print edition തീർഥാടകർക്ക് മികച്ച ചികിത്സ ; കേരളത്തിന് ആന്ധ്ര സർക്കാരിന്റെ അഭിനന്ദനം

തിരുവനന്തപുരം
ആന്ധ്രപ്രദേശ് സ്വദേശികളായ ശബരിമല തീര്‍ഥാടകര്‍ക്ക് മികച്ച ചികിത്സയൊരുക്കിയതിന് ആരോഗ്യകേരളത്തിന് അഭിനന്ദനം. കൃത്യമായ ഇടപെടൽ നടത്തിയതിന് മന്ത്രി വീണാ ജോര്‍ജിനും കേരള പൊലീസിനും ആരോഗ്യപ്രവർത്തകർക്കുമാണ് ആന്ധ്രപ്രദേശ് സര്‍ക്കാര്‍ നന്ദിയറിയിച്ചത്. കിഴക്കന്‍ ഗോദാവരി ജില്ലയില്‍നിന്നുള്ള നാല് തീർഥാടകർ സഞ്ചരിച്ചിരുന്ന വാഹനം 25ന് തിരുവനന്തപുരം ചന്തവിളയില്‍വച്ചാണ് അപകടത്തില്‍പ്പെട്ടത്. നാലുപേര്‍ക്കും പരിക്കേറ്റു. പരിക്കേറ്റവരെ പൊലീസ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചു. വിദഗ്ധ പരിചരണം ഉറപ്പാക്കാന്‍ മന്ത്രി വീണാ ജോര്‍ജ് മെഡിക്കല്‍ കോളേജ് സൂപ്രണ്ടിന് നിര്‍ദേശവും നല്‍കി.
തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ശ്രീനിവാസിന് അടിയന്തര ന്യൂറോ സര്‍ജറി നടത്തി തീവ്ര പരിചരണം ഉറപ്പാക്കി. തുടയെല്ലിന് പൊട്ടലുള്ളയാള്‍ ഓര്‍ത്തോ ഐസിയുവില്‍ വിദഗ്ധ ചികിത്സയിലാണ്. മണ്ഡല-–മകരവിളക്ക് സീസണിലെ സര്‍ക്കാരിന്റെ നിരീക്ഷണം, ഊര്‍ജിത രക്ഷാപ്രവര്‍ത്തനം, വിദഗ്ധ മെഡിക്കല്‍ സംവിധാനങ്ങള്‍, മറ്റ് സംസ്ഥാനങ്ങളുമായുള്ള ഏകോപനം എന്നിവയെ ആന്ധ്ര സര്‍ക്കാര്‍ അഭിനന്ദിച്ചു.
പമ്പയിൽ വസ്ത്രം ഉപേക്ഷിക്കുന്നത് ആചാരമല്ല; കർശന നടപടിവേണം
ശബരിമല ദർശനം കഴിഞ്ഞ് മലയിറങ്ങുന്നവർ പമ്പയിൽ വസ്ത്രങ്ങൾ ഉപേക്ഷിക്കുന്നതിൽ കർശന നടപടിവേണമെന്ന് ഹൈക്കോടതി. പമ്പയിൽ വസ്ത്രങ്ങൾ ഉപേക്ഷിക്കുന്നത് ആചാരമല്ലെന്ന് തീർഥാടകരെ ബോധ്യപ്പെടുത്തണമെന്നും ദേവസ്വം ബോർഡിനോട് നിർദേശിച്ചു. പമ്പാനദി മലിനമാകാതിരിക്കാൻ ബോധവൽക്കരണ ദൃശ്യങ്ങൾ പമ്പാതീരത്ത് പ്രദർശിപ്പിക്കണം. കെഎസ്ആർടിസി ബസുകളിലും പ്രചാരണം നടത്തണമെന്ന് ജസ്റ്റിസുമാരായ രാജ വിജയരാഘവൻ, കെ വി ജയകുമാർ എന്നിവരുൾപ്പെട്ട ദേവസ്വം ബെഞ്ച് പറഞ്ഞു.
