നവകേരള സദസിലെ നിര്‍‍ദേശങ്ങള്‍ നടപ്പാക്കാന്‍ 982 കോടി രൂപ അനുവദിച്ചു

NAVAKERALA
വെബ് ഡെസ്ക്

Published on May 28, 2025, 04:42 PM | 3 min read

തിരുവനന്തപുരം: നവകേരള സദസിൽ ഉയർന്നുവന്ന വികസന പദ്ധതികൾ നടപ്പാക്കാൻ 982.01 കോടി രൂപ അനുവദിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. പദ്ധതികളുടെ നടത്തിപ്പിനായി സംസ്ഥാന ആസൂത്രണ ബോർഡ് തയ്യാറാക്കിയ മാർഗനിർദ്ദേശങ്ങൾ ഭേദഗതിയോടെ അംഗീകരിച്ചു. മുഖ്യമന്ത്രിയും മന്ത്രിമാരും 140 നിയമസഭാ മണ്ഡലങ്ങളിലും സഞ്ചരിച്ച് ജനങ്ങളുമായി സംവദിച്ചിരുന്നു. ആ സംവാദത്തില്‍ ഉരുത്തിരി‍ഞ്ഞ നിര്‍ദേശങ്ങളാണ് വികസന പദ്ധതികളായി നടപ്പാക്കുന്നത്.


ഒരോ നിയമസഭാ മണ്ഡലത്തിൽ പരമാവധി 7 കോടിയുടെ പദ്ധതികൾ അനുവദിക്കും


നവകേരളസദസിൽ വിവിധ വിഭാഗം ജനങ്ങൾ ആവശ്യപ്പെട്ട വികസന പ്രവർത്തനങ്ങൾക്കും നിർദ്ദേശങ്ങൾക്കും മുൻഗണന അനുസരിച്ച് അനുമതി നൽകുന്നതിനും സാങ്കേതികമോ മറ്റ് കാരണങ്ങളോ മൂലം നിലവിലെ പദ്ധതികൾക്ക് പകരം പുതിയ/അധിക പദ്ധതികൾ അംഗീകരിക്കുവാൻ ഉള്ള അനുമതി നൽകുവാനും ചീഫ് സെക്രട്ടറി, സെക്രട്ടറി (PIE&MD), ബന്ധപ്പെട്ട ജില്ലാ കളക്ടർ എന്നിവരടങ്ങുന്ന കമ്മിറ്റിയെ അധികാരപ്പെടുത്തി. ഓരോ നിയമസഭാ മണ്ഡലത്തിലും പരമാവധി ഏഴ് കോടി രൂപ വീതമാണ് അനുവദിക്കുക. മലപ്പുറം ജില്ലയുടെ കാര്യത്തില്‍ അറിയിപ്പ് പിന്നീട് ഉണ്ടാകും.


മന്ത്രിസഭാ യോ​ഗ തീരുമാനം


യുപി സ്കൂളായി അപ്ഗ്രേഡ് ചെയ്യും


വിഴിഞ്ഞം ഹാർബർ ഏരിയ ഗവ. എൽപി.സ്കൂൾ യുപി.സ്കൂളായി അപ്ഗ്രേഡ് ചെയ്യും. തീരദേശത്തെ കുട്ടികൾ പഠിക്കുന്ന സ്കൂൾ എന്നതിൻ്റെ അടിസ്ഥാനത്തിലും വിദ്യാലയത്തിന് അഞ്ചു കിലോമീറ്റർ ചുറ്റളവിൽ തുടർപഠനത്തിനായി മറ്റുവിദ്യാലയങ്ങൾ നിലവിലില്ല എന്ന വസ്തുത പരിഗണിച്ചും അധ്യാപക/അനധ്യാപക ജീവനക്കാരുടെ ആവശ്യകത പുനർവിന്യാസം വഴി നിറവേറ്റണമെന്ന വ്യവസ്ഥയുടെ അടിസ്ഥാനത്തിലാണിത്.


തുടർച്ചാനുമതി


തിരുവനന്തപുരം, കൊല്ലം, അമ്പലപ്പുഴ, കോട്ടയം, നെടുങ്കണ്ടം, കൊച്ചി, കണയന്നൂർ, തൃശ്ശൂർ, പാലക്കാട്, കോഴിക്കോട്, തലശ്ശേരി എന്നീ 11 സ്പെഷ്യൽ റവന്യൂ റിക്കവറി ഓഫീസുകളിലെ 221 താല്കാലിക തസ്തികകളും, നെടുമങ്ങാട്, നെയ്യാറ്റിൻ കര, പത്തനംതിട്ട, പാല, അമ്പലവയൽ, വടകര, കാസർഗോഡ്, ആലുവ എന്നീ എട്ട് തഹസിൽദാർ റവന്യൂ റിക്കവറി ഓഫീസുകളിലെ 167 താല്കാലിക തസ്തികകളും; ലാൻഡ് റവന്യൂ കമ്മീഷണറേറ്റിലെ റിസർച്ച് ആൻഡ് ഡവലപ്മെന്റ്റ് വിഭാഗത്തിലെ 5 താല്ക്കാലിക തസ്തികകളും നൈറ്റ് വാച്ച്‌മാൻ നാല് താല്ക്കാലിക തസ്തികകളും ഉൾപ്പെടെ 397 താല്കാലിക തസ്തികകൾക്ക് 01.04.2025 മുതൽ 31.03.2026 വരെ ഒരു വർഷത്തേയ്ക്ക് തുടർച്ചാനുമതി നൽകും.


