നിയമസഭാ സമ്മേളനം അനിശ്‌ചിത കാലത്തേക്ക് പിരിഞ്ഞു; 21 ബില്ലുകൾ പാസാക്കി: നാല് അടിയന്തിര പ്രമേയം ചർച്ച ചെയ്തു

തിരുവനന്തപുരം: പ്രതിപക്ഷത്തിന്റെ സമരാഭാസങ്ങൾക്കിടയിലും ജനങ്ങൾക്ക് ഉപകാരപ്രദമായ 21 ബില്ലുകൾ പാസാക്കി കേരള നിയമസഭ അനിശ്‌ചിത കാലത്തേക്ക് പിരിഞ്ഞു. സെപ്തംബര്‍ 15 മുതല്‍ ഒക്ടോബര്‍ 9 വരെ 11 ദിവസങ്ങളാണ് സഭ സമ്മേളിച്ചത്. ചരിത്രപരമായ പ്രാധാന്യമുള്ള ഒട്ടേറെ ബില്ലുകള്‍ ഈ സമ്മേളനത്തില്‍ സഭ പാസ്സാക്കി. 2025-ലെ കേരള ഏക കിടപ്പാടം സംരക്ഷണ ബില്‍, 2025-ലെ കേരള സ്വകാര്യ കൈവശത്തിലുള്ള അധികഭൂമി (ക്രമവത്കരണ) ബില്‍, 2025-ലെ കേരള വന (ഭേദഗതി) ബില്‍ 2025-ലെ വന്യജീവി സംരക്ഷണം (കേരള ഭേദഗതി) ബില്‍, 2025-ലെ മലയാളഭാഷാ ബില്‍, 2025-ലെ കേരള പൊതു സേവനാവകാശ ബില്‍, 2025-ലെ കേരള സംഘങ്ങള്‍ രജിസ്ട്രേഷന്‍ ബില്‍, 2025-ലെ ജന്തുക്കളോടുള്ള ക്രൂരത തടയല്‍ (കേരള ഭേദഗതി) ബില്‍ തുടങ്ങിയവ അതില്‍ ഉള്‍പ്പെടുന്നു.
സമ്മേളന കാലയളവില്‍ ചട്ടം 50 പ്രകാരമുള്ള അടിയന്തിര പ്രമേയത്തിന് അനുമതി തേടി പ്രതിപക്ഷം നൽകിയ നാല് നോട്ടീസുകള്‍ സഭ പരിഗണിച്ചു. ഇൗ നാലു നോട്ടീസുകളിന്മേലും ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ സന്നദ്ധമായി എന്ന അപൂര്‍വതയും പതിനാലാം സമ്മേളനത്തിലുണ്ടായി. ലോക്കപ്പ് മര്‍ദനം, അമീബിക് മസ്തിഷ്ക ജ്വരത്തിന്റെ വ്യാപനം, നിത്യോപയോഗ സാധനങ്ങളുടെ വിലവര്‍ധനവും പണപ്പെരുപ്പവും ധനപ്രതിസന്ധിയും ട്രഷറി നിയന്ത്രണവും എന്നീ വിഷയങ്ങളിന്മേലുള്ള നോട്ടീസുകള്‍ പ്രകാരം നടപടികള്‍ നിര്‍ത്തിവയ്ക്കുന്നതിനുള്ള ഉപക്ഷേപത്തിന്മേല്‍ രണ്ട് മണിക്കൂറിലധികം സമയം വീതം ചര്‍ച്ച നടത്തിയത്. പതിനഞ്ചാം കേരള നിയമസഭയുടെ ഇതുവരെയുള്ള കാലയളവില്‍ 17നോട്ടീസുകളാണ് സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്തത്. ഒന്നാം കേരള നിയമസഭയുടെ തുടക്കം മുതല്‍ ഇതുവരെയുള്ള ആറു പതിറ്റാണ്ടില്‍ ചട്ടം 50 പ്രകാരമുള്ള ഉപക്ഷേപത്തിന്മേല്‍ 47 തവണ സഭ ചര്‍ച്ച ചെയ്തതില്‍ ഏറെയും പതിനാല്, പതിനഞ്ച് കേരള നിയമസഭകളുടെ കാലത്താണെന്നത് ശ്രദ്ധേയമാണ്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന തുറന്ന സമീപനത്തെ സ്‌പീക്കർ എ എൻ ഷംസീർ അഭിനന്ദിച്ചു.
തെരഞ്ഞെടുപ്പ് കമീഷന്റെ തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണം സുതാര്യമായി നടത്തണമെന്നത് സംബന്ധിച്ച ചട്ടം 118 പ്രകാരമുള്ള ഗവണ്‍മെന്റ് പ്രമേയം ഈ സമ്മേളനകാലയളവില്‍ സഭ ഐകകണ്ഠ്യേന പാസ്സാക്കി. 15 ശ്രദ്ധക്ഷണിക്കലുകളും 83 സബ്മിഷനുകളും സഭ മുമ്പാകെ അവതരിപ്പിക്കുകയും മന്ത്രിമാര്‍ മറുപടി പറയുകയും ചെയ്തു. അനൗദ്യോഗികാംഗങ്ങളുടെ കാര്യങ്ങള്‍ക്കായി നീക്കിവച്ച ഒരു വെള്ളിയാഴ്ച 3 പുതിയ ബില്ലുകള്‍ ഉള്‍പ്പെടെ ആകെ 4 പ്രൈവറ്റ് മെമ്പര്‍ ബില്ലുകള്‍ സഭ പരിഗണിക്കുകയും 3 ബില്ലുകള്‍ തുടര്‍ചര്‍ച്ചയ്ക്കായി മാറ്റിവയ്ക്കുകയും ചെയ്തു.
