൊണ്ടാണല്ലോ പ്രത്യേക അന്വേഷണങ്ങൾ നടക്കുന്നത്'’– മുഖ്യമന്ത്രിയുടെ പ്രസംഗം ഇങ്ങനെ നീണ്ടു.
ഇൗ പ്രസംഗം കഴിഞ്ഞ എൽഡിഎഫ് സർക്കാരിനെ നയിച്ചവർക്കും പിന്തുണച്ചവർക്കും എതിരെ വെറുപ്പും വിദ്വേഷവും ശത്രുതയും ഉണ്ടാക്കാൻ കാരണമായതായി പരാതിയിൽ പറഞ്ഞു. ഇതിലൂടെ കടുത്ത സത്യപ്രതിജ്ഞാ ലംഘനമാണ് മുഖ്യമന്ത്രി നടത്തിയത്. പ്രസംഗം കേട്ട യൂത്തു കോൺഗ്രസുകാർ കണ്ണൂർ ജില്ലയിൽ പലയിടത്തും ഡിവൈഎഫ്‌ഐ പ്രവർത്തകരെ ഭീഷണിപ്പെടുത്തി പ്രകോപനം സൃഷ്ടിക്കുകയാണ്. മുഖ്യമന്ത്രിയുടെ പ്രസംഗം കേട്ട ആവേശത്തിലാണ് അവർ ഭീഷണി മുഴക്കുന്നത്. പ്രസംഗം നവമധ്യമങ്ങളിലൂടെയും പ്രചരിപ്പിച്ച് വിദ്വേഷം വളർത്തുകയാണ്. കൃത്യമായ ആസൂത്രണത്തോടെ സമൂഹത്തിൽ അശാന്തി വളർത്താനുള്ള ഉദ്ദേശത്തോടുകൂടി തെറ്റായതും കുറ്റകരമായതുമായ പ്രസംഗം നടത്തിയ മുഖ്യമന്ത്രി വി ഡി സതീശനെതിരെ നിയമ നടപടിയെടുക്കണമെന്ന് ഡിവൈഎഫ്‌ഐ ജില്ലാസെക്രട്ടറി മുഹമ്മദ് അഫ്‌സൽ നൽകിയ പരാതിയിൽ ആവശ്യപ്പെട്ടു. പ്രസംഗത്തിന്റെ ദൃശ്യവും പരാതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.








0 comments