print edition ഉക്രയ്‌ൻ കപ്പലിനുനേരെയുണ്ടായ റഷ്യൻ മിസൈൽ ആക്രമണം; കൊല്ലപ്പെട്ട അഖിൽ ജോയന്റെ മൃതദേഹം ഇന്നെത്തിക്കും

കാസർകോട്: ഉക്രയ്‌നിൽ കപ്പലിനുനേരെയുണ്ടായ റഷ്യൻ മിസൈലാക്രമണത്തിൽ കൊല്ലപ്പെട്ട കാസർകോട് വെള്ളരിക്കുണ്ട് എ കെ ജി നഗർ സ്വദേശിയായ മർച്ചന്റ് നേവി ഉദ്യോഗസ്ഥൻ വാളിപ്ലാക്കൽ അഖിൽ ജോയന്റെ മൃതദേഹം തിങ്കളാഴ്ച വീട്ടിലെത്തിക്കും.
ബംഗളൂരുവിൽനിന്ന് ചെറുപുഴ വഴിയെത്തുന്ന മൃതദേഹം പകൽ 12ന് എ കെ ജി നഗറിലെ വീട്ടിലും രണ്ടുമുതൽ വെള്ളരിക്കുണ്ട് ചെറുപുഷ്പം ഫൊറോന പള്ളിയിലും പൊതുദർശനത്തിനുശേഷം മൂന്നിന് പള്ളി സെമിത്തേരിയിൽ സംസ്‌കരിക്കും. ചിറ്റാരിക്കാൽ മലബാർ ഹാർഡ്‌വേഴ്സ് ജീവനക്കാരൻ വാളിപ്ലാക്കൽ ജോയന്റെയും പരപ്പ പോസ്റ്റ് ഓഫീസിലെ ആർഡി കലക്ഷൻ ഏജന്റ് സാലിയുടെയും ഏക മകനാണ് അഖിൽ.
അവധിക്ക് നാട്ടിൽവന്ന് വിവാഹമുറപ്പിച്ച് തിരിച്ചുപോയി ഒരുമാസത്തിനിടെയാണ് മരണം. ജൂലൈ 19ന് ഞായർ വൈകിട്ട് 6നും 7.30 ഇടയിലാണ് മിസൈലാക്രമണത്തിൽ അഖിൽ മരിച്ചത്. ഷിപ്പിലെ ചീഫ് ഓഫീസറായിരുന്നു അഖിൽ.
ഉക്രയ്‌ൻ നഗരമായ കീവിലെ ഒഡേസ തുറമുഖത്തിനുസമീപം കരിങ്കടലിൽ ‘ഗോൾഡൻ ലിയോ’ ചരക്കുകപ്പലിനുനേരെയുണ്ടായ മിസൈൽ ആക്രമണത്തിലാണ് മുഖ്യ ഓഫീസറായിരുന്ന അഖിൽ അടക്കം 10 പേർ ജൂലൈ 19ന് കൊല്ലപ്പെട്ടത്.
ഇന്ത്യൻ, സിറിയൻ നാവികരായ 17 പേരാണ് കപ്പലിൽ ഉണ്ടായിരുന്നത്. ഒരുമാസം കഴിഞ്ഞാണ് മൃതദേഹം നാട്ടിലെത്തുന്നത്.










0 comments