കുട്ടികളിലെ സാംക്രമികേതര രോഗങ്ങളെക്കുറിച്ചുള്ള അവബോധം അനിവാര്യം: ബാലാവകാശ കമീഷൻ ചെയർപേഴ്സൺ

തിരുവനന്തപുരം: കുട്ടികളിലെ ജീവിതശൈലീ രോഗങ്ങളുൾപ്പെടെയുള്ള സാംക്രമികേതര രോഗങ്ങളെക്കുറിച്ച് സാമൂഹിക അവബോധം വർദ്ധിപ്പിക്കേണ്ടത് അനിവാര്യമാണെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമീഷൻ ചെയർപേഴ്സൺ കെ.വി. മനോജ് കുമാർ പറഞ്ഞു. സാംക്രമേതര രോഗങ്ങളുടെ വർധിച്ചുവരുന്ന ഭീഷണിയും കുട്ടികളുടെ ആരോഗ്യ അവകാശ സംരക്ഷണത്തിൽ ആവശ്യമായ നിക്ഷേപങ്ങളും എന്ന വിഷയത്തിൽ യൂനിസെഫുമായി സഹകരിച്ച് സംഘടിപ്പിച്ച സംസ്ഥാനതല കൂടിയാലോചന യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഭരണഘടനയിലെ ആർട്ടിക്കിൾ 21 പ്രകാരം ജീവിക്കാനുള്ള അവകാശം ഓരോ പൗരനും ഉറപ്പുനൽകുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പാർപ്പിടം, ഭക്ഷണം, ശുദ്ധമായ കുടിവെള്ളം എന്നിവയുൾപ്പെടെ അതിജീവനത്തിനുള്ള എല്ലാ ഘടകങ്ങളും കുട്ടികൾ ഉൾപ്പെടെയുള്ള പൗരന്മാരുടെ അവകാശമാണ്. ആരോഗ്യകരമായ ഒരു സമൂഹത്തിന് കുട്ടികളുടെ ശാരീരികവും മാനസികവുമായ ആരോഗ്യം നിർണായകമാണ്. കേരളത്തിൽ ഇതിനായി മിഠായി, ഹൃദ്യം തുടങ്ങിയ നിരവധി പദ്ധതികൾ നടപ്പാക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പകർച്ചവ്യാധികൾ അല്ലാത്ത ജീവിതശൈലീ രോഗങ്ങളും ജനിതക വൈകല്യങ്ങളും ഇന്ന് ജനങ്ങൾക്ക് വലിയ വെല്ലുവിളിയാണ്. അത്തരം രോഗങ്ങളുള്ള കുട്ടികൾക്ക് പ്രത്യേക പിന്തുണ സംവിധാനങ്ങൾ ആവശ്യമാണ്. ഭിന്നശേഷിക്കാരായ കുട്ടികൾക്ക് സംരക്ഷണം ഒരുക്കാൻ സമൂഹത്തിൽ കൂടുതൽ സംവിധാനങ്ങൾ ഉണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ അംഗം ജലജമോൾ ടി സി അധ്യക്ഷത വഹിച്ച ചടങ്ങിൽ കമ്മീഷനംഗം എൻ സുനന്ദ സ്വാഗതമാശംസിച്ചു. യൂണിസെഫ് കമ്മ്യൂണിക്കേഷൻ സ്പെഷ്യലിസ്റ്റ് ശ്യാം സുധീർ ബണ്ടി മുഖ്യപ്രഭാഷണം നടത്തി. കമ്മീഷനംഗങ്ങളായ ഡോ. എഫ് വിൽസൺ, ബി മോഹൻകുമാർ, കെ.കെ ഷാജു,സിസിലി ജോസഫ് എന്നിവർ സംബന്ധിച്ചു.ബാലാവകാശ സംരക്ഷണ കമ്മീഷൻ സെക്രട്ടറി എച്ച് നജീബ് നന്ദി അറിയിച്ചു.









0 comments