print edition മണ്ണുകടത്തും മാഫിയപ്രവർത്തനവും ബിജെപി–ആർഎസ്എസ് തണലിൽ

തിരുവനന്തപുരം
ജില്ലയിൽ ബിജെപിയുടെയും ആർഎസ്എസിന്റെയും നേതൃത്വത്തിൽ മണ്ണുകടത്തും മാഫിയപ്രവർത്തനവും. കൊള്ളപ്പലിശയ്ക്ക് പണം നൽകുകയും ബിനാമി പേരിൽ ഭൂമി വാങ്ങിക്കൂട്ടുകയും ചെയ്യുന്ന ചില ബിജെപി നേതാക്കളുമുണ്ട്. ജില്ലയിലെ ഒരു പ്രധാന ബിജെപി നേതാവ് തട്ടിപ്പുസംഘത്തിന്റെ മുഖ്യകണ്ണിയാണ്. ആരെങ്കിലും എതിർത്താലോ ഒറ്റിക്കൊടുത്താലോ വകവരുത്താൻ പ്രത്യേക ക്രിമിനൽസംഘങ്ങളുമുണ്ട്. അടുത്തിടെയായി ജില്ലയിൽ പലയിടത്തും ആർഎസ്എസിന്റെ നേതൃത്വത്തിൽ മാഫിയസംഘം പ്രവർത്തിക്കുന്നുണ്ട്. മണ്ണുകടത്തും ലഹരിക്കടത്തും സാമ്പത്തികത്തട്ടിപ്പുകളുമാണ് സംഘത്തിന്റെ പ്രധാന വരുമാനം.
ആർഎസ്എസ് നേതാവ് ആനന്ദ് കെ തമ്പിയുടെ ആത്മഹത്യാക്കുറിപ്പിലും തിരുമല കേന്ദ്രീകരിച്ചുള്ള മണ്ണുമാഫിയ സംഘത്തെക്കുറിച്ച് വ്യക്തമായി പറയുന്നുണ്ട്. തൃക്കണ്ണാപുരം വാർഡിലെ ബിജെപി ഏരിയ പ്രസിഡന്റ് ഉദയകുമാർ (ആലപ്പുറം കുട്ടൻ), നിയോജകമണ്ഡലം കമ്മിറ്റി മെമ്പർ കൃഷ്ണകുമാർ, ആർഎസ്എസിന്റെ നഗർ കാര്യവാഹ് രാജേഷ് എന്നിവരാണ് പ്രദേശത്തെ പ്രധാന മണ്ണുകടത്തുകാർ. ഈ പ്രദേശങ്ങളിൽ ആർഎസ്എസ് നേതാക്കളുടെ നേതൃത്വത്തിൽ ആയുധപരിശീലനം ഉൾപ്പെടെ നടക്കുന്നുണ്ട്. ഇവരുടെ സംഘത്തിലെത്തുന്ന പ്രവർത്തകർ പിന്നീട് മയക്കുമരുന്നുകടത്തിലോ ക്രിമിനൽസംഘങ്ങളിലോ ഉൾപ്പെടുന്നതാണ് പതിവ്. ബിജെപി കേന്ദ്രനേതൃത്വം ചില പ്രാദേശിക നേതാക്കൾവഴി മാഫിയസംഘങ്ങളെ വളർത്താൻ പണം നൽകാറുണ്ടെന്നാണ് വിവരം.
ആർഎസ്എസ് പ്രവർത്തകരുടെ ആത്മഹത്യകളും ദുരൂഹമരണങ്ങളും പുതിയ സംഭവമല്ല. 2022 ജനുവരിയിൽ ആർഎസ്എസ് പ്രവർത്തകൻ വലിയവിള കുണ്ടമൺകടവ് സ്വദേശി പ്രകാശ് (24) മരിച്ചത് ദുരൂഹസാഹചര്യത്തിലാണ്. ഇതിനുപിന്നിൽ ആർഎസ്‌എസാണെന്ന് സഹോദരൻ പ്രശാന്ത് കേസന്വേഷിച്ച അന്വേഷകസംഘത്തോട് പറഞ്ഞിരുന്നു. പ്രകാശിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് അന്ന് നാല് ആർഎസ്‌എസ് പ്രവർത്തകർ അറസ്റ്റിലായിരുന്നു.
സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിന് തീയിട്ടത് കുണ്ടമൺഭാഗം ശാഖയിലെ മുഖ്യശിക്ഷക് ആയിരുന്ന പ്രകാശിന്റെ നേതൃത്വത്തിലായിരുന്നു. എന്നാൽ, പ്രകാശ് ഈ വിവരം പുറത്തുപറയുമെന്ന് ഭയന്ന് അന്വേഷണം നടക്കവേ ആർഎസ്എസുകാർ ഇയാളെ ക്രൂരമായി മർദിച്ചു. പിന്നീട് വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. മരണസമയത്ത് പ്രകാശിന്റെ മുഖത്തും കഴുത്തിലും മുറിവേറ്റതിന്റെ പാടുണ്ടായിരുന്നു.









0 comments