ആർദ്ര കേരളം - കായകൽപ്പ് പുരസ്‌കാരം വിതരണം 29ന്; വിവിധ പദ്ധതികള്‍ ഉദ്ഘാടനം ചെയ്യും

veena
വെബ് ഡെസ്ക്

Published on Oct 28, 2025, 03:29 PM | 2 min read

തിരുവനന്തപുരം: സംസ്ഥാന ആരോഗ്യ വകുപ്പിന്റെ ആർദ്രകേരളം, കായകൽപ്പ് പുരസ്‌കാരങ്ങൾ ഒക്ടോബർ 29ന് രാവിലെ 10ന് തിരുവനന്തപുരം ടാഗോർ തിയറ്ററിൽ വെച്ച് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് വിതരണം ചെയ്യും. തദ്ദേശ സ്വയംഭരണ മന്ത്രി എം ബി രാജേഷ് ചടങ്ങിൽ അധ്യക്ഷനാകും. 2022-23, 2023-24 വർഷങ്ങളിലെ ആർദ്രകേരളം പുരസ്‌കാരവും, 2022-2023, 2023-2024, 2024-2025 വർഷങ്ങളിലെ കായകൽപ്പ് പുരസ്‌കാര വിതരണവും കൂടാതെ നിർണയ ഹബ് ആൻഡ് സ്‌പോക്ക് മോഡൽ സംസ്ഥാനതല ഉദ്ഘാടനം, എംബിഎച്ച്എഫ്ഐ അവാർഡ് വിതരണം, 2022-2023, 2023-2024 വർഷങ്ങളിലെ നഴ്‌സസ് അവാർഡ് വിതരണം, പിഎച്ച് ആപ്പ്, കാസ്പ് ഹെൽത്ത് മൊബൈൽ ആപ്പ് & വെബ് പോർട്ടൽ, ശ്രുതി തരംഗം പദ്ധതിയുടെ ലോഗോ- വെബ് പോർട്ടൽ പ്രകാശനം എന്നിവയും നടക്കും.


മാതൃകാപരമായ നൂതന പദ്ധതികൾക്കൊപ്പം, കാലാനുസൃതമായി ആരോഗ്യ സ്ഥാപനങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കുന്നതും പൊതുജന പങ്കാളിത്തത്തോടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചേർന്ന് തനതായ ആരോഗ്യ സംസ്‌കാരം രൂപപ്പെടുത്തുന്നതിനുള്ള പ്രവർത്തനങ്ങളും കേരളത്തിന്റെ ആരോഗ്യ മേഖലയിലെ സുപ്രധാനമായ ഇടപെടലുകളാണ്. ഇത്തരം ജനകീയ ആരോഗ്യ പ്രവർത്തനങ്ങൾക്ക് ഊർജം പകരാനും വേണ്ട പ്രോത്സാഹനം നൽകുന്നതിനുമായാണ് ആർദ്രകേരളം പുരസ്‌കാരവും കായകൽപ്പ് പുരസ്‌കാരവും നൽകുന്നത്.


ആരോഗ്യ, ആരോഗ്യാനുബന്ധ മേഖലകളിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നടത്തുന്ന മികവുറ്റ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണ് ആർദ്ര കേരള പുരസ്‌കാരം. പൊതുജനാരോഗ്യ കേന്ദ്രങ്ങളിലെ ശുചിത്വം, അണുബാധാ നിയന്ത്രണം, മാലിന്യ പരിപാലനം എന്നിവയുടെ മികവ് കണക്കാക്കി പ്രോത്സാഹിപ്പിക്കുന്നതിലൂടെ ആരോഗ്യകരമായ ഒരു അന്തരീക്ഷം സൃഷ്ടിക്കുന്നതിനുള്ള അംഗീകാരമായാണ് കായകൽപ്പ് പുരസ്‌കാരം ഏർപ്പെടുത്തിയിട്ടുള്ളത്.


സ്തുത്യർഹമായ സേവനം കാഴ്ചവച്ച ആരോഗ്യവകുപ്പിലെ ജനറൽ നഴ്‌സിംഗ്, പബ്ലിക് ഹെൽത്ത് നഴ്‌സിംഗ്, ആരോഗ്യ വിദ്യാഭ്യാസ വകുപ്പിലെ ജനറൽ നഴ്‌സിംഗ് എന്നീ വിഭാഗങ്ങളിൽ നിന്നുള്ള 2023, 2024 വർഷങ്ങളിലെ നഴ്‌സസ് അവാർഡുകളാണ് നൽകുന്നത്.


