ആനാട് ശശി കോൺഗ്രസ് അഴിമതിയുടെ രണ്ടാം രക്തസാക്ഷി

തിരുവനന്തപുരം: മനോരമ നെടുമങ്ങാട് ലേഖകനും പ്രാദേശിക കോൺഗ്രസ് നേതാവുമായ ശശിധരൻനായർ (ആനാട് ശശി) മുണ്ടേല രാജീവ്‌ഗാന്ധി റസിഡൻസ് വെൽഫെയർ സഹകരണസംഘത്തിലെ അഴിമതിയുടെ രണ്ടാം രക്തസാക്ഷി. സ്വന്തം പ്രസ്ഥാനത്തിന്റെ ഭരണസമിതിയിൽ വിശ്വസിച്ച ശശി ജീവനൊടുക്കിയത് നിക്ഷേപിച്ച പണം ഒരിക്കലും തിരിച്ചുകിട്ടില്ലെന്ന് മനസ്സിലായതോടെ. രാജീവ്‌ഗാന്ധി സഹകരണസംഘത്തിൽ 1.62 കോടി രൂപയാണ് ശശി നിക്ഷേപിച്ചിരുന്നത്. പണം തിരികെ ലഭിക്കാൻ ഉന്നത കോൺഗ്രസ് നേതാക്കളെവരെ ബന്ധപ്പെട്ടിട്ടും എല്ലാവരും കൈമലർത്തി. മാസങ്ങൾക്ക്‌മുമ്പ് കോൺഗ്രസ് നേതാവും ബാങ്ക് പ്രസിഡന്റുമായിരുന്ന എം മോഹനകുമാരൻ നായർ ജീവനൊടുക്കിയിരുന്നു.
നിക്ഷേപകരുടെ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ 2024 സെപ്‌തംബറിലാണ് സംഘത്തിൽ 24 കോടിയുടെ അഴിമതി കണ്ടെത്തിയത്. ഇതോടെ ഭരണസമിതി പിരിച്ചുവിട്ടു. ഗ്രാമീണമേഖലയിലെ സാധാരണക്കാരായ ജനങ്ങളുടെ ചെറിയ നിക്ഷേപങ്ങൾവരെ കോൺഗ്രസ് ഭരണസമിതി തട്ടിയെടുത്തു.
വസ്തുജാമ്യത്തിൽ നൽകിയ വായ്പാ കുടിശ്ശിക (5.07 കോടി), പരസ്പര ജാമ്യത്തിൽ നൽകിയ വായ്പാ കുടിശ്ശിക (4.57 കോടി), ക്രമവിരുദ്ധമായി ശമ്പളം നൽകിയത് (48.29 ലക്ഷം), എംഡിഎസ് പദ്ധതിയിലെ കുടിശ്ശിക (12.66 കോടി), ടിഎ ഇനത്തിൽ ഈടാക്കാനുള്ളത് (7.33 ലക്ഷം), അധിക പലിശ നൽകിയതിൽ ഈടാക്കാനുള്ളത് (1.13 കോടി), താൽക്കാലിക ജീവനക്കാർക്ക് ശമ്പളം നൽകിയത് (47.91 കോടി), ഹാർഡ് വെയർ സ്റ്റോറിൽ ഉണ്ടായ നഷ്ടം (25.02 ലക്ഷം) എന്നിങ്ങനെയാണ് ഓഡിറ്റിൽ കണ്ടെത്തിയ ക്രമക്കേടുകൾ. വൻ അഴിമതികളുടെ കഥകൾ പുറത്തുവന്ന ദിവസംമുതൽ ശശി സമ്മർദത്തിലായിരുന്നു. വസ്‌തു വിറ്റ് കിട്ടിയ പണം മകളുടെ പഠനാവശ്യങ്ങൾക്കുവേണ്ടിയാണ് ബാങ്കിൽ നിക്ഷേപിച്ചിരുന്നത്.
ഒരു വര്‍ഷത്തിനിടെ ജീവനൊടുക്കിയത് 2 പേര്‍; വഴിയാധാരമായത് അനേകര്‍
നെടുമങ്ങാട്: കോണ്‍ഗ്രസ് ആരംഭിച്ച മുണ്ടേല രാജീവ് ഗാന്ധി റസിഡന്‍സ് വെൽഫെയർ സഹകരണ സംഘം സാധാരണക്കാരെ ആത്മഹത്യയിലേക്ക് തള്ളിവിടുന്ന കേന്ദ്രമായി. ഒരു വര്‍ഷത്തിനിടെ ആത്മഹത്യ ചെയ്തത് രണ്ടുപേര്‍. വഴിയാധാരമായവര്‍ അതിലേറെ. മനോരമ നെടുമങ്ങാട് ലേഖകന്‍ ആനാട് ശശിയാണ് കഴിഞ്ഞദിവസം ജീവനൊടുക്കിയത്.
സംഘം പ്രസിഡന്റ് മുണ്ടേല കൃഷ്ണകൃപയില്‍ മോഹനകുമാരന്‍ നായര്‍ (62) ആത്മഹത്യ ചെയ്തത് ഏതാനും മാസംമുമ്പാണ്. ഇരുവരും പ്രാദേശിക കോണ്‍ഗ്രസ് നേതാക്കളാണ്. ഒരാള്‍ നടത്തിയ തട്ടിപ്പിന്റെ ഭാരം താങ്ങാനാകാതെയും മറ്റൊരാള്‍ തട്ടിപ്പിന് ഇരയായതിന്റെ ആധിയിലുമാണ് മരിച്ചത്. 1.62 കോടി രൂപയാണ് ആനാട് ശശിക്ക് നഷ്ടമായത്.
