രാജസ്ഥാൻ–ഗുജറാത്ത്–ഹൈദരാബാദ് ടൂറിസ്റ്റ് ട്രെയിൻ നവംബർ 25-ന് പുറപ്പെടും

കൊച്ചി
ഇന്ത്യൻ റെയിൽവേയുടെ ഭാരത് ഗൗരവ് ട്രെയിനിന് കീഴിലുള്ള സൗത്ത് സ്റ്റാർ റെയിൽ രാജ്യത്തെ സ്വകാര്യ മേഖലയിലെ ആദ്യ സേവനദാതാവായ ടൂർ ടൈംസുമായി സഹകരിച്ച് നടത്തുന്ന രാജസ്ഥാൻ–ഗുജറാത്ത്–ഹൈദരാബാദ് എന്നിവിടങ്ങളിലേക്കുള്ള ഈ വർഷത്തെ ടൂറിസ്റ്റ് ട്രെയിനിന്റെ യാത്ര പ്രഖ്യാപിച്ചു. എല്ലാ പാക്കേജുകളും ഉൾക്കൊള്ളുന്ന 13 ദിവസത്തെ യാത്ര നവംബർ 25ന് ആരംഭിക്കുമെന്ന് ഇന്ത്യൻ റെയിൽവേ പ്രതിനിധി വിഘ്‌നേശ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.
രാജസ്ഥാനിലെ ജോദപുർ, ജയ്സാൽമീർ, ജയ്പുർ, അജ്മീർ, ഉദയപുർ, ഗുജറാത്തിലെ ഏകത പ്രതിമ, ഹൈദരാബാദ് എന്നിവിടങ്ങൾ സന്ദർശിക്കും. റെയിൽവേ മന്ത്രാലയം യാത്രയ്‌ക്ക് 33 ശതമാനം സബ്സിഡിയും അധ്യാപകർ, പത്രപ്രവർത്തകർ, മുൻ സൈനികർ, സൈനിക സേവനത്തിലുള്ളവരുടെ കുടുംബങ്ങൾ എന്നിവർക്ക് പ്രത്യേക ഇളവുകളും നൽകും. 13 ദിവസത്തെ യാത്ര തിരുവനന്തപുരത്തുനിന്ന് തുടങ്ങും. കൊല്ലം ആലപ്പുഴ, കായംകുളം, എറണാകുളം, തൃശൂർ, ഒറ്റപ്പാലം, പാലക്കാട് എന്നിവിടങ്ങളിൽ ട്രെയിന് സ്റ്റോപ്പുണ്ട്. യാത്രക്കാർക്ക് തൊട്ടടുത്ത സ്റ്റേഷനിലേക്ക് പിക്കപ് സൗകര്യം നൽകും.
പ്രത്യേക ട്രെയിനിൽ 1x1എസി, 3x2 എസി, 5x3 എസി, 2x2 സ്ലീപ്പർ, പാൻട്രി കാർ കോച്ചുകളാണുള്ളത്. 650 യാത്രക്കാരെ ഉൾക്കൊള്ളാനാകും. ഹോട്ടൽ താമസസൗകര്യം, യാത്രാ ഇൻഷുറൻസ് എന്നിവയും പാക്കേജിൽ ഉൾപ്പെടും. സ്ലീപ്പർ ക്ലാസിന് 34,950 രൂപ. തേർഡ് എസിക്ക് 44,750 രൂപ, സെക്കൻഡ് എസിക്ക് 51,950 രൂപ, ഫസ്റ്റ് എസി. 64,950 രൂപ എന്നിങ്ങനെയാണ് നിരക്ക്. ഐആർടിസി വെബ്‌സൈറ്റിൽ ബുക്കിങ് ലഭ്യമല്ല. ബുക്ക് ചെയ്യാനായി 730585 8585, www.tourtimes.in.









0 comments