പക്ഷിയിടിച്ചു; എയർ ഇന്ത്യ വിമാനം തിരിച്ചിറക്കി

മട്ടന്നൂർ: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് പറന്നുയരുന്നതിനിടെ പക്ഷിയിടിച്ചതിനെത്തുടർന്ന് കണ്ണൂർ–അബുദാബി എയർ ഇന്ത്യ എക്സ്പ്രസ് വിമാനം അടിയന്തരമായി തിരിച്ചിറക്കി. ഞായർ രാവിലെ 6.30നായിരുന്നു സംഭവം. പഷാർജയിൽനിന്ന് എത്തിയ എയർ ഇന്ത്യയുടെ മറ്റൊരു വിമാനത്തിൽ യാത്രക്കാർ പകൽ മൂന്നരയോടെ അബുദാബിയിലേക്ക് തിരിച്ചു.
പക്ഷിയിടിച്ച വിമാനം വിമാനത്താവളത്തിലെ ബേയിലേക്ക് മാറ്റി സാങ്കേതിക പരിശോധന നടത്തി. കേടുപാടൊന്നും സംഭവിച്ചിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. 180 യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. 24 മണിക്കൂറിനുശേഷമേ ഈ വിമാനം സർവീസ് നടത്തുകയുള്ളൂ. ഇവിടെ നേരത്തേയും പക്ഷികൾ വിമാനങ്ങൾക്ക് പ്രശ്നം സൃഷ്ടിക്കാറുണ്ടായിരുന്നു. പടക്കം പൊട്ടിച്ചും മറ്റുമാണ് പക്ഷികളെ ഓടിച്ചിരുന്നത്. മറ്റു വിമാനത്താവളങ്ങളെ അപേക്ഷിച്ച് കണ്ണൂരിൽ പക്ഷിശല്യം കുറവാണെന്നും അധികൃതർ പറഞ്ഞു.









0 comments