ഹരിത ഊർജം ; 100 കിലോവാട്ടിന്റെ "ബെസു'മായി അനർട്ട്

തിരുവനന്തപുരം
പകൽ ഉൽപാദിപ്പിക്കുന്ന സൗരോർജ വൈദ്യുതിയിൽ അധികമുള്ളത് ബാറ്ററിയിൽ സംഭരിച്ച് ആവശ്യം കൂടുതലുള്ള മണിക്കൂറുകളിൽ ഉപയോഗിക്കാവുന്ന പദ്ധതിയുമായി അനർട്ട്. തിരുവനന്തപുരത്ത് പിഎംജിയിലെ അനർട്ട് (ഏജൻസി ഫോർ ന്യൂ ആൻഡ് റിന്യൂവബിൾ എനർജി റിസർച്ച് ആൻഡ് ടെക്‌നോളജി) ആസ്ഥാനത്ത് ബെസ് (ഗ്രിഡ് -ഇന്ററാക്ടീവ് ബാറ്ററി എനർജി സ്‌റ്റോറേജ് സിസ്‌റ്റം) സ്ഥാപിച്ചു.
പദ്ധതി പരീക്ഷണാടിസ്ഥാനത്തിലാണ് നടപ്പാക്കിയത്. 30 കിലോവാട്ടിന്റെ സൗരപാനലുകളും എയർ കണ്ടീഷൻഡ് കൂളിങ് സാങ്കേതികവിദ്യയുള്ള 150 കിലോവാട്ട് അവർ ലിഥിയം ബാറ്ററിയും 100 കിലോവാട്ട്- ആമ്പിയർ പവർ കണ്ടീഷനിങ് യൂണിറ്റുകളുമാണ് ബെസിൽ ഉള്ളത്.
100 കിലോവാട്ടുവരെ വൈദ്യുതോൽപ്പാദനശേഷിയുള്ള സംവിധാനത്തിന് സൗരോർജമോ ഗ്രിഡിൽനിന്നുള്ള വിതരണമോ ഇല്ലാത്തപ്പോൾ മുഴുവൻ ലോഡിലും ഒന്നരമണിക്കൂർ തുടർച്ചയായി പ്രവർത്തിക്കാനാകും.നിലവിൽ അനർട്ട് കേന്ദ്രകാര്യാലത്തിലെ എസി, ലിഫ്‌റ്റ് ഉൾപ്പെടെ മുഴുവൻ ലോഡുകളും ഈ സംവിധാനത്തിലാണ് പ്രവർത്തിക്കുന്നത്. കൂടാതെ മറ്റു പുനരുപയോഗ ഊർജ സംവിധാനങ്ങളും കണക്ട് ചെയ്‌ത് ഉപയോഗിക്കാം. മുഴുവൻ സംവിധാനത്തിന്റെ വാറന്റി ഏഴുവർഷമാണ്. ലിഥിയം ബാറ്ററിയുടെ വാറന്ററി 10 വർഷവും.
അടിയന്തര സാഹചര്യങ്ങളിൽ കെട്ടിടത്തിൽനിന്ന് സിസ്‌റ്റം വിച്ഛേദിക്കാനും മറ്റേതെങ്കിലും കെട്ടിടത്തിലോ സ്ഥലത്തോ വൈദ്യുതി പുനഃസ്ഥാപിക്കാൻ പുറത്തേക്ക് കൊണ്ടുപോകാനും കഴിയുന്ന തരത്തിലാണ് രൂപകൽപ്പന. ഗ്രിഡിലെ വൈദ്യുതി തടസപ്പെടുമ്പോൾ ബെസ്, ഓഫ്-ഗ്രിഡ് വർക്കിങ്ങിലേക്ക് മാറും. 24 മണിക്കൂറും വൈദ്യുതി ഉറപ്പാക്കും.









0 comments