print edition 'ബ്രഹ്മോസിനെ മാതൃസ്ഥാപനത്തിൽനിന്ന് വേർപെടുത്തുന്നത് ഗുണകരമല്ല’

തിരുവനന്തപുരം
മിസൈൽ നിർമാണത്തിന്റെ തന്ത്രപ്രധാന കേന്ദ്രമായ തിരുവനന്തപുരത്തെ ബ്രഹ്മോസിനെ മാതൃസ്ഥാപനത്തിൽനിന്ന് വേർപെ ടുത്തുന്നത് ഗുണകരമല്ലെന്ന് ബ്രഹ്മോസ് എയ്‌റോസ്‌പെയ്‌സ് മുൻ ഡയറക്ടർ ജനറൽ അതുൽ ഡിങ്കർ റാണെ. മിസൈലിന്റെ എയർ ബോൺ ലോഞ്ചറുൾപ്പെടെ നിർമിക്കുന്നതും മിസൈൽ ഇന്റഗ്രേഷൻ യൂണിറ്റും തിരുവനന്തപുരത്താണ്. കൂടാതെ അടുത്തഘട്ടത്തിൽ വിഭാവനം ചെയ്യുന്ന വലിപ്പം കുറഞ്ഞ ബ്രഹ്മോസ് മിസൈലുകളുടെ നിർമാണത്തിന്റെ പ്രധാന കേന്ദ്രമാകേണ്ടതും ഇവിടമാണ്.
മിസൈലിന്റെ പുറംചട്ടയായ കണ്ടെയ്‌നർ യൂണിറ്റിന്റെ രൂപകൽപ്പനയും നിർമാണവും നടക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം ലൊയോള സ്‌കൂളിലെ പൂർവ വിദ്യാർഥിയായ അതുൽ റാണെ, ലൊയോള പൂർവ വിദ്യാർഥി കൂട്ടായ്മ നൽകുന്ന ഗ്ലോബൽ ലീഡർഷിപ് പുരസ്‌കാരം ഏറ്റുവാങ്ങാൻ തിരുവനന്തപുരത്ത് എത്തിയപ്പോഴാണ് മാധ്യമങ്ങളോട് പ്രതികരിച്ചത്.
ബ്രഹ്മോസ് എയ്‌റോ സ്‌പേസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഉപകേന്ദ്രമായ തിരുവനന്തപുരം ബ്രഹ്മോസിനെ മാതൃസ്ഥാപനത്തിൽനിന്ന് വേർപ്പെടുത്താൻ കഴിഞ്ഞ ജൂലൈയിൽ കേന്ദ്ര പ്രതിരോധ മന്ത്രാലയം തീരുമാനിച്ചിരുന്നു. ബ്രഹ്മോസിനുപുറമേ ഐഎസ്ആർഒ, ബാർക്ക്, ജിടിആർഇ, കൽപ്പാക്കം ആണവകേന്ദ്രം തുടങ്ങിയ സ്ഥാപനങ്ങൾക്കായും യന്ത്രങ്ങളും യന്ത്രഘടകങ്ങളും ഇവിടെ നിർമിക്കുന്നുണ്ട്. മിസൈൽ പൂർണമായി നിർമിക്കാൻ ശേഷിയുള്ള ബിഎടിഎലിന് 18 വർഷമായിട്ടും പുറത്തെ സ്ഥാപനങ്ങൾക്ക് നൽകുന്ന പരിഗണന മാത്രമാണ് മാതൃസ്ഥാപനം നൽകുന്നതെന്ന പരാതിയുയർന്നിരുന്നു.









0 comments