print edition ഗോതമ്പ് 3 മാസമായി നൽകുന്നില്ല; അട്ടപ്പാടിയിലെ കുട്ടികൾക്ക് പോഷകാഹാരം നിലച്ചു

പാലക്കാട്: ശിശുമരണം വീണ്ടും റിപ്പോർട്ട്‌ചെയ്‌ത അട്ടപ്പാടിയിൽ ആറുമാസംമുതൽ മൂന്ന് വയസ്സുവരെയുള്ള ആദിവാസികളുൾപ്പെടെയുള്ള കുഞ്ഞുങ്ങൾക്ക് പോഷകാഹാര വിതരണം നിലച്ചു. ഇവർക്കുള്ള അമൃതംപൊടിയിൽ ചേർക്കുന്നതിനുള്ള ഗോതന്പ് മൂന്നുമാസമായി വിതരണംചെയ്യുന്നില്ല. ഇതോടെ 193 ഉൗരിലെ 179 അങ്കണവാടികൾക്കുകീഴിലെ രണ്ടായിരത്തോളം കുഞ്ഞുങ്ങൾ പോഷകാഹാരക്കുറവുമൂലം കടുത്ത ആരോഗ്യപ്രശ്‌നം നേരിടുകയാണ്. മൂന്ന് മാസത്തിനകം ഏഴ് കുട്ടികളാണ് അട്ടപ്പാടിയിൽ മരിച്ചത്.
ഒരു മാസം ഒരുകുട്ടിക്ക് മൂന്ന് കിലോ ഗോതന്പ് വേണം. ദിവസം 135 ഗ്രാംവീതമാണിത്. പാലക്കാട് ജില്ലയിൽമാത്രം 18 കുടുംബശ്രീ യൂണിറ്റുകളാണ് അമൃതംപൊടി നിർമിച്ച് ഐസിഡിഎസ് വഴി അങ്കണവാടികൾക്ക് നൽകുന്നത്. ഒരു കിലോ അമൃതംപൊടിക്ക് അരക്കിലോ ഗോതന്പാണ് അനുവദിക്കുക. ഇതുപ്രകാരം 135 ടൺ അമൃതംപൊടിയ്‌ക്ക് 70 ടൺ ഗോതന്പ് വേണം. എന്നാൽ എഫ്‌സിഐ മുഖേന അനുവദിച്ചത് 30 ടൺ മാത്രമാണ്. പൊതുമാർക്കറ്റിൽ കിലോഗ്രാമിന് 35 രൂപയാണ് ഗോതന്പ് വില.
കുടുംബശ്രീ യൂണിറ്റുകൾക്ക് സബ്‌സിഡി നിരക്കിൽ കിലോഗ്രാമിന് രണ്ട് രൂപ നിരക്കിലാണ് ഗോതന്പ് അനുവദിച്ചിരുന്നത്. സബ്‌സിഡി ഗോതന്പ് നിലച്ചതോടെ വൻവിലകൊടുത്ത് വാങ്ങേണ്ട സ്ഥിതിയായതിനാൽ പല യൂണിറ്റുകളും അമൃതംപൊടി നിർമാണം നിർത്തി. ഇതിൽ ചേർക്കേണ്ട പഞ്ചസാര, കടലപ്പരിപ്പ്, നിലക്കടല എന്നിവയ്‌ക്കും വില ഉയർന്നു. ഒരു കിലോ അമൃതംപൊടിക്ക് 70 രൂപയാണ് കുടുംബശ്രീ യൂണിറ്റുകൾക്ക് അനുവദിക്കുന്നത്. ഇൗ തുക നൽകുന്നതിലും സർക്കാർ കുടിശ്ശികവ രുത്തി.
നിലവിലെ പ്രതിസന്ധി മറച്ചുവച്ച് അങ്കണവാടി വർക്കർമാർ ‘പോഷൺ ട്രാക്കി’ൽ കുട്ടികളുടെ വിവരം ചേർക്കുന്നതിൽ വീഴ്‌ചവരുത്തിയതാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് അധികൃതരുടെ വിശദീകരണം.








0 comments