ഛത്തീസ്ഗഡിൽ മലയാളി വിദ്യാർഥി നദിയിൽ മുങ്ങി മരിച്ചു

മാവേലിക്കര : ഛത്തീസ്ഗഢിൽ മാവേലിക്കര സ്വദേശിയായ മലയാളി നഴ്സിങ് വിദ്യാർഥി, നിയന്ത്രണം വിട്ട ബൈക്കിൽ നിന്ന് നദിയിൽ വീണ് മുങ്ങി മരിച്ചു. മാങ്കാംകുഴി പാറക്കുളങ്ങര തുണ്ടിയിൽ വീട്ടിൽ ഉദയന്റെയും ശ്രീജയുടെ മകൻ യദുകൃഷ്ണൻ (23) ആണ് മരിച്ചത്. ബൈക്കിൽ ഒപ്പമുണ്ടായിരുന്ന 22 വയസ്സുള്ള പെൺകുട്ടിയെ നാട്ടുകാർ രക്ഷപ്പെടുത്തി. ശനി വൈകിട്ടോടെയാണ് അപകടമുണ്ടായതെന്നാണ് വിവരം.
ഛത്തീസ്ഗഡിൽ സർഗുജ ജില്ലയിൽ കനത്ത മഴയെ തുടർന്ന് കരകവിഞ്ഞൊഴുകിയ നദിക്ക് കുറുകെയുള്ള കലുങ്ക് കടക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട ബൈക്കിന്റെ ടയർ തെന്നി മാറി നിയന്ത്രണം വിടുകയായിരുന്നു. വെള്ളിയാഴ്ച സർഗുജ ജില്ലാ ആസ്ഥാനമായ അംബികാപൂരിലെത്തിയ യദുവും സുഹൃത്തും ശനിയാഴ്ച ബൈക്കിൽ മൈൻ പാട്ടിലേക്ക് പോകുന്നതിനിടെയാണ് അപകടം. പൊലീസും സ്റ്റേറ്റ് ഡിസാസ്റ്റർ റെസ്‌പോൺസ് ഫോഴ്‌സ് (എസ്ഡിആർഎഫ്) സംഘവും ചേർന്ന് തെരച്ചിൽ നടത്തി.
ഞായർ രാവിലെ 10.30 ന് അപകട സ്ഥലത്തുനിന്നും ഒരു കിലോമീറ്റർ മാറി യദുകൃഷ്ണന്റെ മൃതദേഹം കണ്ടെത്തി. ചികിത്സയിൽ കഴിയുന്ന പെൺകുട്ടിയുടെ ആരോഗ്യനിലയിൽ കുഴപ്പമില്ലെന്നാണ് വിവരം. ബംഗളൂരുവിൽ അവസാന വർഷ നഴ്സിങ് വിദ്യാർഥിയായ യദു, റായ്പൂരിൽ പഠിക്കുന്ന തൻ്റെ സുഹൃത്തായ പെൺകുട്ടിയെ കാണാൻ എത്തുകയായിരുന്നെന്ന് പൊലീസ് പറയുന്നു. യദുവിന്റെ സഹോദരൻ ഹരികൃഷ്ണൻ (ദുബായ്). യദുവിന്റെ അച്ഛനും സഹോദരനും ബന്ധുവും ഛത്തീസ്ഗഡിൽ എത്തിയിട്ടുണ്ട്.










0 comments