ഭൂട്ടാൻ വാഹന തട്ടിപ്പ് ; കുണ്ടന്നൂരിൽനിന്ന് പിടിച്ചെടുത്ത കാർ മൂവാറ്റുപുഴ സ്വദേശിയുടേത്

കൊച്ചി
കസ്‌റ്റംസിന്റെ ഓപ്പറേഷൻ നുംഖോർ പരിശോധനയിൽ ബുധനാഴ്‌ച കുണ്ടന്നൂരിലെ വർക്‌ഷോപ്പിൽനിന്ന് പിടിച്ചെടുത്ത ലാൻഡ് ക്രൂയിസർ കാർ മൂവാറ്റുപുഴ സ്വദേശി മാഹിൻ അൻസാരിയുടേതാണെന്ന് കണ്ടെത്തി. അസം സ്വദേശി മാഹിൻ അൻസാരി എന്നായിരുന്നു ആർസി ബുക്കിലെ വിലാസം. ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് മാഹിൻ അൻസാരിക്ക് കസ്റ്റംസ് നോട്ടീസ് നൽകി.
രണ്ടാഴ്ചമുമ്പാണ് ലാൻഡ് ക്രൂയിസർ നിറം മാറ്റം വരുത്താൻ കുണ്ടന്നൂരിലെ വർക്‌ഷോപ്പിൽ എത്തിച്ചത്. വ്യാജവിലാസം നൽകി വാഹനം ഇറക്കുമതി ചെയ്തുവെന്നാണ് സംശയം. അരുണാചൽ രജിസ്‌ട്രേഷനിലുള്ള വാഹനമാണിത്. എൻജിൻ നമ്പർ പരിശോധനയിലാണ് ഉടമയെ തിരിച്ചറിഞ്ഞത്.
ഭൂട്ടാൻ വാഹനക്കടത്ത് കേസുമായി ബന്ധപ്പെട്ട് നടൻ അമിത് ചക്കാലക്കലിനെ കസ്റ്റംസ് വീണ്ടും ചോദ്യം ചെയ്യും. ഇതിനായി നോട്ടീസ് നൽകും. കോയമ്പത്തൂർ കേന്ദ്രീകരിച്ചുള്ള വാഹനക്കടത്ത് സംഘവുമായി താരത്തിന് ബന്ധമുണ്ടോ എന്നും കസ്റ്റംസ് അന്വേഷിക്കുന്നുണ്ട്.
കേരളത്തിൽ നൂറ്റന്പതോളം വാഹനങ്ങൾ എത്തിയിട്ടുണ്ടെന്നാണ് കസ്‌റ്റംസ് പറയുന്നത്. ഇതുവരെ പിടിച്ചെടുത്തത് 38 എണ്ണമാണ്. നടൻ ദുൽഖർ സൽമാൻ അടക്കമുള്ളവര്‍ക്ക് നോട്ടീസ് നൽകുന്നതിൽ തീരുമാനമായില്ല. ദുൽഖറിന്റേതെന്ന് കരുതുന്ന രണ്ട് കാറുകൾക്കായി തിരച്ചിൽ തുടരുകയാണ്.
കടത്തിക്കൊണ്ടുവരുന്ന വാഹനം ഇന്ത്യയിൽ 30 ശതമാനം വില കൂട്ടിയാണ് വിൽക്കുന്നത്. അപ്പോഴും, വാങ്ങുന്നവർക്ക് വാഹനവിലയിലും ഇറക്കുമതിത്തീരുവയിലും ലക്ഷങ്ങളുടെ ലാഭമുണ്ട്. ലാൻഡ് ക്രൂയിസർ, ലാൻഡ് റോവർ, നിസാൻ പട്രോൾ, ഡിഫൻഡർ, ടൊയോട്ട പ്രാഡോ തുടങ്ങി എട്ടുതരം എസ്‍യുവികളാണ് കേരളത്തിലെത്തിച്ചത്. പരിശോധന കടുപ്പിച്ചതോടെ വാഹനങ്ങൾ കേരളത്തിന് പുറത്തേക്ക് കടത്താൻ ശ്രമമുണ്ട്. ഇത് തടയാൻ സംസ്ഥാനത്തെ ചെക്ക് പോസ്റ്റുകളിൽ കസ്റ്റംസ് ജാഗ്രതാനിർദേശം നൽകി. വാഹനങ്ങളുടെ നമ്പറടക്കം കൈമാറി. വാഹനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ തടഞ്ഞുവച്ച് കസ്‌റ്റംസ് ഉദ്യോഗസ്ഥരെ അറിയിക്കാനാണ് നിർദേശം.
വാഹനക്കടത്തും കള്ളപ്പണ ഇടപാടുകളും സംബന്ധിച്ച് ഇഡിയും എൻഐഎയും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കള്ളപ്പണം വെളുപ്പിക്കലിൽ ഉടൻ കേസ് രജിസ്‌റ്റർ ചെയ്യാനാണ് ഇഡിയുടെ തീരുമാനം.









0 comments