print edition അറബിക്കടലിലൂടെ ആയുധക്കടത്ത്: 3 ശ്രീലങ്കക്കാരുടെ ജാമ്യഹർജി തള്ളി

കൊച്ചി
അറബിക്കടൽവഴി ആയുധവും ലഹരിമരുന്നും കടത്തുന്നതിനിടെ പിടിയിലായ മൂന്ന് ശ്രീലങ്കൻ പൗരന്മാരുടെ ജാമ്യപേക്ഷ ഹെെക്കോടതി തള്ളി. കൊച്ചി എൻഐഎ പ്രത്യേക കോടതിവിധിക്കെതിരെ പ്രതികളായ സുരേഷ്‌രാജ്, എൽ വൈ നന്ദന, ജനക ദാസപ്രിയ എന്നിവർ സമർപ്പിച്ച അപ്പീലിലാണ് ജസ്റ്റിസ് എസ് എ ധർമാധികാരി, പി വി ബാലകൃഷ്ണൻ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്.
2021 മാർച്ചിൽ നാർകോട്ടിക്‌സ് കൺട്രോൾ ബ്യൂറോ ‘രവിഹൻസി’ എന്ന ശ്രീലങ്കൻ മീൻപിടിത്ത ബോട്ട് കസ്‌റ്റഡിയിൽ എടുക്കുമ്പോൾ അഞ്ച് പാക്‌നിർമിത മെഷീൻ ഗണ്ണുകളും 1000 റൗണ്ട് വെടിയുണ്ടകളും 300 കിലോ മയക്കുമരുന്നും ഉണ്ടായിരുന്നു. നന്ദന, ജനക ദാസപ്രിയ എന്നിവരെ ബോട്ടിൽനിന്ന് പിടിച്ചു. ഗൂഢാലോചനയിൽ പങ്കാളിയായ സുരേഷ് രാജിനെ പിന്നീട് ചെന്നൈയിൽനിന്നാണ് അറസ്‌റ്റ് ചെയ്‌തത്. കേസ് പിന്നീട് എൻഐഎ ഏറ്റെടുത്തു.
പിടിയിലായവർക്ക് എൽടിടിഇയുമായും പാകിസ്ഥാൻ കേന്ദ്രമായുള്ള ഹാജി സലിം അധോലോക സംഘമായും ബന്ധമുണ്ടെന്ന് ജാമ്യഹർജിയെ എതിർത്ത് എൻഐഎ വാദിച്ചു. ജാമ്യം നിരസിച്ച വിചാരണക്കോടതിയുടെ ഉത്തരവിൽ ഇടപെടാൻ കാരണമില്ലെന്ന് വ്യക്തമാക്കിയാണ് ഡിവിഷൻ ബെഞ്ച് അപ്പീൽ തള്ളിയത്. പ്രതികൾക്കു വേണ്ടി സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷക മേനക ഗുരുസ്വാമി ഹാജരായി.








0 comments