കെ പിയുടെ വാക്കിലും മനസിലും എന്നും സിഐടിയു

കെ പി സഹദേവൻ. ഫോട്ടോ/മിഥുൻ അനില മിത്രൻ
കണ്ണൂർ: ഇന്ത്യൻ തൊഴിലാളി വർഗത്തിന്റെ പ്രതീക്ഷയും പ്രത്യാശയുമായ സിഐടിയുവിന്റെ രൂപീകരണസമ്മേളനം മുതൽ എന്നും കെ പിയെന്ന കെ പി സഹദേവന്റെ വാക്കിലും മനസിലും സംഘടന തന്നെയായിരുന്നു. തൊഴിലാളികളുടെ അവകാശ പോരാട്ടങ്ങൾക്ക് വിശ്രമമില്ലാതെ നേതൃത്വം വഹിച്ച കെപിയുടെ ജീവനും ജീവിതവും തൊഴിലാളി സംഘടനാ പ്രവർത്തനം മാത്രമായിരുന്നു.
പതിനെട്ടാം വയസിൽ സംഘടനാ പ്രവർത്തനം തുടങ്ങിയതിന് ശേഷം കഴിഞ്ഞ ആറര പതിറ്റാണ്ടോളമായി വിശ്രമമറിയാത്ത പോരാളി. 1968ൽ മംഗ്ലൂർ ഗണേഷ് ബീഡിക്കമ്പനി അടച്ചുപൂട്ടിയതിനെതിരെ നടന്ന ഐതിഹാസികമായ തൊഴിലാളി പ്രക്ഷോഭത്തിൽ പങ്കാളിയായി. മുതലാളിമാരുടെ ഗുണ്ടകൾ സമരത്തെ ചോരയിൽ മുക്കിക്കൊല്ലാൻ ശ്രമിച്ചപ്പോൾ ചെറുത്തുതോൽപിക്കാൻ ധീരമായ നേതൃത്വം വഹിച്ചു. സംയുക്തസമരസമിതി ജനറൽ കൺവീനറായിരുന്ന കെ പി.
1970 മെയ് മുപ്പതിനാണ് കൊൽക്കത്തയിൽ സിഐടിയു രൂപീകരിണ സമ്മേളനം നടന്നത്. കണ്ണൂരിൽനിന്ന് സമ്മേളനത്തിൽ പങ്കെടുക്കാൻ പോയവരിൽ അവശേഷിച്ച ഏക പ്രതിനിധി. അന്ന് മുതൽ അവസാന ശ്വാസം വരെയും തൊഴിലാളികളുടെ അവകാശ സമരങ്ങളുടെ മുൻനിരയിൽ ഈ പോരാളിയുണ്ടായിരുന്നു.
1969ൽ മുംബൈയിലെ ഷൺമുഖാനന്ദ ഹാളിൽ നടന്ന എഐടിയുസി സമ്മേളനത്തിൽ ബി ടി രണദിവെയുടെയും പി രാമമൂർത്തിയുടെയും നേതൃത്വത്തിൽ മുന്നൂറോളം പ്രതിനിധികൾ ഇറങ്ങിപ്പോയതിൽ ഒരാൾ കെ പിയായിരുന്നു. സംഘടനയിൽ ആശയസംഘട്ടനം രൂക്ഷമായതിനെ തുടർന്നായിരുന്നു ഇറങ്ങിപ്പോക്ക്. തൊട്ടടുത്ത ഹാളിൽ യോഗം ചേർന്നാണ് പുതിയ സംഘടന രൂപീകരിക്കാൻ തീരുമാനിച്ചത്.
ഗണേശ് ബീഡി അടച്ചുപൂട്ടി തൊഴിലാളികളെ തെരുവാധാരമാക്കാൻ ശ്രമിച്ചപ്പോൾ കേരള ദിനേശ് ബീഡി സഹകരണ സംഘം രൂപീകരിക്കുന്നതിലും പ്രധാന പങ്കുവഹിച്ചു. ഹാൻവീവ് ചെയർമാനും കണ്ണൂർ എകെജി സഹകരണ ആശുപത്രി പ്രസിഡന്റുമായിരുന്നു.
ബീഡിത്തൊഴിലാളി ക്ഷേമനിധി ബോർഡ് അംഗം, കേന്ദ്രബീഡി വെൽെഫയർ ഫണ്ടിന്റെ സംസ്ഥാന ഉപദേശക ബോർഡ്, ബീഡി, സിനിമ, ചെറുകിട എഞ്ചിനീയറിങ്, മലഞ്ചരക്ക് വ്യവസായത്തൊഴിലാളികളുടെ മിനിമം വേജസ് കമ്മിറ്റി എന്നിവയിൽ അംഗമായിരുന്നു. സിഐടിയു നേതൃത്വത്തിലുള്ള നിരവധി സംഘടനകളുടെ ജില്ലാ ഭാരവാഹി കൂടിയാണ് കെ പി.









0 comments