യൂബർ ഓട്ടം വിളിച്ച യുവതിയുടെ കുളിമുറി ദൃശ്യം പകർത്തി; യുവാവ് അറസ്റ്റിൽ

തിരുവനന്തപുരം: യുവതിയുടെ കുളിമുറി ദൃശ്യങ്ങൾ പകർത്തിയ യുവാവിനെ അറസ്റ്റ് ചെയ്തു. തിരുവനന്തപുരത്താണ് സംഭവം. വീട്ടിലേക്ക് ഓട്ടം വിളിച്ചുവന്ന യൂബർ ഡ്രൈവർ താൻ കുളിക്കുന്ന ദൃശ്യങ്ങൾ ഒളിച്ചുനിന്ന് മൊബൈലിൽ പകർത്തിയെന്ന് യുവതി പരാതി നൽകി. കേസിൽ വെടിവച്ചാൻകോവിൽ മുടവൂർപ്പാറ തേരിവിള വീട് വിമലാഭവനിൽ ജിബിനെ (35) പൊലീസ് അറസ്റ്റ് ചെയ്തു.
വീട്ടിൽ അതിക്രമിച്ച് കയറിയ ശേഷമാണ് കുളിമുറിയിൽ കുളിച്ചു കൊണ്ടിരുന്ന സ്ത്രീയുടെ ദൃശ്യങ്ങൾ യുവാവ് മൊബൈൽ ഫോണിൽ പകർത്തിയത്. പരാതിക്കാരി പുറത്തുപോയ ശേഷം വീട്ടിലേയ്ക്ക് യൂബർ ഓട്ടോറിക്ഷ വിളിച്ചാണ് വന്നത്. ഇക്കഴിഞ്ഞ 16ന് രാത്രി പത്തരയോടെയായിരുന്നു സംഭവം. വീടിനടുത്തുള്ള റോഡ് സൈഡിൽ ഇറങ്ങിയ ശേഷം ഡ്രൈവർക്ക് പണം കൊടുത്ത് യുവതി വീട്ടിലേക്ക് നടന്നു. ആ സമയം ഇവരെ ഒളിച്ചു പിൻതുടർന്ന ജിബിൻ വീടിന്റെ കോമ്പൌണ്ടിൽ കയറി ഒളിച്ചിരിക്കുകയായിരുന്നു.
കുളിക്കാനായി വീട്ടിനകത്തെ ശുചിമുറിയിൽ കയറിയതോടെ വെന്റിലേഷനിലൂടെ മൊബൈൽ ഉപയോഗിച്ച് ദൃശ്യങ്ങൾ പകർത്തി. തല തോർത്തുന്നതിനിടെ, വെന്റിലേഷനിൽ മൊബൈൽ ഫോൺ കണ്ട് ഉച്ചത്തിൽ അലറിയതോടെ പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതിയെ പിടികൂടിയത്.







0 comments