കോണ്‍ഗ്രസ് ജില്ലാ നേതൃത്വത്തിന്റെ അറിവോടെ 2009ലാണ് സംഘം പ്രവര്‍ത്തനം ആരംഭിച്ചത്. സ്ഥാപക പ്രസിഡന്റായിരുന്നു മോഹനകുമാരന്‍ നായര്‍. കോണ്‍ഗ്രസ് ജില്ലാ, -മണ്ഡലം നേതൃത്വങ്ങളുടെ പ്രിയപ്പെട്ടവരെമാത്രം ഉള്‍പ്പെടുത്തിയാണ് ഭരണസമിതി രൂപീകരിച്ചത്. കുറഞ്ഞ കാലയളവില്‍ നിക്ഷേപമായി കോടികളാണ് സ്വീകരിച്ചത്. പ്രലോഭനങ്ങളിലൂടെ നിക്ഷേപകരെ കണ്ടെത്താന്‍ പ്രത്യേക സംഘത്തെ തന്നെ നിയോഗിച്ചു.
തുക ബിനാമി ഇടപാടുകള്‍ വഴി സ്വന്തം കീശയിലാക്കുകയായിരുന്നു കോൺഗ്രസ് നേതൃത്വം. 2020 ആയപ്പോഴേക്കും സംഘത്തിന്റെ പ്രവര്‍ത്തനം താളംതെറ്റിത്തുടങ്ങി. 2024 ആയപ്പോഴേക്കും നൂറുകണക്കിനു നിക്ഷേപകര്‍ പരാതികളുമായെത്തി. അസിസ്റ്റന്റ് രജിസ്ട്രാര്‍ നടത്തിയ അന്വേഷണത്തില്‍ വൻ വെട്ടിപ്പാണ് കണ്ടെത്തിയത്. പ്രസിഡന്റ് മോഹനകുമാരന്‍ വസ്തുക്കള്‍ ഈടായി വച്ച് ഗഹാന്‍ രജിസ്റ്റര്‍ ചെയ്ത് വിവിധ ആളുകളുടെ പേരില്‍ മുപ്പത്തഞ്ചോളം വായ്പ എടുത്തതായി കണ്ടെത്തി.
1.65 കോടി രൂപയാണ് ഈ നിലയില്‍ പ്രസിഡന്റ് കൈക്കലാക്കിയത്. പ്രസിഡന്റിന്റെ ഭാര്യയുടെ പേരില്‍ 10 വായ്പകളിലായി 52 ലക്ഷം രൂപ കൈപ്പറ്റിയതായും ഭാര്യാസഹോദരന്റെ പേരിൽ 46 വായ്പകളില്‍നിന്നായി 2.41 കോടി കൈക്കലാക്കിയതായും അന്വേഷകസംഘം കണ്ടെത്തി. പ്രസിഡന്റിന്റെ സഹോദര ഭാര്യയായിരുന്നു ബാങ്കിന്റെ സെക്രട്ടറി. അവരുടെ പേരില്‍ 10 വായ്പകളും അവരുടെ ഭര്‍ത്താവിന്റെ പേരില്‍ 25 വായ്പകളും കണ്ടെത്തി. രണ്ടു കോടിയോളം രൂപയാണ് ആ നിലയില്‍ തട്ടിയെടുത്തത്.
ജീവനക്കാരുടെ പേരില്‍മാത്രം നൂറോളം വായ്പയിലൂടെ മൂന്നൂ കോടിയിലധികം രൂപയും തട്ടി. നിക്ഷേപകരുടെ മുഴുവന്‍ തുകയും പ്രസിഡന്റും കോണ്‍ഗ്രസ് നേതൃത്വവും തട്ടിയെടുത്തു. ഇതില്‍ നല്ലൊരു പങ്ക് കോണ്‍ഗ്രസ് നേതൃത്വത്തില്‍ ചിലരാണ് കൈക്കലാക്കിയതെന്ന് മോഹനകുമാരന്‍ നായര്‍ അന്ന് പരസ്യ പ്രസ്താവന നടത്തി. പ്രസിഡന്റിന്റെ പേരില്‍ അരുവിക്കര ഭാഗത്ത് രണ്ട് റിസോര്‍ട്ടുകളുണ്ട്.
ഡിസിസി ഭാരവാഹികളായിരുന്നവരടക്കം ചില മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുമായി ചേര്‍ന്ന് പാലോട്, വാമനപുരം മേഖലയില്‍ ഏക്കറു കണക്കിന് വസ്തു വാങ്ങിക്കൂട്ടിയതായും ആക്ഷേപമുണ്ട്. കുടുംബ ഷെയറായി കിട്ടിയ വസ്തു വിറ്റ തുകയും ഭാര്യ പെന്‍ഷനായപ്പോള്‍ കിട്ടിയ തുകയും ചേര്‍ത്ത് 1.62 കോടി രൂപയാണ് ആനാട് ശശി സംഘത്തില്‍ നിക്ഷേപിച്ചത്. ഭാര്യയുടെ ബന്ധുവിനെ കൊണ്ട് 30 ലക്ഷം രൂപയും നിക്ഷേപിപ്പിച്ചിരുന്നു.









0 comments