കേന്ദ്ര സർക്കാരിന്റെ ചൂഷണം ; കരിദിനം ആചരിച്ച് അങ്കണവാടി ജീവനക്കാർ

തിരുവനന്തപുരം
അങ്കണവാടി പ്രവർത്തനത്തെ താറുമാറാക്കുന്ന കേന്ദ്രസർക്കാരിന്റെ ചൂഷണനയങ്ങൾക്കെതിരെ പ്രതിഷേധവുമായി അങ്കണവാടി വര്‍ക്കേഴ്സ് ആന്‍ഡ് ഹെല്‍പ്പേഴ്സ് അസോസിയേഷന്‍ (സിഐടിയു). ബുധനാഴ്ച സംസ്ഥാന വ്യാപകമായി കരിദിനമാചരിച്ചു. തിരുവനന്തപുരത്ത് വനിത– ശിശു വികസന ഡയറക്ടറേറ്റിനുമുന്നില്‍ നടന്ന മാര്‍ച്ചിലും ധര്‍ണയിലും ആയിരങ്ങൾ പങ്കെടുത്തു. സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരീം ധർണ ഉദ്ഘാടനം ചെയ്തു. അങ്കണവാടി പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും ഓണ്‍ലൈന്‍വഴിയാക്കിയ കേന്ദ്രം, ജീവനക്കാർക്ക് സാങ്കേതിക സൗകര്യങ്ങള്‍ ഒരുക്കണമെന്നും അവരെ സർക്കാർ ജീവനക്കാരായി അംഗീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
കറുത്ത വസ്ത്രം ധരിച്ചാണ് ബുധനാഴ്ച ജീവനക്കാര്‍ ജോലിക്കെത്തിയത്. ബയോമെട്രിക് പരിശോധനയിലൂടെ പോഷകാഹാരം വിതരണം ചെയ്യാനുള്ള തീരുമാനത്തിനെതിരെ രാജ്യത്ത് വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. എല്ലാവര്‍ക്കും ഗുണനിലവാരമുള്ള പോഷകാഹാരം ഉറപ്പാക്കണമെങ്കില്‍ ഈ രീതി മാറ്റണമെന്നാണ് ജീവനക്കാർ പറയുന്നത്. ൺലൈൻവൽക്കരണം പൂർണമായി നടപ്പാക്കിയെങ്കിലും ഫോണോ നെറ്റ്‌വർക്ക് സംവിധാനമോ കേന്ദ്രം ഒരുക്കിയിട്ടില്ല. ധർണയ്ക്കുശേഷം വനിതാ ശിശു വികസന ഡയറക്ടർ ഹരിത വി കുമാറുമായി അസോസിയേഷൻ പ്രതിനിധികൾ ചർച്ച നടത്തി. ജീവനക്കാരുടെ പ്രശ്നങ്ങൾ കേന്ദ്രസർക്കാരിനെ അറിയിക്കാമെന്ന് ഡയറക്ടർ അറിയിച്ചു.
ധർണയിൽ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് മേരി ജോബ്, ജനറല്‍ സെക്രട്ടറി കെ കെ പ്രസന്നകുമാരി, സിഐടിയു സംസ്ഥാന സെക്രട്ടറി കെ എസ് സുനിൽകുമാർ തുടങ്ങിയവർ സംസാരിച്ചു.









0 comments