വിടിയും കൂട്ടരും പോയപ്പോൾ ഇവർ ആ സംഘടനയുടെ നേതൃത്വം ഏറ്റെടുത്തു; യോഗക്ഷേമസഭയ്ക്ക് എതിരെ അശോകൻ ചരുവിൽ

തിരുവനന്തപുരം: കേരള സർവകലാശാലയിൽ പിഎച്ച്ഡി വിദ്യാർഥിയെ ജാതി അധിക്ഷേപം നടത്തിയ സംസ്കൃതംവകുപ്പ് മേധാവി ഡോ. സി എൻ വിജയകുമാരിയെ പിന്തുണച്ച യോഗക്ഷേമസഭയ്ക്ക് എതിരെ അശോകൻ ചരുവിൽ.
കേരളത്തിൻ്റെ സാമൂഹ്യപരിവർത്തനത്തിൽ വലിയ പങ്കുവഹിച്ച സംഘടനയാണ് യോഗക്ഷേമസഭയെന്നും വിടിയും കൂട്ടരും പോയപ്പോൾ ആ സംഘടനയുടെ നേതൃത്വം സുരിനമ്പൂതിരിപ്പാടും കർക്കടാംകുന്നത്ത് നമ്പൂതിരിയും ചേർന്ന് പിടിച്ചെടുത്തു എന്നുമാണ് അശോകൻ ചെരുവിൽ ഫേസ്‌ബുക്കിൽ കുറിച്ചത്.
പോസ്റ്റിന്റെ പൂർണരൂപം:
"തൻ്റെ സവർണ്ണ ജാതിമേധാവിത്വ അഹന്തകൊണ്ട് ദളിത് സമുദായാംഗമായ വിപിൻ വിജയൻ എന്ന ഗവേഷണ വിദ്യാർത്ഥിയുടെ ഓപ്പൺ ഡിഫൻസ് കടന്നുകയറി തകർക്കാൻ ശ്രമിച്ച ഡോ.സി.എൻ.വിജയകുമാരിക്ക് യോഗക്ഷേമസഭയുടെ പിന്തുണ!
ഗംഭീരമായിരിക്കുന്നു.
കേരളത്തിൻ്റെ സാമൂഹ്യപരിവർത്തനത്തിൽ വലിയ പങ്കുവഹിച്ച സംഘടനയാണ് യോഗക്ഷേമസഭ.
വി.ടി.യും കൂട്ടരും പോയപ്പോൾ ആ സംഘടനയുടെ നേതൃത്വം സുരിനമ്പൂതിരിപ്പാടും കർക്കടാംകുന്നത്ത് നമ്പൂതിരിയും ചേർന്ന് പിടിച്ചെടുത്തു എന്നു തോന്നുന്നു."
അതേ സമയം ഡോ. സി എന്‍ വിജയകുമാരി ഗവേഷകന്റെ പിഎച്ച്ഡി തടസ്സപ്പെടുത്തിയത് ബോധപൂര്‍വം എന്നതിന്റെ കൂടുതൽ വിവരം പുറത്തുവന്നു. പരാതിക്കാരനായ ഗവേഷകന്‍ വിപിന്‍ വിജയന്റെ ഓപ്പൺ ഡിഫൻസിൽ ഓറിയന്റല്‍ സ്റ്റഡീസ് ഡീന്‍ വിജയകുമാരി ചട്ടലംഘനം നടത്തിയതിന്റെ തെളിവുകളാണ് പുറത്തുവന്നത്. ഇതിന്റെ ദൃശ്യങ്ങള്‍ വിപിന്‍ പൊലീസിനും കൈമാറിയിട്ടുണ്ട്.
സർവകലാശാലാ നിയമപ്രകാരം ഓപ്പൺ ഡിഫൻസിന്റെ ചെയർമാൻ, വൈസ് ചാൻസലർ നിയോഗിച്ച എക്സ്റ്റേണൽ കമ്മിറ്റിയാണ്. പിഎച്ച്ഡി ഓപ്പൺ ഡിഫൻസിൽ ഡീനിന്റെ അധികാരം മോണിറ്ററിങ് മാത്രമാണ്. എന്നാൽ വിപിന്റെ പിഎച്ച്ഡി ഓപ്പണ്‍ ഡിസ്‌കഷനില്‍ ചെയര്‍മാൻ പിഎച്ച്ഡി പ്രഖ്യാപിച്ചു. ഇതിനെ മറികടന്ന് സി എൻ വിജയകുമാരി പ്രബന്ധം മാറ്റണമെന്ന് ആവശ്യപ്പെട്ടു. ഇതോടെ താനാണ് ചെയര്‍മാനെന്നും വിപിന് പിഎച്ച്ഡി യോഗ്യതയുണ്ടെന്നും വിഷയത്തില്‍ ഡീന്‍ അനാവശ്യമായി ഇടപെടരുതെന്നും ഡോ. അനില്‍ പ്രതാപ് ഗിരി പറയുന്നുണ്ട്.
അലഹബാദ് പ്രയാഗ് രാജ് സര്‍വകലാശാലയിലെ പ്രൊഫസറായിരുന്നു കമ്മിറ്റി ചെയര്‍മാന്‍. ഓപ്പണ്‍ ഡിസ്‌കഷന്റെ ചട്ടപ്രകാരമുള്ള നന്ദി പറയാനും വിജയകുമാരി അനുവദിച്ചില്ല. ഇതോടെ ഡിസ്‌കഷന്‍ നടന്ന ഹാളില്‍ വിദ്യാര്‍ഥികള്‍ പ്രതിഷേധിച്ചു. വിപിന് പിഎച്ച്ഡി അവാര്‍ഡ് ചെയ്യാന്‍ ശുപാര്‍ശ ചെയ്യുമെന്ന ചെയര്‍മാന്റെ പ്രഖ്യാപനത്തെ കൈയടിച്ചാണ് ഗവേഷകര്‍ സ്വീകരിച്ചത്. ഇതിനുശേഷമാണ് വിപിന്‍ വിജയന് പിഎച്ച്ഡി നൽകരുതെന്ന് നിര്‍ദേശിച്ച് വിജയകുമാരി താല്‍ക്കാലിക വൈസ് ചാന്‍സലര്‍ക്ക് കത്ത് നല്‍കിയത്.









0 comments