ad
Deshabhimani

നടൻ ആര്യ ചതിച്ചെന്ന പ്രചാരണം വ്യാജം; തർക്കം താനും വാടകക്കമ്പനിയും തമ്മിലെന്ന് നിർമാതാവ്

ARYA VINOD KUMAR
വെബ് ഡെസ്ക്

Published on Jul 15, 2026, 04:19 PM | 1 min read

കൊച്ചി: നടൻ ആര്യ ഹൈദരാബാദിലെ ലൈറ്റ്-ക്യാമറ വാടകക്കമ്പനിയെ ചതിച്ചെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് ‘അനന്തൻ കാട്’ സിനിമയുടെ നിർമാതാവ് എസ് വിനോദ് കുമാർ. കമ്പനിയും താനും തമ്മിലുള്ള സാമ്പത്തിക തർക്കത്തിൽ ആര്യയെ അനാവശ്യമായി ഉൾപ്പെടുത്തി അപകീർത്തിപ്പെടുത്താൻ ശ്രമിക്കുകയാണെന്നും അദ്ദേഹം എറണാകുളം പ്രസ് ക്ലബിൽ നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു.


ഹൈദരാബാദ് ആസ്ഥാനമായ താഹിർ സിനി ടെക്നിക് എന്ന കമ്പനിയാണ് ആരോപണം ഉന്നയിച്ചത്. കമ്പനി മുന്നോട്ടുവച്ച അനാവശ്യ സാമ്പത്തിക ആവശ്യം അംഗീകരിക്കാത്തതിനെ തുടർന്ന് സിനിമയുടെ റിലീസ് തടയുമെന്ന് ഭീഷണിപ്പെടുത്തിയെന്നാണ് വിനോദ് കുമാറ്‍ പറയുന്നത്. തർക്കം നടൻ ആര്യയുമായല്ലെന്നും നിർമാതാവെന്ന നിലയിൽ താനും കമ്പനിയും തമ്മിലാണെന്നും അദ്ദേഹം വ്യക്തമാക്കി.


ഭീഷണിയെ തുടർന്ന് എറണാകുളം മുൻസിഫ് കോടതിയെ സമീപിച്ചു. കോടതിയുടെ നിർദേശപ്രകാരം തർക്കത്തിലുള്ള തുക നിക്ഷേപിക്കുകയും തുടർന്ന് സിനിമ റിലീസ് ചെയ്യാൻ അനുമതി ലഭിക്കുകയും ചെയ്തതായി നിർമാതാവ് പറഞ്ഞു.


എറണാകുളം കോടതിയിൽ സമർപ്പിച്ച രേഖകൾ വ്യാജമാണെന്ന് ആരോപിച്ച് പിന്നീട് കമ്പനി രം​ഗത്ത് വന്നു. എന്നാൽ ഇതേ രേഖകൾ പിന്നീട് ഹൈദരാബാദ് കൊമേഴ്സ്യൽ കോടതിയിൽ നൽകിയ ഹർജിക്കൊപ്പം കമ്പനി തന്നെ സമർപ്പിച്ചുവെന്നും വിനോദ് കുമാർ പറയുന്നു. ഹൈദരാബാദ് കോടതിയുടെ ഉത്തരവിന് വിശദമായ മറുപടി നൽകാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.


ഒരേ വിഷയത്തിൽ എറണാകുളം കോടതിയിൽ കേസ് നിലനിൽക്കുന്നതിനിടെ ഹൈദരാബാദിലും ഹർജി നൽകിയതിന്റെ നിയമസാധുത കോടതിയിൽ ചോദ്യം ചെയ്യും. കോടതികളുടെ നിയമാനുസൃത ഉത്തരവുകൾ പാലിക്കാൻ തയ്യാറാണെന്നും കമ്പനിയുടെ ആരോപണങ്ങൾ തെളിവുകളുടെ അടിസ്ഥാനത്തിൽ നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി.


ഇതിനിടെയാണ് തനിക്കും നടൻ ആര്യയ്ക്കുമെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തതായി മാധ്യമങ്ങളിലൂടെ അറിഞ്ഞത്. ആര്യയുടെ പേര് കളങ്കപ്പെടുത്താനും സമ്മർദം ചെലുത്താനുമുള്ള ശ്രമമാണ് പൊലീസ് കേസെന്നും വിനോദ് കുമാർ ആരോപിച്ചു. ഹൈദരാബാദിലെ ജൂബിലി ഹിൽസ് പൊലീസ് സ്റ്റേഷനിൽനിന്ന് ഫോൺ വിളി ലഭിച്ചപ്പോൾ കേസുകൾ കോടതിയുടെ പരിഗണനയിലാണെന്നും തന്റെ പക്കൽ രേഖകളും തെളിവുകളുമുണ്ടെന്നും അറിയിച്ചതായും അദ്ദേഹം പറഞ്ഞു.


വിഷയം കോടതികളുടെ പരിഗണനയിലായതിനാലാണ് ഇതുവരെ പൊതുവേദിയിൽ പ്രതികരിക്കാതിരുന്നതെന്നും എസ് വിനോദ് കുമാർ കൂട്ടിച്ചേർത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home