തിരുവനന്തപുരം നഗരസഭയിൽ എൽഡിഎഫ് അംഗങ്ങൾക്ക് നേരെ ബിജെപി കയ്യേറ്റം

PHOTO: Video grabbed image
തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിൽ ഡെപ്യൂട്ടി മേയർ പി കെ രാജു ഉൾപ്പെടെയുള്ള എൽഡിഎഫ് അംഗങ്ങൾക്ക് നേരെ ബിജെപി കയ്യേറ്റം. വിവിധ അഴിമതി ഉൾപ്പെടെ വിവിധ ആരോപണങ്ങൾ നേരിടുന്ന പാപ്പനംകോട്, തിരുമല, പുന്നയ്ക്കാമുകള്‍ എന്നീ വാർഡുകളിലെ ബിജെപി കൗൺസിലർമാർ രാജി വയ്‌ക്കണമെന്നാവശ്യപ്പെട്ട് നഗരസഭയിലെ എൽഡിഎഫ് അംഗങ്ങൾ പ്രതിഷേധിച്ചിരുന്നു. ഇതേ തുടർന്ന് ബിജെപി അംഗങ്ങൾ മേയർ ആര്യാ രാജേന്ദ്രനെ ഉപരോധിക്കുകയും എൽഡിഎഫ് അംഗങ്ങളെ കയ്യേറുകയുമായിരുന്നു.
മണക്കാട് കൗൺസിലറും ബിജെപി നേതാവുമായ കെ കെ സുരേഷാണ് ഡെപ്യൂട്ടി മേയർ പി കെ രാജുവിനെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചത്. നഗരസഭയിലെ മൈക്ക് ഓപ്പറേറ്ററെ ആക്രമിക്കാനും ബിജെപി അംഗങ്ങളുടെ ഭാഗത്ത് നിന്ന് ശ്രമമുണ്ടായി.
പുന്നയ്ക്കാമുകള്‍ വാര്‍ഡിലെ ഹരിതര്‍മ്മ സേന കണ്‍സോര്‍ഷ്യം പ്രസിഡന്റിന്റെ നേതൃത്വത്തില്‍ നടന്ന മൂന്ന് ലക്ഷം രൂപയുടെ തിരിമറി ഒതുക്കി തീര്‍ക്കാന്‍ ശ്രമിച്ചുവെന്നാണ് സ്ഥലത്തെ ബിജെപി കൗൺസിലറായ പി വി മഞ്ജുവിനെതിരെയുള്ള ആരോപണം. വിഷയം കോര്‍പ്പറേഷനെ അറിയിക്കാതെയായിരുന്നു കൗണ്‍സിലറിന്റെ ശ്രമം. സംഭവം പുറത്തറിഞ്ഞതിനെ തുടർന്ന് ജെഎച്ച്ഇയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മേയര്‍ ആര്യ രാജേന്ദ്രന്‍ തുടരന്വേഷണത്തിന് ആരോഗ്യ സെക്രട്ടറിയെ ചുമതലപ്പെടുത്തിയിരുന്നു. കൂടാതെ ഹരിതകര്‍മ്മ സേനാംഗങ്ങളുമായി ശനിയാഴ്ച കോര്‍പ്പറേഷന്‍ ഓഫീസില്‍ ചര്‍ച്ചയും നടത്തി. സംഭവം വിവാദമായതോടെ തടിയൂരാനായി കൗണ്‍സിലര്‍ പി വി മഞ്ജു തിങ്കളാഴ്ച സെക്രട്ടറിക്ക് പരാതി നല്‍കുകയും ചെയ്തു.
വാര്‍ഡിലെ 13 പേരടങ്ങുന്ന ഹരിതകർമ്മ സേനയുടെ ശമ്പളം മുടങ്ങിയതോടെയാണ് സംഭവം പുറത്തുവന്നത്. യൂസർഫീയടക്കം കണ്‍സോര്‍ഷ്യം പ്രസിഡന്റിന്റെയും സെക്രട്ടറിയുടെയും പേരിലുള്ള അക്കൗണ്ടില്‍ നിക്ഷേപിച്ച് ഇതില്‍ നിന്നാണ് മാസശമ്പളം നല്കുന്നത്. കുറച്ചുമാസങ്ങളായി ക്രയവിക്രയ കണക്കുകൾ കൃത്യമായി രേഖപ്പെടുത്താറില്ല. ഇതിനാല്‍ മാസം പകുതിയാകുമ്പോഴാണ് ശമ്പളം നല്കിയിരുന്നത്. ജൂണിലെ ശമ്പളം കൂടുതല്‍ വൈകിയതോടെ ഹരിതകര്‍മ്മ സേനാംഗങ്ങള്‍ ജെഎച്ച്ഐയെ സമീപിച്ചു. തുടര്‍ന്നുള്ള പരിശോധനയിലാണ് മൂന്ന് ലക്ഷം രൂപയുടെ ക്രമക്കേട് കണ്ടെത്തിയത്. ജെഎച്ച്ഐ അറിയിച്ച പ്രകാരം കൺസോർഷ്യം പ്രസിഡന്റ്, സെക്രട്ടറി എന്നിവരെ ചുമതലയിൽ നിന്ന് അന്വേഷണത്തിന്റെ ഭാഗമായി മാറ്റി നിർത്താന്‍ മേയര്‍ നിര്‍ദേശിച്ചു. ബിജെപി കൗണ്‍സിലറുടെ സാമ്പത്തിക ഇടപ്പാടുകളുമായി ബന്ധപ്പെട്ട് കോര്‍പ്പറേഷനില്‍ നിരവധി പരാതികളും ലഭിച്ചിട്ടുണ്ട്.
