ad
Deshabhimani

ശബരിമല സ്വർണ്ണക്കൊള്ള: നടൻ ജയറാം ഇന്ന് ഇഡിക്ക് മുന്നിൽ ഹാജരായേക്കും

Jayaram.jpg
വെബ് ഡെസ്ക്

Published on Feb 17, 2026, 07:00 AM | 1 min read

കൊച്ചി: ശബരിമല സ്വർണ്ണക്കൊള്ളക്കേസുമായി ബന്ധപ്പെട്ട് നടൻ ജയറാം ഇന്ന് (ഫെബ്രുവരി 17, ചൊവ്വാഴ്ച) എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് (ഇഡി) മുന്നിൽ ഹാജരായേക്കും. കൊച്ചിയിലെ ഇഡി ഓഫീസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് കഴിഞ്ഞ ആഴ്ചയാണ് കേന്ദ്ര ഏജൻസി നടന് സമൻസ് അയച്ചത്.


കേസിലെ മുഖ്യപ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റിയുമായുള്ള സാമ്പത്തിക ഇടപാടുകളെക്കുറിച്ചും സൗഹൃദത്തെക്കുറിച്ചുമാണ് ഇഡി പ്രധാനമായും അന്വേഷിക്കുന്നത്. നേരത്തെ കേരള പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം ജയറാമിനെ ചെന്നൈയിലെ വീട്ടിലെത്തി ചോദ്യം ചെയ്തിരുന്നു. നിലവിൽ കേസിൽ സാക്ഷിപ്പട്ടികയിലാണ് ജയറാം ഉൾപ്പെട്ടിരിക്കുന്നത്.


2019-ൽ ശബരിമല നടയിലെ സ്വർണ്ണം പൂശിയ കട്ടിളപ്പാളികൾ ജയറാമിന്റെ ചെന്നൈയിലെ വീട്ടിലെത്തിച്ച് പൂജ നടത്തിയതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതാണ് കേസിൽ താരത്തിന് തിരിച്ചടിയായത്. ഭക്തിയുടെ ഭാഗമായാണ് താൻ പൂജയിൽ പങ്കെടുത്തതെന്നും അല്ലാതെ മറ്റൊന്നുമറിയില്ലെന്നുമാണ് ജയറാം മുൻപ് നൽകിയ മൊഴി.


എന്നാൽ, ഇതിന് പിന്നിൽ വലിയ തോതിലുള്ള കള്ളപ്പണ ഇടപാടുകൾ നടന്നിട്ടുണ്ടോ എന്നാണ് ഇഡി പരിശോധിക്കുന്നത്. ശബരിമലയിലെ സ്വർണ്ണക്കവചങ്ങളിൽ നിന്ന് സ്വർണ്ണം മോഷ്ടിച്ചു എന്ന പരാതിയിലാണ് അന്വേഷണം നടക്കുന്നത്.


കഴിഞ്ഞ ദിവസം ദേവസ്വം ബോർഡ് മുൻ സെക്രട്ടറി ജയശ്രീയെ ഇഡി ചോദ്യം ചെയ്തിരുന്നു. വരും ദിവസങ്ങളിൽ ഉണ്ണിക്കൃഷ്ണൻ പോറ്റി ഉൾപ്പെടെയുള്ളവരെയും ഇഡി ചോദ്യം ചെയ്യും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home