രണ്ടുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡീപ്പിച്ച കേസ്: പ്രതി ഹസൻകുട്ടിക്ക് 67 വർഷം കഠിന തടവ്

തിരുവനന്തപുരം: തിരുവനന്തപുരം ചാക്കയിൽ നാടോടി ദമ്പതികളുടെ രണ്ടരവയസുള്ള കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പ്രതി വർക്കല അയിരൂർ സ്വദേശി ഹസൻകുട്ടിയെ 67 വർഷം കഠിന തടവിന് ശിക്ഷിച്ചു. തിരുവനന്തപുരം പോക്സോ കോടതിയുടെതാണ് വിധി.
2024 ഫെബ്രുവരി 19നാണ് മാതാപിതാക്കൾക്കൊപ്പം ഉറങ്ങിക്കിടന്ന കുട്ടിയെ തട്ടിക്കൊണ്ടുപോയത്. ബ്രഹ്മോസിന് സമീപം കുറ്റിക്കാട്ടിൽവെച്ച് പ്രതി കുട്ടിയെ പീഡിപ്പിക്കുകയും മരിച്ചെന്ന് കരുതി ഉപേക്ഷിക്കുകയുമായിരുന്നു. പിറ്റേദിവസം രാത്രി താമസസ്ഥലത്തിന് ഒന്നേകാൽ കിലോമീറ്റർ മാറി ഓടയിൽനിന്നാണ് പൊലീസ് കുട്ടിയെ കണ്ടെുത്തുന്നത്.
കൃത്യത്തിന് ശേഷം ഹസൻകുട്ടി ഒളിവിൽപോയി. തുടർന്ന് കൊല്ലം ആശ്രാമത്ത് വെച്ചാണ് പ്രതിയെ പിടികൂടിയത്. കുട്ടിയെ പീഡനത്തിനിരയാക്കിയ സ്ഥലത്തുനിന്നും ശേഖരിച്ച സാമ്പിളുകളും പ്രതിയുടെ വസ്ത്രത്തിൽ നിന്നും ലഭിച്ച സാമ്പിളുകളും ശാസ്ത്രീയ പരിശോധനയിൽ ഒന്നാണെന്ന് കണ്ടെത്തി. 41 സാക്ഷികളെ വിസ്തരിച്ചു. 62 രേഖകളും 11 തൊണ്ടിമുതലുകളും ഹാജരാക്കി. പോക്സോ ഉള്‍പ്പെടെ മറ്റ് നിരവധി കേസുകളും ഹസൻകുട്ടിക്കെതിരെ നിലവിലുണ്ട്.








0 comments