മരണാനന്തരവും ബിജെപിയുടെ അവഹേളനം
print edition ആനന്ദ് ആർഎസ്‌എസ് നേതാവും സജീവ ബിജെപി പ്രവർത്തകനും ; ബിജെപി നേതാക്കളുടെ വാദം പൊളിച്ച് ചിത്രം

2020ൽ പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച് ബിജെപി തിരുവനന്തപുരത്ത് സംഘടിപ്പിച്ച ജനജാഗ്രതാ സമ്മേളനത്തിൽ ആനന്ദ് സംസാരിക്കുന്നു
തിരുവനന്തപുരം
ആനന്ദ് കെ തമ്പി ബിജെപി, ആർഎസ്എസ് പ്രവർത്തകനല്ലെന്ന ബിജെപി നേതാക്കളുടെ വാദം പൊളിച്ച് ചിത്രങ്ങൾ. 2020ൽ പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച് ബിജെപി തിരുവനന്തപുരത്ത് സംഘടിപ്പിച്ച ജനജാഗ്രതാ സമ്മേളനത്തിൽ ആനന്ദ് സംസാരിക്കുന്ന ചിത്രങ്ങൾ സാമൂഹ്യമാധ്യമങ്ങളിലുണ്ട്.
ഒരു മാസം മുമ്പ് ജീവനൊടുക്കിയ ബിജെപി ജില്ലാ നേതാവും തിരുവനന്തപുരം കോർപറേഷൻ കൗൺസിലറുമായിരുന്ന തിരുമല അനിൽ, കൗൺസിലറായ പി വി മഞ്ജു എന്നിവരും ആനന്ദിനൊപ്പം പങ്കെടുത്തിരുന്നു. ഇതോടെ ആനന്ദിനെ തള്ളിപ്പറഞ്ഞ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറടക്കം വെട്ടിലായി.
ആർഎസിഎസിന്റെ പ്രമുഖ നേതാവും ബിജെപിയുടെ സജീവ പ്രവർത്തകനുമാണ് ആനന്ദ്.
പതിനാറാം വയസ്സുമുതൽ ആർഎസ്‌എസ് ശാഖകളിൽ പ്രവർത്തിച്ചുതുടങ്ങി. എംജി കോളേജിൽ ബിരുദ വിദ്യാർഥിയായിരിക്കെ ആർഎസ്എസിന്റെ മുഖ്യശിക്ഷകായും യുയുസിയായും പ്രവർത്തിച്ചു. ആർഎസ്എസ് പ്രചാരക് ആയി കോഴിക്കോട് കുന്നമംഗലം താലൂക്കിലും തിരുമല തൃക്കണ്ണാപുരം മണ്ഡൽ കാര്യവാഹ്, തിരുമല മണ്ഡലത്തിന്റെ ശാരീരിക പ്രമുഖ്, തിരുമല ഉപനഗരത്തിന്റെ ശാരീരിക പ്രമുഖ്, സഹകാര്യവാഹക് എന്നീ നിലകളിലും പ്രവർത്തിച്ചു.
ഇത്തവണത്തെ തദ്ദേശ തെരഞ്ഞെടുപ്പിൽ കോർപ്പറേഷനിൽ സീറ്റ് നൽകുമെന്ന് ആർഎസ്എസ്, ബിജെപി നേതൃത്വം ആനന്ദിനെ അറിയിച്ചതായാണ് വിവരം. ഇക്കാര്യം പല സുഹൃത്തുക്കളോടും പറഞ്ഞിരുന്നു.
മരണാനന്തരവും ബിജെപിയുടെ അവഹേളനം
മണ്ണ് മാഫിയക്കാരനെ സ്ഥാനാർഥിയാക്കിയതിൽ പ്രതിഷേധിച്ചതിന് കടുത്തഭീഷണി നേരിട്ട് മാനസിക സമ്മർദത്തിലായി ജീവനൊടുക്കിയ ആർഎസ്‌എസ് നേതാവ് ആനന്ദ് കെ തമ്പിയെ മരണാനന്തരവും അവഹേളിച്ച് ബിജെപി നേതൃത്വം. ആനന്ദിനെ തള്ളിപ്പറയാൻ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി എസ് സുരേഷ് പറഞ്ഞത് ആനന്ദിന് ബിജെപിയുമായി ബന്ധമില്ലെന്നാണ്.
ആത്മഹത്യാകുറിപ്പിലെ പരാമർശങ്ങളോടും സുരേഷിന് പ്രതികരണമുണ്ടായില്ല. ആനന്ദിനെ തള്ളിക്കളഞ്ഞ എസ് സുരേഷ്, ആത്മഹത്യയ്‌ക്ക് ശ്രമിച്ച നെടുമങ്ങാട് സ്വദേശിനി ശാലിനി മഹിളാമോർച്ച നേതാവാണെന്ന് സമ്മതിക്കുകയുംചെയ്‌തു. നേരത്തെ ആർഎസ്‌എസുകാരനായിരുന്നെന്നും ആനന്ദിന് ബിജെപിയുമായി ബന്ധമില്ലെന്നും സംസ്ഥാന വൈസ് പ്രസിഡന്റ് റിട്ട. പൊലീസ് ഉദ്യോഗസ്ഥ ആർ ശ്രീലേഖയുടെയും ജില്ലാ പ്രസിഡന്റ് കരമന ജയന്റെയും സാന്നിധ്യത്തിലാണ് സുരേഷ് പറഞ്ഞത്.









0 comments