ad
Deshabhimani

ആദ്യാവസാനം ത്രില്ലടിപ്പിക്കുന്ന "ആരം", പൊലീസ് വേഷത്തിൽ തിളങ്ങി സൈജു കുറുപ്പ്; റിവ്യൂ

aaram
വെബ് ഡെസ്ക്

Published on Sep 26, 2026, 05:01 PM | 2 min read

ഒരു അപകട മരണവും അതിനെ ചുറ്റിപ്പറ്റിയുള്ള അന്വേഷണവുമാണ് ‘ആരം’. കേൾക്കുമ്പോൾ പരിചയമുള്ളൊരു പശ്ചാത്തലം തന്നെയാണ്. പക്ഷേ അത് അവതരിപ്പിക്കുന്ന രീതിയിലാണ് "ആരം" പ്രേക്ഷകരുടെ കയ്യടി നേടുന്നത്.


വെറും 1 മണിക്കൂർ 50 മിനിറ്റ് മാത്രമാണ് സിനിമയുടെ ദൈർഘ്യം. അതിന്റെ ഏറ്റവും വലിയ ഗുണവും അതുതന്നെ. ആവശ്യമില്ലാത്ത കാര്യങ്ങളിലേക്ക് പോകാതെ കൃത്യമായ കഥയുടെ സംഘർഷങ്ങൾക്ക് തന്നെയാണ് ചിത്രം പ്രാധാന്യം നൽകുന്നത്. അതുകൊണ്ട് തന്നെ പ്രേക്ഷകർക്ക് ഒരിക്കലും മുഷിച്ചിൽ അനുഭവപ്പെടുന്നില്ല. പോലീസ് അന്വേഷണത്തിനൊപ്പം പ്രേക്ഷകരെയും കൊണ്ടുപോകുന്ന രീതിയിലാണ് ചിത്രം അവതരിപ്പിച്ചിരിക്കുന്നത്.


ആദ്യപകുതിയിൽ തന്നെ കേസിന്റെയും കഥാപാത്രങ്ങളുടെയും ഒരു നല്ല അടിത്തറ ചിത്രത്തിൽ ഒരുക്കുന്നുണ്ട്. പക്ഷേ ശരിക്കും സിനിമ ത്രില്ലിംഗ് ആകുന്നത് രണ്ടാം പകുതിയിലാണ്. ഓരോ കാര്യവും നമ്മൾ വിചാരിക്കുന്നത് പോലെ അല്ലാതെ സ്ക്രീനിൽ വരുമ്പോൾ, “ഇനി എന്താണ്?” എന്നൊരു ആകാംഷ പ്രേക്ഷകരിൽ നിലനിർത്താൻ സിനിമയ്ക്ക് കഴിയുന്നുണ്ട്.


കഥയിലെ അപ്രതീക്ഷിതമായ വഴിത്തിരിവുകൾ വരുമ്പോൾ, അതൊന്നും വെറുതെ ഞെട്ടിക്കാൻ വേണ്ടി കൊണ്ടുവന്നതായിട്ട് തോന്നുന്നില്ല എന്നതാണ് ആരത്തിൻ്റെ പ്രധാന ശക്തി. കഥയിലേക്ക് തന്നെ ചേർന്ന് നിൽക്കുന്ന രീതിയിലാണ് അവ വരുന്നത്. ചിത്രത്തിൻ്റെ ക്ലൈമാക്സ് ട്വിസ്റ്റും ഗംഭീരമാണ്.


പക്ഷേ ‘ആരം’ വെറുമൊരു ഇൻവെസ്റ്റിഗേഷൻ സിനിമയല്ല. ഒരു പോലീസ് ഉദ്യോഗസ്ഥന്റെ വ്യക്തി ജീവിതവും ഔദ്യോഗിക ജീവിതവും ഒരുമിച്ച് കൊണ്ട് പോകുമ്പോൾ അയാൾ അനുഭവിക്കുന്ന സംഘർഷങ്ങൾ ചിത്രത്തിൽ വ്യക്തമായി രേഖപ്പെടുത്തുന്നുണ്ട്. ജോലി ചെയ്യുമ്പോൾ നേരിടുന്ന പ്രശ്നങ്ങൾക്കൊപ്പം അയാളുടെ വ്യക്തിജീവിതത്തിലും ആ ജോലിയുടെ സ്വാധീനം ഉണ്ടാകുന്നുണ്ട്. ഈ ഭാഗമാണ് സിനിമയ്ക്ക് വൈകാരികമായ ഒരു തലം പകർന്ന് നൽകുന്നത്.


