മാധ്യമങ്ങൾക്ക് നേരെയുള്ള കടന്നാക്രമണം പ്രതിഷേധാർഹം; മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും മറുപടി പറയണം: പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: റിപ്പോർട്ടർ ടിവി ആസ്ഥാനത്തെ ന്യൂസ് ഡസ്കിൽ കടന്നു കയറി വാർത്താ പ്രക്ഷേപണം തടസ്സപ്പെടുത്തിയ കേരളാ പൊലീസിന്റെ നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. മാധ്യമങ്ങൾക്ക് നേരെ നടന്ന ഈ കടന്നാക്രമണത്തിന് മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയുമാണ് മറുപടി പറയേണ്ടതെന്നും മാധ്യമ സ്വാതന്ത്ര്യത്തിന് നേരെ നടന്ന നിന്ദ്യമായ ഈ ആക്രമണത്തെ ശക്തമായി അപലപിക്കുന്നെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
അതിരാവിലെ കൊച്ചിയിലെ ന്യൂസ് ഡസ്കിൽ ഒരു സംഘം പൊലീസുകാർ ഇരച്ചുകയറി മാധ്യമ പ്രവർത്തകരുടെ ഫോണുകൾ പിടിച്ചു വാങ്ങി, ഒന്നര മണിക്കൂറോളമാണ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. പൊലീസ് മാധ്യമപ്രവർത്തകരുടെ ദൃശ്യങ്ങളും പകർത്തി. അടിയന്തിരാവസ്ഥയെ ഓർമ്മിപ്പിക്കുന്ന അതിക്രമമാണ് പൊലീസിന്റെ ഭാഗത്തു നിന്നുണ്ടായത്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലും കേന്ദ്ര സർക്കാരിന്റെ നിയന്ത്രണത്തിലുളള ഡൽഹിയിലും മാധ്യമങ്ങൾക്ക് നേരെ നടക്കുന്ന അക്രമമാണ് കേരളത്തിലും നടന്നിരുക്കുന്നത്. ന്യൂസ് ക്ലിക്ക് ഓഫീസിൽ അതിക്രമിച്ചു കയറി ഉപകരണങ്ങൾ പിടിച്ചെടുക്കുകയും പത്രാധിപരെ ജയിലിൽ അടക്കുകയും ചെയ്തതിന് സമാനമായ നടപടിയാണ് ഇവിടെയും ഉണ്ടായിരിക്കുന്നത്. മാധ്യമങ്ങളുടെ വായടപ്പിക്കുന്ന ഈ അതിക്രമം കേരളം അംഗീകരിക്കില്ലെന്നും പിണറായി വിജയൻ പറഞ്ഞു.









0 comments