കേരള ആയുഷ് കായകൽപ് അവാർഡ്: മന്ത്രി വീണാ ജോർജ് ഉദ്ഘാടനം നിർവഹിക്കും

തിരുവനന്തപുരം: കേരളത്തിലെ സർക്കാർ ആയുഷ് സ്ഥാപനങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കി ആരോഗ്യ രംഗത്ത് പുത്തൻ മാതൃക സൃഷ്ടിക്കുന്നതിനായി രൂപീകരിച്ച പ്രഥമ കേരള ആയുഷ് കായകൽപ് അവാർഡ് വിതരണത്തിന്റെ ഉദ്ഘാടനം ആഗസ്ത് 29ന് രാവിലെ 10.30 മണിക്ക് തിരുവനന്തപുരം ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിൽ വച്ച് ആരോഗ്യ മന്ത്രി വീണാ ജോർജ് നിർവഹിക്കും. മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെച്ച 132 ആയുഷ് സ്ഥാപനങ്ങൾക്ക് അവാർഡ് നൽകും. ആകെ ഒരു കോടി രൂപയുടെ പുരസ്‌കാരങ്ങളാണ് വിതരണം ചെയ്യുന്നത്.
സർക്കാർ ആയുഷ് ആരോഗ്യ സ്ഥാപനങ്ങളിലെ ശുചിത്വം, മാലിന്യ പരിപാലനം, അണുബാധാ നിയന്ത്രണം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടി സർക്കാർ ആവിഷ്‌ക്കരിച്ച അവാർഡാണ് കേരള ആയുഷ് കായകൽപ്. ഭാരതീയ ചികിത്സാ വകുപ്പ്, ഹോമിയോപ്പതി എന്നീ വകുപ്പുകളിൽ ജില്ലാ ആശുപത്രി, സബ് ജില്ലാ ആശുപത്രി, ആയുഷ് ആരോഗ്യ സ്വാസ്ഥ്യ കേന്ദ്രങ്ങൾ വിഭാഗങ്ങളിലാണ് അവാർഡ്. ജില്ലാ ആശുപത്രി വിഭാഗത്തിൽ ഒന്നാം സ്ഥാനത്തിന് 10 ലക്ഷം രൂപയും രണ്ടാം സ്ഥാനത്തിന് അഞ്ച് ലക്ഷം രൂപയുമാണ് അവാർഡ്. ഒന്നര ലക്ഷം രൂപ വീതമാണ് കമൻഡേഷൻ അവാർഡ്. സബ് ജില്ലാ ആശുപത്രി തലത്തിൽ ഒന്നാം സ്ഥാനം അഞ്ചു ലക്ഷം രൂപയും രണ്ടാം സ്ഥാനം മൂന്നു ലക്ഷം രൂപയുമാണ്. ഒരു ലക്ഷം രൂപ വീതമാണ് കമൻഡേഷൻ അവാർഡ്. ആയുഷ് ആരോഗ്യ സ്വാസ്ഥ്യ കേന്ദ്രങ്ങൾക്ക് ജില്ലാതലത്തിൽ ഒന്നാം സമ്മാനം ഒരു ലക്ഷം രൂപയും കമൻഡേഷനായി 30,000 രൂപ വീതവും നൽകുന്നു.
കേരളത്തിലെ ആയുർവേദ, ഹോമിയോപ്പതി ജില്ലാ ആശുപത്രികൾ, സബ് ജില്ലാ ആയുഷ് ആശുപത്രികൾ, ആയുഷ് ആരോഗ്യ സ്വാസ്ഥ്യ കേന്ദ്രങ്ങൾ (എഎച്ച്ഡബ്ല്യൂസി) എന്നിവയിൽ നിന്ന് പല ഘട്ടങ്ങളിലായി തിരഞ്ഞെടുക്കപ്പെട്ട മികച്ച ആരോഗ്യ സ്ഥാപനങ്ങൾക്കാണ് ആയുഷ് കായകൽപ് അവാർഡ് നൽകുന്നത്. കേരള സർക്കാരിന്റെ ഇടപെടലുകൾ സംസ്ഥാനത്തെ ആയുഷ് മേഖലയെ ശാക്തീകരിച്ച് രാജ്യത്തിന് മാതൃകയായി മാറുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്.









0 comments