എംബിഎച്ച്എഫ്ഐ


രാജ്യത്ത് ആദ്യമായാണ് ഈ സർക്കാരിന്റെ കാലത്ത് മാതൃശിശു സൗഹൃദ ആശുപത്രി ഇനിഷ്യേറ്റീവ് പദ്ധതി ആവിഷ്‌ക്കരിച്ചത്. സംസ്ഥാനത്തെ സർക്കാർ, സ്വകാര്യ ആശുപത്രികളിലെ ഡെലിവറി പോയിന്റുകളെ മാതൃശിശു സൗഹൃദമാക്കാനാണ് ഈ പദ്ധതി ആവിഷ്‌ക്കരിച്ചത്. ഇതുവരെ 59 ആശുപത്രികൾക്കാണ് എംബിഎച്ച്എഫ്ഐ ലഭിച്ചിട്ടുള്ളത്. പുതിയ 15 സ്ഥാപനങ്ങൾക്കാണ് സർട്ടിഫിക്കറ്റ് വിതരണം ചെയ്യുന്നത്.


നിർണയ ലാബ് നെറ്റ് വർക്ക്


സംസ്ഥാനത്തെ പൊതുജനാരോഗ്യ മേഖലയിലെ ലാബുകളെ ബന്ധിപ്പിച്ചു കൊണ്ടുള്ള സമഗ്ര ലബോറട്ടറി ശൃംഖലയാണ് നിർണയ ലാബ് നെറ്റ് വർക്ക്. സമഗ്ര ലബോറട്ടറി പരിശോധനകൾ താഴെത്തട്ടിൽ ഉറപ്പ് വരുത്തുന്നതിനായി സർക്കാർ മേഖലയിലെ ലാബുകളെ ബന്ധിപ്പിച്ചുകൊണ്ടാണ് ഇത് യാഥാർഥ്യമാകുന്നത്.


ജനകീയ ആരോഗ്യ കേന്ദ്രം: പബ്ലിക് ഹെൽത്ത് ആപ്പ്


ജനകീയ ആരോഗ്യ കേന്ദ്രങ്ങൾ വഴിയുള്ള പൊതുജനാരോഗ്യ സേവനങ്ങൾ കാര്യക്ഷമമായി നടപ്പിലാക്കുന്നതിനാണ് JAK-PH മൊബൈൽ അപ്ലിക്കേഷൻ സജ്ജമാക്കിയത്. ഓരോ ജനകീയ ആരോഗ്യ കേന്ദ്രത്തിന്റെയും പരിധിയിൽ വരുന്ന പ്രദേശങ്ങളിലെ പൊതുജനാരോഗ്യ വിവരശേഖരണം, പകർച്ചവ്യാധി നിയന്ത്രണം, പൊതുജനാരോഗ്യ പ്രാധാന്യമുള്ള സർവേകൾ, ജീവിതശൈലി രോഗ നിയന്ത്രണ പരിപാടികൾ, വ്യക്ത്യാധിഷ്ഠിത സേവനങ്ങൾ തുടങ്ങിയവ കാര്യക്ഷമമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.


കാസ്പ് ഹെൽത്ത് മൊബൈൽ ആപ്പ് & വെബ് പോർട്ടൽ


കാസ്പ് പദ്ധതിയുടെ വിവരങ്ങൾ, ഇൻഷുറൻസ് പദ്ധതിയിലേക്കുള്ള യോഗ്യത, സമീപത്തെ എംപാനൽ ചെയ്ത ആശുപത്രികൾ, ചികിത്സാ വിഭാഗം എന്നിങ്ങനെയുള്ള വിവരങ്ങൾ വിരൽത്തുമ്പിൽ ലഭ്യമാക്കാനാണ് 'കാസ്പ് ഹെൽത്ത്' മൊബൈൽ ആപ്പ്.


ശ്രുതി തരംഗം ലോഗോ - വൈബ് സൈറ്റ് പ്രകാശനം


ഗുരുതരമായ ശ്രവണ വൈകല്യമുളള കുട്ടികൾക്ക് സൗജന്യ കോക്ലിയർ ഇംപ്ലാന്റേഷൻ ശസ്ത്രക്രിയയും അനുബന്ധ സേവനങ്ങളും സൗജന്യമായി ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ ആവിഷ്‌കരിച്ച് നടപ്പിലാക്കുന്ന പദ്ധതിയാണ് 'ശ്രുതിതരംഗം'. ആരോഗ്യ വകുപ്പിന് കീഴിൽ സ്റ്റേറ്റ് ഹെൽത്ത് ഏജൻസി വഴിയാണ് നടപ്പിലാക്കി വരുന്നത്. ശ്രുതിതരംഗത്തിന് ആദ്യമായാണ് ലോഗോ തയ്യാറാക്കിയിരിക്കുന്നത്. വിശദ വിവരങ്ങളറിയാൻ വെബ്‌സൈറ്റ് സഹായിക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home