print edition അഷ്ടമുടി കായൽ സംരക്ഷണം: ഹെെക്കോടതിയിൽ മാപ്പപേക്ഷിച്ച് സർക്കാർ

കൊച്ചി: അഷ്ടമുടി കായൽ സംരക്ഷണത്തിൽ കോടതി ഉത്തരവ് നടപ്പാക്കാൻ കാലതാമസം നേരിട്ടതിൽ ഹൈക്കോടതിയിൽ നിരുപാധികം മാപ്പപേക്ഷിച്ച് സംസ്ഥാന സർക്കാർ. പരിസ്ഥിതിവകുപ്പ് സ്പെഷ്യൽ സെക്രട്ടറി എസ് സീറാം സാംബശിവറാവുവാണ് സത്യവാങ്മൂലം സമർപ്പിച്ചത്. വിവിധ വകുപ്പുകളുടെ ഏകോപനം ആവശ്യമായതിനാൽ ഉത്തരവ് നടപ്പാക്കാൻ രണ്ടുമാസത്തെ സമയംകൂടി അനുവദിക്കണമെന്നും അപേക്ഷിച്ചു.
അഷ്ടമുടി സംരക്ഷണത്തിന് കൃത്യമായ ചട്ടക്കൂട് തയ്യാറാക്കണമെന്ന് 2025 ജൂലൈ 29ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇത് നടപ്പാക്കാൻ വൈകുന്നുവെന്ന് ചൂണ്ടിക്കാട്ടി അഡ്വ. ബോറിസ് പോൾ സമർപ്പിച്ച കോടതിയലക്ഷ്യ ഹർജിയിലാണ് വിശദീകരണം. കോടതി നിർദേശപ്രകാരം ‘അഷ്ടമുടി വെറ്റ്‌ലാൻഡ് മാനേജ്‌മെന്റ് യൂണിറ്റ്' രൂപീകരിച്ച് സർക്കാർ വിജ്ഞാപനമിറക്കിയിരുന്നു. വെറ്റ്‌ലാൻഡ് അതോറിറ്റി മെമ്പർ സെക്രട്ടറിയുടെ നേതൃത്വത്തിൽ ഫെബ്രുവരി 23ന് യൂണിറ്റിന്റെ ആദ്യയോഗവും ചേർന്നു.
കൊല്ലം കലക്ടർ അധ്യക്ഷനായ സമിതി രൂപീകരിച്ചതല്ലാതെ ഇതുവരെ ഓഫീസുപോലും സജ്ജമാക്കിയിട്ടില്ലെന്ന് ഹർജിക്കാരൻ വാദിച്ചു. ചീഫ് ജസ്റ്റിസ് ഷൗമെൻ സെൻ അധ്യക്ഷനായ ഡിവിഷൻബെഞ്ച് 11ന് കേസ് വീണ്ടും പരിഗണിക്കും.










0 comments