ടാങ്കർ ലോറിയിൽ നിന്ന് ആസിഡ് ദേഹത്ത് വീണു; ബൈക്ക് യാത്രികന് ഗുരുതര പരിക്ക്

കൊച്ചി: ടാങ്കര്‍ ലോറിയില്‍നിന്ന് സള്‍ഫ്യൂരിക് ആസിഡ് ദേഹത്തുവീണ് ബൈക്ക് യാത്രികന് സാരമായ പൊള്ളലേറ്റു. എതിരെവന്ന ലോറിയിൽനിന്ന് ഇരുകൈകളിലും കഴുത്തിലും ആസിഡ് വീണ കണ്ണമാലി കണ്ടക്കടവ് പാലക്കാപ്പള്ളി വീട്ടില്‍ പി എസ് ബിനീഷിനാണ് (36) പൊള്ളലേറ്റത്. ചൊവ്വ വൈകിട്ട് 6.45ന് തേവര സിഗ്നലിന് സമീപമായിരുന്നു അപകടം. ബിനീഷ് എറണാകുളം ജനറല്‍ ആശുപത്രി തീവ്രപരിചരണവിഭാഗത്തിൽ ചികിത്സയിലാണ്. ബിനീഷിന്റെ ശരീരത്തില്‍ 20 ശതമാനം പൊള്ളലേറ്റിട്ടുണ്ടെന്ന് ജനറൽ ആശുപത്രി അധികൃതർ പറഞ്ഞു.
ടൈല്‍ ജോലിക്കാരനായ ബിനീഷ് ജോലികഴിഞ്ഞ് കരിമുകളില്‍നിന്ന് വീട്ടിലേക്കുവരുന്ന വഴിയായിരുന്നു അപകടം. തേവര സിഗ്നലിനുസമീപം എത്തിയപ്പോൾ ടാങ്കര്‍ലോറി എതിരെ കടന്നുപോയി. ദേഹത്ത് എന്തോവീണ് പൊള്ളല്‍ അനുഭവപ്പെട്ടതോടെ ബൈക്ക് നിര്‍ത്തി നോക്കി. ഷര്‍ട്ടിന്റെ ചിലഭാഗം കരിഞ്ഞനിലയിൽ കണ്ടെത്തിയതിനെത്തുടർന്ന് ഉടനെ സ്ഥലത്തുണ്ടായിരുന്ന പൊലീസിനെ വിവരമറിയിച്ചു. കരുവേലിപ്പടി താലൂക്കാശുപത്രിയിലേക്കാണ് ആദ്യംപോയത്. അവിടെ പരിശോധിച്ചതിനുശേഷം ആംബുലന്‍സില്‍ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. ബൈക്കിലും ബാഗിലുമെല്ലാം ആസിഡ് വീണിട്ടുണ്ട്. മഴയുള്ളതിനാല്‍ ബാഗ് മുന്നില്‍വച്ച് യാത്ര ചെയ്‌തതിനാൽ നെഞ്ചിന്റെ ഭാഗത്ത് ആസിഡ് വീഴാതെ രക്ഷപ്പെട്ടു. ഹെല്‍മറ്റ് ധരിച്ചതിനാൽ മുഖത്തും ആസിഡ് വീണില്ല.
കൊച്ചി തുറമുഖത്തുനിന്ന് ഫാക്ടിലേക്ക് സള്‍ഫ്യൂരിക് ആസിഡുമായി പോയ ടാങ്കര്‍ലോറിയാണ് അപകടമുണ്ടാക്കിയതെന്ന് സൗത്ത് പൊലീസ് പറഞ്ഞു. അപകടകരമായി വാഹനമോടിച്ചതിനും മനുഷ്യജീവന് അപകടകരമായ രീതിയിൽ അലക്ഷ്യമായി രാസവസ്‌തു കൈകാര്യം ചെയ്തതിനും സൗത്ത് പൊലീസ് കേസെടുത്തിട്ടുണ്ട്. ടാങ്കര്‍ലോറി കസ്റ്റഡിയിലെടുത്തു. ഡ്രൈവറെ കസ്‌റ്റഡിയിലെടുക്കുമെന്നാണ് സൂചന.









0 comments