മനോരമ വാർത്ത പച്ചക്കള്ളമെന്ന് അഭിമന്യുവിന്റെ കുടുംബം; 'സുരേഷ് ഗോപിയോട് കാണിച്ചത് വീട്ടിലേക്ക് ഒരാൾ കയറിവരുമ്പോള്‍ പുലർത്തുന്ന മര്യാദ'

മനോരമ നല്‍കിയ വ്യാജവാര്‍ത്ത(ഇടത്), പരിജിത് (വലത്)
മൂന്നാർ: അഭിമന്യുവധക്കേസുമായി ബന്ധപ്പെട്ട് കുടുംബം കേന്ദ്ര ഏജന്‍സികളുടെ സഹായം തേടിയെന്ന മലയാള മനോരമ വാര്‍ത്ത പച്ചക്കള്ളമെന്ന് കുടുംബം. മനോരമയ്ക്ക് ഇങ്ങനെ ഒരു വാർത്ത എവിടെ നിന്നും കിട്ടിയെന്ന് അറിയില്ലെന്ന് അഭിമന്യുവിന്റെ സഹോദരൻ പരിജിത് പറഞ്ഞു. അഭിമന്യുവിന്റെ മാതാപിതാക്കള്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപിയോട് കേസ് കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടതായാണ് മനോരമ വാർത്ത നൽകിയത്.
‘കലുങ്ക് സൗഹൃദ സംവാദ’ത്തിന്റെ ഭാഗമായി വട്ടവടയിലെ അഭിമന്യുവിന്റെ വീട്ടില്‍ സന്ദര്‍ശനത്തിനായി സുരേഷ് ഗോപി എത്തിയിരുന്നു. സുരേഷ് ഗോപിയെ അഭിമന്യുവിന്റെ പിതാവ് മനോഹരന്‍, മാതാവ് ഭൂപതി, സഹോദരന്‍ പരിജിത്ത് എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു എന്നാണ് മനോരമ വാർത്ത നൽകിയത്. എന്നാല്‍, സുരേഷ് ഗോപി വീട്ടിലെത്തിയ സമയത്ത് അമ്മ ഭൂപതി മാത്രമാണ് അവിടെ ഉണ്ടായിരുന്നത്. താനോ അച്ഛനോ സ്ഥലത്തുണ്ടായിരുന്നില്ലെന്നും സഹോദരന്‍ വ്യക്തമാക്കി.
വീട്ടിലേക്ക് ഒരാള്‍ കയറി വരുമ്പോള്‍ സ്വാഭാവികമായി കാണിക്കുന്ന ഒരു മര്യാദ മാത്രമാണ് അമ്മ സ്വീകരിച്ചതെന്നും പരിജിത്ത് പറയുന്നു. സുരേഷ് ഗോപി ഇതിനു മുന്‍പും രണ്ടു തവണ വീട്ടില്‍ വന്നിട്ടുണ്ട്. അമ്മക്ക് കേന്ദ്ര അന്വേഷണ ഏജന്‍സി എന്നൊരു വാക്ക് പോലും പറയാന്‍ അറിയില്ലെന്നും പരിജിത് പറഞ്ഞു.
അടിസ്ഥാനരഹിതമായ വാർത്തയാണ് മനോരമ നൽകിയത്. ഇത്തരത്തിൽ വാസ്തവ വിരുദ്ധമായ വാർത്തകൾ നൽകുന്നത് മാധ്യമ ധർമ്മത്തിന് നിരക്കാത്തതാണെന്നും പരിജിത് പറഞ്ഞു.











0 comments