Deshabhimani

കുടിശ്ശികകൾ ഒറ്റത്തവണ തീർപ്പാക്കുന്നതിനായി ആംനെസ്റ്റി പദ്ധതി: സെമിനാർ മന്ത്രി ഉദ്ഘാടനം ചെയ്യും

knb
വെബ് ഡെസ്ക്

Published on Jun 18, 2025, 07:22 AM | 2 min read

തിരുവനന്തപുരം: വ്യാപാരികളുടെ നികുതി കുടിശ്ശികകൾ ഒറ്റത്തവണ തീർപ്പാക്കുന്നതിനായി സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ച ആംനെസ്റ്റി പദ്ധതിയെക്കുറിച്ചും വിവിധ വ്യാപാരി ക്ഷേമ പദ്ധതികളെക്കുറിച്ചും സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പും വ്യാപാരി ക്ഷേമ ബോർഡും സംയുക്തമായി സെമിനാർ സംഘടിപ്പിക്കുന്നു. തിരുവനന്തപുരം മാസ്കോട്ട് ഹോട്ടലിൽ ബുധൻ ഉച്ചയ്ക്ക് 2.30 ന് നടക്കുന്ന സെമിനാർ ധനമന്ത്രി കെ എൻ ബാലഗോപാൽ ഉദ്ഘാടനം ചെയ്യും. പദ്ധതിയെക്കുറിച്ച് വ്യാപാരി, വ്യവസായി സമൂഹവുമായി മന്ത്രി സംവദിക്കും.

ഫെബ്രുവരിയിൽ ധനമന്ത്രി നിയമസഭയിൽ അവതരിപ്പിച്ച ബജറ്റിൽ നാല് തരം ആംനെസ്റ്റി പദ്ധതികളാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ജനറൽ അംനെസ്റ്റി, ഫ്ലഡ് സെസ് ആംനെസ്റ്റി ബാർ ഹോട്ടൽ ആംനെസ്റ്റി ഡിസ്റ്റിലറി അരിയർ സെറ്റിൽമെൻറ് സ്കീം എന്നിവയാണിത്. ജിഎസ്ടി നിയമം നിലവിൽ വരുന്നതിനു മുൻപുള്ള നികുതി നിയമങ്ങളുമായി ബന്ധപ്പെട്ട കുടിശ്ശികകൾ തീർപ്പാക്കുന്നതിനു വേണ്ടി നടപ്പിലാക്കിയ സമഗ്ര കുടിശ്ശിക നിവാരണ പദ്ധതിയാണ് ജനറൽ ആംനെസ്റ്റി 2025.


സെമിനാറിനെ തുടർന്ന് വിവിധ വ്യാപാരി ക്ഷേമ പദ്ധതികളെക്കുറിച്ചുള്ള വിശദീകരണം നടക്കും. വ്യാപാരികൾക്ക് ആംനെസ്റ്റി പദ്ധതിയെക്കുറിച്ചും വിവിധ ക്ഷേമ പദ്ധതികളെയും കുറിച്ചുമുള്ള സംശയനിവാരണത്തിനായി ഹെൽപ്പ് ഡെസ്കുകളും സജ്ജീകരിക്കുന്നുണ്ട്.


ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ വന്ന ആംനെസ്റ്റി പദ്ധതി വ്യാപാര മേഖലയ്ക്ക് പുതിയ ഉത്തേജനം നൽകാൻ സഹായകമാണ്. ജനറൽ ആംനെസ്റ്റി പദ്ധതി പ്രകാരം കേരള മൂല്യവർധിത നികുതി നിയമം, കേരള നികുതിയിൻമേലുള്ള സർചാർജ് നിയമം, കേരള കാർഷിക ആദായ നികുതി നിയമം, കേരള ആഡംബര നികുതി നിയമം, കേന്ദ്ര വിൽപ്പന നികുതി നിയമം എന്നീ മുൻകാല നിയമങ്ങൾ പ്രകാരമുള്ള നികുതി കുടിശ്ശികകൾ തീർപ്പാക്കുന്നതിന് അവസരം നൽകും.


ജനറൽ ആംനെസ്റ്റി പദ്ധതിയിൽ ഭാഗമാകുന്നവർക്ക് കുടിശ്ശികയിലുള്ള നികുതിയുടെ നിശ്ചിത ശതമാനം കിഴിവും പിഴയിലും പലിശയിലും പൂർണ ഒഴിവും ലഭ്യമാകും. കുടിശ്ശിക തുകയുടെ അടിസ്ഥാനത്തിൽ പദ്ധതിയെ മൂന്ന് സ്ലാബുകളായി തിരിച്ചിട്ടുണ്ട്. പദ്ധതി പ്രകാരം ബാധകമാകുന്ന നിരക്കിലുള്ള നികുതി തുക ഇ-ട്രഷറി പോർട്ടലായ www.etreasury.kerala.gov.in വഴി അടച്ചതിനു ശേഷം അപേക്ഷ ജൂൺ 30നകം സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പിൻറെ വെബ്സൈറ്റായ www.keralataxes.gov.in -ലാണ് സമർപ്പിക്കേണ്ടത്.


2019 ആഗസ്റ്റ് മുതൽ 2021 ജൂലായ് വരെയുള്ള കാലയളവിലെ ഫ്ലഡ് സെസ് ഒടുക്കുവാൻ ബാക്കിയുള്ളവർ ജൂൺ 30 നുള്ളിൽ ഇ-ട്രഷറി പോർട്ടലായ www.etreasury.kerala.gov.in വഴി കുടിശ്ശികയായ സെസ് ഒടുക്കി അസസിങ് അതോറിറ്റിയെ അറിയിച്ചാൽ ഫ്ലഡ് സെസ് ആംനെസ്റ്റി- 2025 പ്രകാരം പലിശയും പിഴയും പൂർണ്ണമായും ഒഴിവാക്കുന്നതാണ്.


ബാർ ഹോട്ടലുകാർ 2005-06 മുതൽ 2020-21 വർഷം വരെയുള്ള എല്ലാ ടേൺഓവർ ടാക്സ് കുടിശ്ശികകളും തീർപ്പാക്കാനായി പൂർണമായ ടേൺഓവർ ടാക്സ് കുടിശ്ശികയും, സെസ്സും, പലിശയുടെ അൻപത് ശതമാനവും ഒടുക്കി അസസിങ് അതോറിറ്റി മുൻപാകെ അപേക്ഷ സമർപ്പിച്ചാൽ ബാക്കി പലിശയും പിഴയും ഒഴിവാക്കുന്നതാണ്.

ഡിസ്റ്റിലറി അരിയർ സെറ്റിൽമെൻറ് സ്കീം 2025 പ്രകാരം സംസ്ഥാനത്തെ ഡിസ്റ്റിലറികൾക്ക് 2022 ജൂൺ മുതൽ നവംബർ വരെയുള്ള കാലയളവിലെ ടേൺഓവർ ടാക്സ് കുടിശ്ശിക തീർപ്പാക്കാനായി, പോർട്ടലിലൂടെ തുക ഒടുക്കിയതിൻറെ ഇ-ചലാൻ ജൂൺ 30 ന് മുമ്പ് അസസിങ് അതോറിറ്റി മുൻപാകെ സമർപ്പിച്ചാൽ ബാക്കി പലിശയും പിഴയും ഒഴിവാക്കും.




deshabhimani section

Related News

View More
0 comments
Sort by

Home