'യു പ്രതിഭയ്ക്കെതിരായ അധിക്ഷേപം; യുഡിഎഫ് നേതൃനിര എങ്ങനെ ചിന്തിക്കുന്നു എന്നതിന് ഉദാഹരണം'

കൊല്ലം: കായംകുളം നിയമസഭാ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി യു പ്രതിഭയ്ക്കെതിരെ യുഡിഎഫ് നേതാവ് നടത്തിയ അധിക്ഷേപ പരാമർശം യുഡിഎഫിന്റെ നേതൃനിര എങ്ങനെയാണ് ചിന്തിക്കുന്നത് എന്നതിന്റെ മുഖക്കണ്ണാടിയാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ.
രാഹുൽ മാങ്കൂട്ടത്തിലിന്റെ അനുഭവവും അതുമായ ബന്ധപ്പെട്ട സംഭവങ്ങളു എല്ലാവർക്കും അറിയാം. അതിന്റെ തുടർച്ചയിലാണ് ഓരോന്ന് സ്ത്രീകൾക്കെതിരായി വരുന്നത്. സാമൂഹ്യരംഗത്തേക്കും രാഷ്ട്രീയ രംഗത്തേക്കും വരുന്ന യുവതികളായ നേതാക്കൾക്കെതിരെ കടന്നാക്രണം നടത്തുന്ന രീതിയാണ് യുഡിഎഫ് പിന്തുടരുന്നത്. അത് അവസാനിപ്പിക്കുന്തനാണ് അവർക്ക് നല്ലത്.
കേരളത്തിലെ സ്ത്രീകൾക്ക് നേരെ നടത്തിയിട്ടുള്ള ഈ കടന്നാക്രമണത്തെ കേരളീയ സമൂഹം ഒന്നാകെ അപലപിക്കുകയും പ്രതിഷേധിക്കുകയും ചെയ്തിട്ടുണ്ട്. സംഭവത്തിൽ നിയമപരമായി മുന്നോട്ട് പോകുമെന്ന് പ്രതിഭ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. സ്ത്രീകൾക്കെതിരെ എന്ത് അപമാനവും പറയാം എന്ന രീതയിലേക്ക് പോയാൽ ജനങ്ങൾ ശക്തയായി എതിർക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം യു പ്രതിഭയ്ക്കെതിരെ യുഡിഎഫ് നേതാവ് നടത്തിയ അധിക്ഷേപ പരാമർശത്തിൽ തെരഞ്ഞെടുപ്പ് കമീഷൻ ഇടപ്പെട്ടു. ആലപ്പുഴ കലക്ടറോട് കമീഷൻ അടിയന്തര റിപ്പോർട്ട് തേടി. ഉച്ചയ്ക്ക് മുൻപ് നടപടിയെടുത്ത് അറിയിക്കണമെന്നാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ നിർദേശം.
നാക്ക്‌ചാതുര്യംകൊണ്ടും ശരീര അഴകുകൊണ്ടും അതെല്ലാം വിൽപ്പനയ്‌ക്കായിവച്ചുമാണ് പ്രതിഭ തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്നായിരുന്നു യുഡിഎഫ് മണ്ഡലം കൺവീനറും മുസ്ലിം ലീഗ് നേതാവുമായ എ ഇർഷാദിന്റെ അധിക്ഷേപം. സ്‌ത്രീത്വത്തെ അപമാനിച്ചതിനെതിരെ പ്രതിഭയും ജനാധിപത്യ മഹിളാ അസോസിയേഷനും തെരഞ്ഞെടുപ്പ് കമീഷന് പരാതി നൽകിയിരുന്നു.
ബുധനാഴ്ച യുഡിഎഫ് കൺവൻഷനിൽ ഇർഷാദ് കടുത്ത സത്രീവിരുദ്ധ പരാമർശം നടത്തുമ്പോൾ മറ്റ് നേതാക്കൾ തിരുത്തിയതുമില്ല. എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ, ഡിസിസി പ്രസിഡന്റ് ബി ബാബുപ്രസാദ്, യുഡിഎഫ് സ്ഥാനാർഥി എം ലിജു എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു അധിക്ഷേപം.
ചാനലുകളിൽ വാർത്തയാകുകയും വൻപ്രതിഷേധം ഉയരുകയും ചെയ്‌തതോടെ എ ഇർഷാദ് ഖേദം പ്രകടിപ്പിച്ചു. എന്നാൽ, കേവലം ഖേദപ്രകടനംകൊണ്ട് വിഷയം അവസാനിക്കില്ലെന്ന് യു പ്രതിഭ വാർത്താസമ്മേളനത്തിൽ പറഞ്ഞു. വൻ പ്രതിഷേധം ഉയർന്നതോടെ ഇർഷാദിനെ മണ്ഡലം കമ്മിറ്റി ചെയർമാൻ സ്ഥാനത്തുനിന്ന് നീക്കിയിട്ടുണ്ട്.










0 comments