ad
Deshabhimani

റഹീമിന്റെ മോചനം: ഫാത്തിമയുടെ 2 പതിറ്റാണ്ട് നീണ്ട കാത്തിരിപ്പിന് വിരാമം

Abdul Rahim.JPG
avatar
മനാഫ് താഴത്ത്

Published on May 27, 2026, 08:26 AM | 2 min read

ഫറോക്ക്: നൊന്തുപെറ്റ ഒരുമ്മയുടെ ഇരുപതുവർഷം നീണ്ട നിലവിളിക്കും കാത്തിരിപ്പിനും അറുതിയാകുന്നു. വധശിക്ഷ വിധിക്കപ്പെട്ട് സൗദിയിലെ റിയാദ് ഇസ്‌കാൻ ജയിലിൽ 18 വർഷം കഴിഞ്ഞശേഷം ശിക്ഷ 20 വർഷമാക്കി ലഘൂകരിക്കപ്പെട്ട അബ്ദുൾ റഹീമിന്റെ മോചനത്തിന് ഉത്തരവായത് അറിഞ്ഞവരിൽ ഏറ്റവും ആഹ്ലാദിക്കുന്നത് ഉമ്മ ഫാത്തിമ തന്നെ.


2006 നവംബർ 28ന് 26–ാം വയസ്സിൽ റിയാദിലെത്തിയതാണ് കോടമ്പുഴ പരേതനായ മച്ചിലകത്ത് പീടിയേക്കൽ മുഹമ്മദ് കുട്ടിയുടെയും ഫാത്തിമ(പാത്തു)യുടെയും ഇളയമകൻ അബ്ദുൽ റഹീം. ഡ്രൈവർ ജോലിയിൽ ഒരുമാസം പിന്നിടുംമുമ്പെ ഡിസംബർ 24നാണ് സ്പോൺസറുടെ അസുഖബാധിതനായ മകൻ കൊല്ലപ്പെട്ട കേസിൽ ജയിലിലടയ്ക്കപ്പെട്ടത്. 2012ൽ വധശിക്ഷ വിധിച്ചു.


ഒടുവിൽ ജന്മനാടിനൊപ്പം മലയാളികളൊന്നിച്ച് 2024 മാർച്ച് അവസാനത്തിലാരംഭിച്ച് ഏപ്രിൽ 12 വരെ നീണ്ട ക്രൗഡ് ഫണ്ടിങ്ങിലൂടെ ശേഖരിച്ച ഫണ്ടിൽനിന്ന്‌ റഹീമിന്റെ ജീവന്റെ വിലയായി 34.35 കോടി രൂപ കൊല്ലപ്പെട്ട കുട്ടിയുടെ പിതാവായ സൗദി പൗരന് ദിയാധനം നൽകുകയായിരുന്നു. തുടർന്ന്‌ 2024 ജൂലൈ രണ്ടിന് റഹീമിന്റെ വധശിക്ഷ റദ്ദാക്കി. 2025 മെയ് 26ന് 20 വർഷം തടവുശിക്ഷയും വിധിച്ചു. ഈ ശിക്ഷാകാലാവധി കഴിഞ്ഞ 20ന് അവസാനിച്ചതിനൊപ്പമാണ് ചൊവ്വ സൗദി സമയം ഉച്ചയോടെ റഹീമിന്റെ ജയിൽ മോചന ഉത്തരവ്‌ പുറത്തിറങ്ങിയത്‌.


