കെഎസ്എഫ്ഇ 1 ലക്ഷം കോടി ബിസിനസ് ലക്ഷ്യം കൈവരിച്ചതിന്റെ പ്രഖ്യാപനം ഇന്ന്


സ്വന്തം ലേഖകൻ
Published on Aug 13, 2025, 09:03 AM | 1 min read
തിരുവനന്തപുരം: കെഎസ്എഫ്ഇ ഒരു ലക്ഷം കോടി രൂപ ബിസിനസ് ലക്ഷ്യം കൈവരിച്ചതിന്റെ പ്രഖ്യാപനം ബുധനാഴ്‌ച നടക്കും. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ പകൽ 12.30ന് മുഖ്യമന്ത്രി പിണറായി വിജയൻ, പ്രഖ്യാപനവും ആഘോഷപരിപാടികളുടെ ഉദ്‌ഘാടനവും നിർവഹിക്കും. ‘ഈ നാടിന്റെ ധൈര്യം’ എന്ന കെഎസ്എഫ്ഇയുടെ പുതിയ വാക്യമുദ്രയും നാടിന് സമർപ്പിക്കും. മന്ത്രി കെ എൻ ബാലഗോപാൽ അധ്യക്ഷനാകും. ഹാർമണി ചിട്ടി ഇടപാടുകാർക്കുള്ള ഓണം സമൃദ്ധി ഗിഫ്റ്റ് കാർഡ് ഉദ്ഘാടനം മന്ത്രി ജി ആർ അനിൽ നിർവഹിക്കും. കെഎസ്എഫ്ഇ ബ്രാൻഡ് അംബാസിഡർ സുരാജ് വെഞ്ഞാറമൂട് മുഖ്യാതിഥിയാകും.
ഒരു ലക്ഷം കോടിയുടെ ബിസിനസ് ലക്ഷ്യം കൈവരിച്ചതോടെ കെഎസ്എഫ്ഇ ഇന്ത്യയിലെ ബാങ്കിതര സ്ഥാപനങ്ങളിൽ മുൻനിരയിലെത്തി. ചിട്ടി, സ്വർണവായ്പ, ഭവന വായ്പ, വ്യക്തിഗത വായ്പ എന്നിവയുൾപ്പെടെയുള്ള വിവിധ വായ്പകളാണ് അതിവേഗം ലക്ഷ്യം കൈവരിക്കാൻ കരുത്തായത്. വരുന്ന ഡിസംബറിൽ ഒരു ലക്ഷം കോടിയെന്ന ബിസിനസ് ലക്ഷ്യം കൈവരിക്കാനാണ് തീരുമാനിച്ചിരുന്നത്. ജൂലായ് 31ന് ലക്ഷ്യം പൂർത്തിയാക്കി. കഴിഞ്ഞ നാലു വർഷത്തിനിടെ 504 കോടി രൂപയുടെ സാമ്പത്തിക സഹായം പലിശ ഇളവിലൂടെ ഇടപാടുകാർക്ക് നൽകി. ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഇടപാടുകാർക്ക് മെച്ചപ്പെട്ട സേവനം നൽകാനായി. മൊബൈൽ ആപ്പിലൂടെയും ഐഎഫ്എസ് കോഡിലൂടെയുള്ള ഇലക്ട്രോണിക്സ് പണമിടപാടുകളും ബിസിനസ് കുതിപ്പിന് കരുത്തായി.
വിദേശ പ്രവാസി ചിട്ടിക്കുപുറമേ മറ്റ് സംസ്ഥാനങ്ങളിലും ചിട്ടി ആരംഭിച്ചു. സ്വർണവായ്പ 10,000 കോടി കടന്നു. കഴിഞ്ഞ സാമ്പത്തിക വർഷം 1000 കോടിയുടെ പുതിയ ചിട്ടി തുടങ്ങിയതും നടപ്പുസാമ്പത്തിക വർഷം വായ്പ തുടക്കത്തിൽത്തന്നെ 10,000 കോടി കഴിഞ്ഞു. 683 ശാഖകളിലായി 9000 ജീവനക്കാരാണ് കെഎസ്‌എഫ്‌ഇക്ക് ഉള്ളത്.









0 comments