വസ്ത്രങ്ങൾ നിക്ഷേപിക്കാൻ ഓരോ 50 മീറ്ററിലും പ്രത്യേക മാലിന്യനിക്ഷേപ പെട്ടികൾ സ്ഥാപിക്കണം. സിസിടിവി കാമറകളും വേണമെന്ന് നിർദേശിച്ചു. പമ്പാതീരത്ത് വസ്ത്രങ്ങൾ ഉപേക്ഷിച്ചതിന്റെ ചിത്രങ്ങളടക്കം സ്പെഷ്യൽ കമീഷണർ നൽകിയ റിപ്പോർട്ട് പരിശോധിച്ചാണ് കോടതിയുടെ ഇടപെടൽ.
നെയ്യഭിഷേകത്തിനുശേഷം ലഭിക്കുന്ന നെയ്യ് മേൽശാന്തിമാർ സന്നിധാനത്തും മാളികപ്പുറത്തും വിൽക്കുന്നതും കോടതി നിരോധിച്ചു. പ്ലാസ്റ്റിക് കുപ്പികളിൽ നിറച്ച നെയ്യ് വിൽക്കുന്നത് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ദേവസ്വം ബോർഡ് തന്നെ നിയന്ത്രിത രീതിയിൽ നെയ്യ് വിൽക്കുന്നുണ്ട്. ഇൗ സാഹചര്യത്തിൽ മറ്റു വ്യാപാരം വേണ്ട. ശാന്തിമാരുടെ മുറികളിൽ സൂക്ഷിച്ചിട്ടുള്ള നെയ്യ് ഉടനെ ദേവസ്വം ബോർഡിന് കെെമാറണം. പൂജകൾക്കായി നൽകുന്ന തേൻ, മാനദണ്ഡങ്ങൾ പാലിച്ചുള്ള ലേബലുകളോടെ മാത്രമെ വിതരണം ചെയ്യാവൂ എന്നും നിർദേശിച്ചു.
ഡിസംബർ 2 മുതൽ ശബരിമലയിൽ സദ്യ
ശബരിമലയിലെത്തുന്ന തീർഥാടകർക്ക് ഡിസംബർ രണ്ട് മുതൽ അന്നദാനമായി സദ്യ വിളമ്പുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ. ചോറ്, പരിപ്പ്, സാമ്പാർ, അവിയൽ, അച്ചാർ, തോരൻ, പപ്പടം, പായസം എന്നിങ്ങനെ ചുരുങ്ങിയത് ഏഴ് വിഭവങ്ങളുണ്ടാകും. പകൽ 12 മുതൽ മൂന്നുവരെയാണ് സദ്യ വിളമ്പുക. സ്റ്റീൽ പ്ലേറ്റും ഗ്ലാസും ഉപയോഗിക്കും. നിലവിൽ നാലായിരത്തോളം പേർ ദിവസവും അന്നദാനത്തിൽ പങ്കെടുക്കുന്നുണ്ട്. സദ്യയായാൽ എണ്ണം കൂടുമെന്ന് പ്രതീക്ഷിക്കുന്നതായി ദേവസ്വം ബോർഡ് പ്രസിഡന്റ് പറഞ്ഞു.
ശബരിമലയിലെത്തുന്ന ഓരോ തീർഥാടകനെയും പരിഗണിക്കുന്നു എന്ന സന്ദേശമാണ് ഇതിലൂടെ നൽകുന്നത്. ഇൗ സമീപനം ശബരിമലയുടെ എല്ലാ കാര്യങ്ങളിലും പ്രതിഫലിക്കുമെന്ന് കരുതുന്നു.– കെ ജയകുമാർ പറഞ്ഞു. പായസം ഓരോ ദിവസവും ഓരോന്നായിരിക്കും. മണ്ഡലകാലം രണ്ടാഴ്‌ചയാകുമ്പോൾ തീർഥാടനം സുഗമമായി പുരോഗമിക്കുകയാണ്. ഇതിനകം പത്ത് ലക്ഷത്തിലധികം പേരെത്തി.









0 comments