മുണ്ടക്കൈ–ചൂരൽമല ദുരന്തബാധിതരായ എട്ടുപേർ ചേർന്ന് ആരംഭിച്ച കുടനിർമാണ യൂണിറ്റായ -‘ബെയ്‌ലി’ പ്രത്യാശയുടെ തണൽ വിരിക്കുകയാണ്
നിവരുന്നു പ്രതീക്ഷ ; പ്രത്യാശയുടെ തണൽ വിരിച്ച് ‘ബെയ്‌ലി’

കൽപ്പറ്റ
സങ്കടങ്ങളുടെ തോരാമഴയത്തു നിന്നവർക്ക് ജില്ലാഭരണ സംവിധാനവും കുടുംബശ്രീ മിഷനും കുടചൂടി. ഉറ്റവരും ജീവനോപാധികളും ഉരുളെടുത്തുപോയ ഒരുകൂട്ടം വനിതകൾ അതിജീവനക്കുട നിവർത്തുകയാണ്. മുണ്ടക്കൈ–ചൂരൽമല ദുരന്തബാധിതരായ എട്ടുപേർ ചേർന്ന് ആരംഭിച്ച കുടനിർമാണ യൂണിറ്റായ -‘ബെയ്‌ലി’ പ്രത്യാശയുടെ തണൽ വിരിക്കുകയാണ്.
ദുരന്ത രക്ഷാപ്രവർത്തനത്തിന് സൈന്യം നിർമിച്ച പാലത്തിന്റെ പേരാണ് സംരംഭത്തോട് ചേർത്തുവച്ചത്. ജീവനോപാധി നഷ്‌ടമായവരോട് കുടനിർമാണമെന്ന ആശയം കുടുംബശ്രീ ജില്ലാ മിഷൻ മുന്നോട്ടുവച്ചു. ജില്ലാ ഭരണസംവിധാനം ഒപ്പംനിന്നു. കുടുംബശ്രീയുടെ നേതൃത്വത്തിൽ മേപ്പാടിയിൽ മൂന്നുദിവസത്തെ പരിശീലനം നൽകി. 390 കുടനിർമിക്കാനുള്ള അസംസ്‌കൃത വസ്‌തുക്കൾ കലക്ടറുടെ ഇടപെടലിൽ സ്‌പോൺസർഷിപ്പായി ലഭിച്ചു. കഴിഞ്ഞ മേയിൽ മേപ്പാടിയിൽ വാടകമുറിയിൽ സംരംഭത്തിന് തുടക്കമിട്ടു. കലക്ടറേറ്റിൽ വിപണിയൊരുക്കി. ഇതിനകം അഞ്ഞൂറിലധികം കുട വിറ്റു. ഇപ്പോൾ ദിവസം 25 കുടകൾവരെ നിർമിക്കുന്നു. പട്ടികവർഗ വകുപ്പിനുകീഴിലുള്ള പ്രീമെട്രിക് ഹോസ്റ്റലുകളിലേക്ക് ഓർഡർ ലഭിച്ചു. സർക്കാരും കുടുംബശ്രീയും ജീവിതം വഴിമുട്ടിനിന്നവരെ സഹായിച്ചെന്ന് യൂണിറ്റ് സെക്രട്ടറി പി കെ സജ്‌ന പറഞ്ഞു. റീന സന്ദീപ് പ്രസിഡന്റും ശോഭ ട്രഷററുമാണ്.
റിപ്പണിൽ കുടുംബശ്രീയുടെ നേതൃത്വത്തിൽ അതിജീവിതരുടെ ബെയ്‌ലി ബാഗ് നിർമാണ യൂണിറ്റും പ്രവർത്തിക്കുന്നു. 26 പേർ ചേർന്നുള്ള ലൈഫ് ലൈൻ അപ്പാരൽ പാർക്കാണ്. ബെയ്‌ലി ബ്രാൻഡിൽ ഇവരുടെ ബാഗുകൾ വിപണി പിടിക്കുകയാണ്. ഉരുൾപൊട്ടലിൽ ജില്ലയുടെ വിവിധഭാഗങ്ങളിലേക്ക് ചിതറിപ്പോയവർ ഒരുമിച്ചാണ് സംരംഭത്തിന് തുടക്കമിട്ടത്.









0 comments