റഹീം വരുന്നു, കോടമ്പുഴയ്ക്ക് വലിയ പെരുന്നാൾ


ഇത്തവണ രാമനാട്ടുകരയിലെ കോടമ്പുഴക്കാർക്കും റഹീമിന്റെ കുടുംബത്തിനും ബലി പെരുന്നാൾ ഇമ്മിണി വലിയ പെരുന്നാളാകും. അബ്ദുൽ റഹീം ജയിൽമോചിതനായി എത്തുന്പോൾ കുടുംബം മാത്രമല്ല, നാടൊന്നിച്ച് ബലിപെരുന്നാൾ സന്തോഷത്തിന്റെ വലിയ പെരുന്നാളാക്കും. സൗദിയിൽ അറുപതോളം മലയാളി സംഘടനകളൊന്നിച്ച് നിയമസഹായവേദിയുടെ നേതൃത്വത്തിൽ രണ്ടുപതിറ്റാണ്ട് നിയമപോരാട്ടം തുടർന്നപ്പോൾ, പിൻബലമായി നാട്ടിൽ പ്രാദേശിക സഹായസമിതിയും സാമ്പത്തിക സഹായത്തിനായി റഹീം നിയമസഹായ ട്രസ്റ്റും രൂപീകരിച്ച്‌ പ്രവർത്തിച്ചു. ഒരു യുവാവിന്റെ ജീവൻ ബലി നൽകാതിരിക്കുന്നതിനും ജയിൽമോചനത്തിനുമായി ഒറ്റക്കെട്ടായി പ്രവർത്തിച്ചതിന്റെ സമ്പൂർണ വിജയമാണ് സൗദിയിലെ റിയാദ് ഇസ്‌കാൻ ജയിലിൽനിന്നുള്ള റഹീമിന്റെ മോചനം.


​രാമനാട്ടുകര കോടമ്പുഴ പരേതനായ മച്ചിലകത്ത് പീടിയേക്കൽ മുഹമ്മദ് കുട്ടി–ഫാത്തിമ ദമ്പതികളുടെ ഇളയ മകനാണ് അബ്ദുറഹീം. സഫിയ, സുഹറ, സലീം, നസീർ, സീനത്ത് എന്നിവരാണ് സഹോദരങ്ങൾ. നാട്ടിൽ വീടിനുസമീപത്തുള്ള സ്വകാര്യ സ്കൂൾ വാഹനത്തിന്റെ ഡ്രൈവറായിരിക്കെ 2006 നവംബർ 28നാണ്‌ റഹീം റിയാദിലെത്തിയത്. ഡിസംബർ 24നാണ് ഡ്രൈവർ ജോലിക്കിടെ തന്റെ സ്പോൺസറായ സൗദി പൗരൻ ഫായിസ് അബ്‌ദുല്ല അബ്‌ദുറഹിമാൻ അൽ ശഹ്‌രിയുടെ ഗുരുതര ആരോഗ്യപ്രശ്നമുള്ള പതിനഞ്ചുകാരനായ മകൻ അനസ് അൽ ശഹ്‌രി മരിക്കുന്നത്‌. ഡ്രൈവിങ്ങിനിടെയുണ്ടായ കശപിശയിലായിരുന്നു മരണം. ഇതിൽ കുറ്റക്കാരനായാണ് ജയിലിലടയ്‌ക്കപ്പെട്ടതും നീണ്ട 20 വർഷം തടവിൽ കഴിഞ്ഞതും. വധശിക്ഷ റദ്ദാക്കുന്നതിനായി മരണപ്പെട്ട കുടുംബത്തിന് 34.35 കോടി(15 മില്യൻ സൗദി റിയാൽ)രൂപ ദിയാധനം നൽകാൻ ലോകമലയാളികളൊന്നിച്ച് 47,87,65,347 രൂപയാണ് നൽകിയത്.


​വധശിക്ഷ റദ്ദാക്കിയശേഷം 13 തവണ വിചാരണ തുടരുകയും 2025 മെയ് 20ന് റഹീമിന് 20 വർഷത്തെ തടവുശിക്ഷയും വിധിച്ചു. 19 വർഷം ജയിൽശിക്ഷ പൂർത്തിയാക്കിയതിനാൽ ഒരുവർഷം മാത്രമായി ശിക്ഷ അവശേഷിച്ചു. ഇതുകൂടി 20ന് അവസാനിച്ചതോടെയാണ് പുറംലോകത്തേക്കുള്ള വഴി തെളിയുന്നത്‌.





deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home