Deshabhimani

കാലാതീതമായ ശബ്ദത്തിന് ആദരം: നാടക വിഭാഗത്തിൽ പരമോന്നത ഗ്രേഡ് നൽകി നടൻ മോഹൻലാലിനെ ആകാശവാണി ആദരിച്ചു

MOHANLAL
വെബ് ഡെസ്ക്

Published on Nov 29, 2026, 10:12 PM | 1 min read

തിരുവനന്തപുരം: നടൻ മോഹൻലാലിനെ നാടക വിഭാഗത്തിലെ പരമോന്നത ബഹുമതിയായ 'ടോപ്പ് ഗ്രേഡ്' (TOP GRADE) സർട്ടിഫിക്കറ്റ് നൽകി ആകാശവാണി ആദരിച്ചു. ആകാശവാണി ഡയറക്ടർ ജനറലിന് വേണ്ടി ആകാശവാണി തിരുവനന്തപുരം റീജിയണൽ ചാനൽ മാനേജർ ഡോ. എ. ജി. ബൈജു, പ്രോഗ്രാം വിഭാഗം മേധാവി ശ്രീ പി. എ. ബിജു എന്നിവർ ചേർന്ന് ഇന്നലെ കൊച്ചിയിൽ നടന്ന ചടങ്ങിൽ ബഹുമതി സമ്മാനിച്ചു. അത്യപൂർവ്വമായി മാത്രമേ രാജ്യത്ത് ഓഡിഷൻ കൂടാതെ കലാകാരന്മാർക്ക് ടോപ് ഗ്രേഡ് പദവി ആകാശവാണി സമ്മാനിച്ചിട്ടുള്ളൂ.

​

2026-ൽ ആകാശവാണി തിരുവനന്തപുരം, കൊച്ചി നിലയങ്ങൾ സംയുക്തമായി സംഘടിപ്പിച്ച അഖില കേരള റേഡിയോ നാടകോത്സവത്തിൽ രണ്ട് ശ്രദ്ധേയമായ റേഡിയോ നാടകങ്ങളിൽ മോഹൻലാൽ ശബ്ദം നൽകിയിരുന്നു. എട്ടുവർഷത്തെ ഇടവേളയ്ക്ക് ശേഷം പുനരാരംഭിച്ച റേഡിയോ നാടകോത്സവത്തിന് വൻ സ്വീകാര്യത നേടിക്കൊടുക്കുന്നതിൽ അദ്ദേഹത്തിന്റെ സാന്നിധ്യം നിർണ്ണായകമായി. തിരുവനന്തപുരം നിലയത്തിന്റെ 'ദൈവത്തിൻ മനമാരുകണ്ടു' എന്ന നാടകത്തിലും കൊച്ചി നിലയത്തിന്റെ 'കടങ്കഥയിലെ വിരുന്നുകാരൻ' എന്ന നാടകത്തിലുമാണ് അദ്ദേഹം പ്രധാന കഥാപാത്രങ്ങൾക്ക് ശബ്ദം നൽകിയത്.

​

ആകാശവാണിയുടെ റേഡിയോ നാടക വേദിയുമായി പതിറ്റാണ്ടുകൾ നീണ്ട ഊഷ്മളമായ ബന്ധമാണ് മോഹൻലാലിനുള്ളത്. മുൻകാലങ്ങളിൽ ആകാശവാണി പ്രക്ഷേപണം ചെയ്ത 'കത്തുകൾ കഥ പറയുന്നു', 'ജീവനുള്ള പ്രതിമകൾ' തുടങ്ങിയ റേഡിയോ നാടകങ്ങളിലെ അദ്ദേഹത്തിന്റെ അവിസ്മരണീയമായ ശബ്ദപ്രകടനം ഇന്നും ശ്രോതാക്കളുടെ മനസ്സിൽ മായാതെ നിൽക്കുന്നു. റേഡിയോ നാടക പ്രസ്ഥാനത്തോടുള്ള അദ്ദേഹത്തിന്റെ അചഞ്ചലമായ സ്നേഹത്തിനും ഈ മാധ്യമത്തിന് നൽകിയ അതുല്യമായ സംഭാവനകൾക്കുമുള്ള അംഗീകാരമായാണ് ആകാശവാണി പരമോന്നത ഗ്രേഡ് ബഹുമതി നൽകി ആദരിച്ചത്.

​

ചടങ്ങിൽ സി എ. സനിൽ കുമാർ എം.ബി, ആകാശവാണി തിരുവനന്തപുരം നാടക വിഭാഗം പ്രോഗ്രാം എക്സിക്യൂട്ടീവ് റൂബി ബാബു, മറ്റ് പ്രോഗ്രാം എക്സിക്യൂട്ടീവുമാരായ ജി സന്തോഷ് കുമാർ, ഡോ ജയമോഹൻ, ഫഹദ് റാസ, ഐശ്വര്യ നായർ, റിയാസ് കെ.ഐ., എന്നിവരും മറ്റ് ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു.

​

***

​

​




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home