ഈ സമ്മേളന കാലത്ത് 10 ചോദ്യ ദിവസങ്ങളില്‍ ഉത്തരം ലഭിക്കുന്നതിനായി നക്ഷത്രചിഹ്നമിട്ടതും നക്ഷത്രചിഹ്നമിടാത്തതുമായി ആകെ 6456ചോദ്യങ്ങള്‍ക്കുള്ള നോട്ടീസുകളാണ് ലഭ്യമായത്. ഇതില്‍ 7 എണ്ണം വിവിധ കാരണങ്ങളാല്‍ നിരസിക്കുകയും 14 എണ്ണം പിന്‍വലിക്കുകയും ചെയ്തു. ശേഷിച്ചവയില്‍ 300 എണ്ണം നക്ഷത്രചിഹ്നമിട്ട ചോദ്യങ്ങളുടെ ലിസ്റ്റിലും 3974 എണ്ണം നക്ഷത്രചിഹ്നമിടാത്ത ചോദ്യങ്ങളുടെ ലിസ്റ്റിലും ഉള്‍പ്പെടുത്തി ആകെ 4274 ചോദ്യങ്ങള്‍ അച്ചടിച്ചു. ഇതില്‍ നക്ഷത്രചിഹ്നമിട്ട 300 ചോദ്യങ്ങള്‍ക്കും നക്ഷത്രചിഹ്നമിടാത്ത 3709 ചോദ്യങ്ങള്‍ക്കും ബന്ധപ്പെട്ട വകുപ്പുമന്ത്രിമാര്‍ ഈ സമ്മേളനകാലത്തുതന്നെ ഉത്തരം ലഭ്യമാക്കിയിട്ടുണ്ട്.
റവന്യൂ-ഭവനനിര്‍മ്മാണ മന്ത്രി, ജലവിഭവ മന്ത്രി, വൈദ്യുതി മന്ത്രി, വനം - വന്യജീവി മന്ത്രി, നിയമം, വ്യവസായം, കയര്‍ മന്ത്രി, രജിസ്ട്രേഷന്‍, മ്യൂസിയം, ആര്‍ക്കിയോളജി മന്ത്രി, തുറമുഖ-സഹകരണ-ദേവസ്വം മന്ത്രി, മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ മന്ത്രി, പൊതുവിദ്യാഭ്യാസ-തൊഴില്‍ മന്ത്രി, പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമ മന്ത്രി, മൃഗസംരക്ഷണ-ക്ഷീരവികസന മന്ത്രി, ഭക്ഷ്യ-പൊതുവിതരണ മന്ത്രി, ന്യൂനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ്ജ് തീര്‍ഥാടന മന്ത്രി എന്നിവര്‍ ഈ സമ്മേളനത്തിലെ എല്ലാ ചോദ്യങ്ങള്‍ക്കും ഇതിനകം മറുപടി ലഭ്യമാക്കിയിട്ടുണ്ട്.
ഈ സമ്മേളന കാലയളവിൽ 2025 ഒക്ടോബർ 6ന് സഭാ സമ്മേളനം പുനരാരംഭിച്ചതു മുതൽ പ്രതിപക്ഷ അംഗങ്ങൾ ചോദ്യോത്തരവേളയില്‍ത്തന്നെ സഭാ നടപടികൾ തുടര്‍ച്ചയായി തടസ്സപ്പെടുത്തി. സഭാംഗങ്ങളുടെ പെരുമാറ്റ ചട്ടത്തിന് വിരുദ്ധമായും സഭയുടെ അന്തസ്സിന് നിരക്കാത്ത വിധത്തിലും അക്രമാസക്തരായി ചെയറിന്റെ ഡയസിലേക്ക് തള്ളിക്കയറാൻ ശ്രമിക്കവേ പ്രതിരോധിച്ച സുരക്ഷാ സേനാംഗങ്ങളെ കൈയേറ്റം ചെയ്യുകയും ചീഫ് മാര്‍ഷലിനെ പരുക്കേല്പിക്കുകയും ചെയ്തതിനെ തുടർന്ന് പ്രതിപക്ഷത്തെ മൂന്ന് അംഗങ്ങളെ സമ്മേളനത്തിന്റെ ശേഷിക്കുന്ന കാലയളവിലേക്ക് സസ്പെൻഡ് ചെയ്‌തു. നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ നാലാം പതിപ്പ് ജനുവരി ആദ്യവാരം സംഘടിപ്പിക്കുമെന്നും സ്‌പീക്കർ പറഞ്ഞു.









0 comments