ക്യാൻസർ രോഗിയെ കെട്ടിയിട്ട് പണം കവർന്ന കേസ്; അന്വേഷണത്തിന് പ്രത്യേക സംഘം

കട്ടപ്പന: ക്യാൻസർ രോഗിയായ വീട്ടമ്മയെ കട്ടിലിൽ കെട്ടിയിട്ട് പണം കവർന്ന കേസ് അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചു. ഇടുക്കി ഡിവൈഎസ്പി ജിൻസണിന്റെ കീഴിൽ പത്തംഗ സംഘമാണ് അന്വേഷണം നടത്തുക. അടിമാലി എസ്എൻ പടി സ്വദേശിയായ ഉഷ സന്തോഷിനെയാണ് മോഷ്ടാവ് കട്ടിലിൽ കെട്ടിയിട്ട് വായിൽ തുണി തിരുകിയശേഷം പണവുമായി കടന്നത്. വിരലടയാള വിദഗ്ധർ സ്ഥലത്ത് പരിശോധന നടത്തിയിരുന്നു. വീട്ടിൽ നിന്ന് ലഭിച്ച വിരലയാളത്തിന്റെ അടിസ്ഥാനത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
കോട്ടയം മെഡിക്കൽ കോളേജിൽ കീമോ ചെയ്തശേഷം കഴിഞ്ഞ ദിവസമാണ് ഉഷ വീട്ടിൽ തിരിച്ചെത്തിയത്. വ്യാഴം രാവിലെ ഏഴോടെയായിരുന്നു കവര്‍ച്ച നടന്നത്. മകൾ സ്‌കൂളിലേക്കും ഭർത്താവ് കൂലിപ്പണിക്കുമായി പോയിരുന്നു. ഈ സമയത്താണ് കള്ളൻ വീടിനുള്ളിൽ കയറിയത്. ചികിത്സയുടെ മയക്കത്തിലായിരുന്നു ഉഷ. മോഷ്‌ടാവ് ആദ്യം വായിൽ തുണിതിരുകിയതായും മറ്റൊരു തുണി ഉപയോഗിച്ച് തല മൂടുകയും കൈകൾ ബന്ധിക്കുകയും ചെയ്‌തതായി ഉഷ പറഞ്ഞു.
പണം നൽകിയില്ലെങ്കിൽ കൊലപ്പെടുത്തുമെന്ന് മോഷ്ടാവ് ഉഷയെ ഭീഷണിപ്പെടുത്തി. അലമാരയിൽ നിന്നും തുണികൾ പുറത്തേക്ക് വലിച്ചിട്ടെങ്കിലും പണം കണ്ടെത്താതെ വന്നതോടെ ഇയാൾ കൂടുതൽ പ്രകോപിതനായി. ഇതോടെ ഭയന്ന ഉഷ കട്ടിലിൽ കിടക്കുന്ന പേഴ്സിൽ പണമുള്ളതായി മോഷ്‌ടാവിനോട് പറഞ്ഞു. ഇതിനിടെ വായിലെ തുണി എടുക്കാൻ ശ്രമിച്ച ഉഷയുടെ കാലുകൾ കൂടി മോഷ്ടാവ് ബന്ധിച്ചു. പിന്നീട് പേഴ്സിൽ സൂക്ഷിച്ചിരുന്ന 16500 രൂപയുമായി കള്ളൻ കടന്ന് കളഞ്ഞു.
സമീപവാസിയായ മറ്റൊരാൾ പിന്നീട് വീട്ടിലെത്തിയപ്പോഴീണ് കട്ടിലിൽ കെട്ടിയിട്ടിരിക്കുന്ന ഉഷയെ കണ്ടത്. ഉഷയുടെ ചികിത്സക്കായി പൊതുധനസമാഹരണത്തിലൂടെ ശേഖരിച്ച തുകയിൽ ബാക്കിയുണ്ടായിരുന്ന തുകയാണ് മോഷ്‌ടാവ് കവർന്നത്. പരാതി ലഭിച്ച ഉടനെ അടിമാലി പൊലീസ് സ്ഥലത്തെത്തി. മൊഴിയുടെ അടിസ്ഥാനത്തിൽ അന്വേഷണം ആരംഭിച്ചു. ദിവസങ്ങൾക്ക് മുമ്പ് വീട്ടിൽ തനിച്ചുണ്ടായിരുന്ന സമയം മാസ്ക്ക് ധരിച്ച ഒരു യുവാവ് വീട്ടിൽ എത്തുകയും ചികിത്സക്ക് സഹായിക്കാനെന്ന വ്യാജേന വീട്ടിലെ വിവരങ്ങളൾ ചോദിച്ചറിഞ്ഞിരുന്നതായും ഉഷ പറഞ്ഞു.









0 comments