ബിജെപി അനുകൂല തൊഴിലാളി സംഘടനയായ ബിഎംഎസില്‍ ചേര്‍ന്നില്ലായെന്ന കാരണത്തില്‍ ഹരിതകര്‍മ്മസേന അംഗങ്ങളെ തിരുമല വാര്‍ഡ് കൗണ്‍സിലര്‍ കെ അനില്‍കുമാർ ഭീഷണിപ്പെടത്തിയിരുന്നു. അനിൽ കുമാർ ഹരിതകര്‍മ്മ സേനാംഗങ്ങളെ ഓഫീസില്‍ വിളിച്ചുവരുത്തി അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയുമായിരുന്നു. കൗണ്‍സിലര്‍ക്കൊപ്പം ബിജെപി പ്രവര്‍ത്തകരും ചേര്‍ന്നാണ് ഇവരെ ഭീഷണിപ്പെടുത്തിയത്. കോര്‍പ്പറേഷനുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ഇനി കൗണ്‍സിലര്‍ മുഖാന്തരം അറിയിക്കില്ലെന്നും പറഞ്ഞു. തദ്ദേശതെരഞ്ഞെടുപ്പ് വരെയുള്ള നാലുമാസം കാലം യാതൊരുവിധ സഹായവും പിന്തുണയും ഉണ്ടാവില്ലെന്നും കൗണ്‍സിലര്‍ ഇവരോട് പറഞ്ഞിട്ടുണ്ട്. കൗണ്‍സിലര്‍ ഭീഷണിപ്പെടുത്തിയതിന് എതിരെ പ്രവര്‍ത്തകര്‍ കോര്‍പ്പറേഷന്‍ സെക്രട്ടറിക്ക് രേഖാമൂലം പരാതിനല്‍കുകയും ചെയ്തു.
കോര്‍പ്പറേഷനില്‍ നിന്നുള്ള ആനുകൂല്യങ്ങള്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കി നല്കാന്‍ വാര്‍ഡിൽ അപേക്ഷ ഫോമുകള്‍ ഇടനിലക്കാരാണ് വിതരണം ചെയ്യുന്നത് എന്നാണ് ബിജെപിയുടെ പാപ്പനംകോട് കൗണ്‍സിലര്‍ ആശാ നാഥിനെതിരെയുള്ള പരാതി. ഇവര്‍ക്ക് താത്പര്യമുള്ളവര്‍ക്ക് മാത്രമാണ് ആനുകൂല്യങ്ങള്‍ നല്കുന്നതെന്നും പരാതിയുണ്ട്.
കോര്‍പ്പറേഷനില്‍ നിന്ന് സൗജന്യമായി ലഭിക്കുന്ന അപേക്ഷ ഫോമിന് വരെ ഇടനിലക്കാര്‍ പണം ഈടാക്കാറുമുണ്ട്. ഇതിനുപുറമെ ആനുകൂല്യം വാങ്ങിനല്കാമെന്ന് വാഗ്ദാനം ചെയ്ത് പണവും പാരിതോഷികവും വാങ്ങുന്നുണ്ട്. ഇത്തരത്തില്‍ ബിജെപിയുടെ ഇടനിലക്കാരുണ്ട് എന്നത് കൗണ്‍സിലര്‍ ആശാ നാഥ് തന്നെയാണ് സമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചത്. ഇവര്‍ക്കെതിരെ ആശാനാഥ് ബിജെപി നേതൃത്വത്തിന് പരാതി നല്കിയതോടെ വിഷയം പാര്‍ടിയും കീറാമുട്ടിയായി. പാര്‍ടിതലത്തില്‍ നടപടിയുണ്ടായില്ലെങ്കില്‍ പൊലീസില്‍ പരാതി നല്കുമെന്ന് ആശാനാഥ് നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.









0 comments