സൈജു കുറുപ്പ് ആണ് സിനിമയുടെ ഏറ്റവും വലിയ ശക്തി. ഒരു പോലീസ് ഓഫീസറായി വളരെ സ്വാഭാവികമായി ഉള്ള പ്രകടനമാണ് അദ്ദേഹം നൽകുന്നത്. കുറ്റാന്വേഷണ രംഗങ്ങളിൽ മാത്രമല്ല, കഥാപാത്രത്തിന്റെ വ്യക്തിജീവിതത്തിൻ്റെ ഭാഗങ്ങൾ വരുന്നിടത്തും അദ്ദേഹത്തിൻ്റെ പ്രകടനം ചിത്രത്തെ താങ്ങി നിർത്തുന്നുണ്ട്. വലിയ ഹീറോയിസം കാണിക്കാൻ ശ്രമിക്കാതെ കഥാപാത്രത്തിനൊപ്പം നിൽക്കുന്ന പ്രകടനം ആണ് ശ്രദ്ധ നേടുന്നത്.


അസ്കർ അലി, സിദ്ധിഖ്, അഞ്ജു കുര്യൻ, സുധീഷ്, മനോജ് കെ.യു., ഷഹീൻ സിദ്ദിഖ് തുടങ്ങി ബാക്കിയുള്ളവരും തങ്ങളുടെ ഭാഗങ്ങൾ നന്നായി ചെയ്തിട്ടുണ്ട്. ഒരുപാട് കഥാപാത്രങ്ങളുണ്ടെങ്കിലും ആരും വെറുതെ വന്നുപോകുന്ന പോലെ തോന്നുന്നില്ല എന്നതും ചിത്രത്തിൻ്റെ നല്ല വശമാണ്.


സാങ്കേതികമായും സിനിമയ്ക്ക് ആവശ്യമായ രീതിയിൽ എല്ലാം കൃത്യമായി വന്നിട്ടുണ്ട്. ജിത്തു ദാമോദറിന്റെ ദൃശ്യങ്ങൾ, വി. സാജന്റെ എഡിറ്റിംഗ്, രോഹിത് ഗോപാലകൃഷ്ണൻ്റെ സംഗീതം എന്നിവ ഒരു ത്രില്ലർ ചിത്രത്തിന് വേണ്ട അന്തരീക്ഷത്തോട് ചേർന്ന് നിൽക്കുന്നു.


വലിയ കാൻവാസിൽ ഉള്ള ഒരു ത്രില്ലർ കെട്ട്കാഴ്ചയാകാൻ ആരം ശ്രമിക്കുന്നില്ല. പകരം ചെറിയ സമയത്തിനുള്ളിൽ ഒരു കേസും അതിനൊപ്പം ഒരു പോലീസ് ഉദ്യോഗസ്ഥന്റെ ജീവിതവും പറയാനാണ് സിനിമ ശ്രമിക്കുന്നത്.അതുകൊണ്ട് തന്നെ വലിയ ബഹളങ്ങളൊന്നുമില്ലാതെ കണ്ടിരിക്കാവുന്നൊരു സിനിമയാണ് ‘ആരം’. സംവിധായകൻ എന്ന നിലയിൽ പുലർത്തിയ കയ്യടക്കത്തിന് രജീഷ് പരമേശ്വരനും എഴുത്തുകാരൻ എന്ന നിലയിൽ വിഷ്ണു രാമചന്ദ്രനും അഭിനന്ദനം അർഹിക്കുന്നു. ഗുഡ് ഹോപ് പ്രൊഡക്ഷൻ ആൻഡ് ഡിസ്ട്രിബ്യൂഷന്റെ ബാനറിൽ ഡോ. ജുനൈസ് ബാബു ഗുഡ് ഹോപ് ആണ് ചിത്രം നിർമ്മിച്ചത്. ഡിസ്ട്രിബൂഷൻ റോവാൻ എന്റർടൈൻമെന്റ്സ് & ഗുഡ് ഫെല്ലാസ് ആണ്.


ഒന്നേമുക്കാൽ മണിക്കൂർ കൊണ്ട് കഥ പറഞ്ഞ്, മുഷിപ്പിക്കാതെ, രണ്ടാം പകുതിയിൽ ട്വിസ്റ്റുകൾ കൊണ്ട് പിടിച്ചിരുത്തി, അവസാനം കഥാപാത്രങ്ങളുടെ വൈകാരിക വശങ്ങളിലേക്കും എത്തിക്കുന്നൊരു നല്ല ഒരു ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലർ എന്ന് ആരത്തെ വിശേഷിപ്പിക്കാം



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home