ലാൻഡ് റവന്യൂ വകുപ്പിൻ്റെ നിയന്ത്രണത്തിൽ പ്രവർത്തിച്ചു വരുന്ന എല്ലാ ജില്ലാ കളക്ടറേറ്റുകളിലെയും സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷൻ, ബിൽഡിംഗ് ടാക്സ് യൂണിറ്റുകൾ, റവന്യൂ റിക്കവറി യൂണിറ്റുകൾ എന്നിവയിലെ 197 താല്കാലിക തസ്തികകളും ആലപ്പുഴ, കാസർഗോഡ്, കണ്ണൂർ എന്നീ ജില്ലാ കളക്ടറേറ്റുകളിലെ ലാൻഡ് അക്വിസിഷൻ യൂണിറ്റുകളിലെ 20 താല്ക്കാലിക തസ്തികകളും ഉൾപ്പെടെ 217 താൽക്കാലിക തസ്തികകൾക്ക് 01.04.2025 മുതൽ 31.03.2026 വരെ തുടർച്ചാനുമതി നൽകും. മലപ്പുറം ജില്ലയുടെ കാര്യത്തിൽ അറിയിപ്പ് പിന്നീട് ഉണ്ടാകും.


നിയമനം


35-ാമത് ദേശീയ ഗെയിംസിൽ കേരളത്തെ പ്രതിനിധീകരിച്ച് റഗ്‌ബിയിൽ വെങ്കലമെഡൽ നേടിയ എം ഹരിശ്രീക്ക് കായിക യുവജനകാര്യ വകുപ്പിൽ ക്ലാർക്കിൻ്റെ സൂപ്പർന്യൂമററി തസ്തിക സൃഷ്ടിച്ച് നിയമനം നൽകും.


ഹോംകോയിൽ ERP Software പ്രാബല്യത്തിൽ കൊണ്ടുവരുന്നതിന് താല്ക്കാലികമായി തസ്തിക സൃഷ്ടിച്ച് രണ്ട് ഡാറ്റ എൻട്രി ഓപ്പറേറ്റർമാരെ ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കും.


ശുപാർശകൾ അംഗീരിച്ചു


പൊലീസ് വകുപ്പിലെ പർച്ചേസ് സംബന്ധിച്ച് ശുപാർശ സമർപ്പിക്കാൻ നിയോഗിച്ച ജസ്റ്റിസ് സി എൻ രാമചന്ദ്രൻ കമ്മീഷൻ റിപ്പോർട്ടിലെ ശുപാർശകൾ അംഗീരിച്ചു.


ടെണ്ടർ അംഗീകരിച്ചു


തിരുവനന്തപുരം ജില്ലയിലെ "Attingal - Improvements to Manamboor NH -Kavalayoor - Kulamuttom road with BM & BC 0/000 to 4/800 and 0/000 to 1/400 എന്ന പ്രവ‍ൃത്തിക്കുള്ള 4,14,94,245 രൂപയുടെ ടെണ്ടർ അം​ഗീകരിച്ചു.


പത്തനംതിട്ട ജില്ലയിലെ മണിമലയാറിന് കുറുകെയുള്ള പാറക്കടവ് പാലത്തിന്റെ നിർമ്മാണ പ്രവൃത്തിയുമായി ബന്ധപ്പെട്ട് 11,19,86,861 രൂപയുടെ ടെണ്ടർ അംഗീകരിച്ചു.


സാധൂകരിച്ചു


ക്ഷീര വികസന വകുപ്പിന് കീഴിലുള്ള വലിയതുറ സ്റ്റേറ്റ് ഫോഡർ ഫാമിലെ 14 സീനിയർ‌ കാഷ്വൽ തൊഴിലാളികളെ പുനരധിവാസത്തിനായി സ്ഥിരപ്പെടുത്തിയ നടപടി സാധൂകരിച്ചു.


തസ്തിക പരിവർത്തനം


കേരള പബ്ലിക് സർവ്വീസ് കമ്മീഷനിൽ നിലവിലുള്ള 21 ഡഫേദാർ തസ്തികകൾ ഓഫീസ് അറ്റൻഡൻറ് തസ്തികകളാക്കി പരിവർത്തനം ചെയ്യും. നിലവിൽ ഡഫേദാർ തസ്തികയിൽ സേവനം അനുഷ്ഠിക്കുന്ന 8 പേർക്ക് ശമ്പളം സംരക്ഷിച്ചു നൽകും.


വിരമിക്കൽ പ്രായം ഉയർത്തി


പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുളള സ്വയംഭരണ ഗ്രാന്റ്-ഇൻ-എയ്‌ഡ് സ്ഥാപനമായ സി എച്ച് മുഹമ്മദ് കോയ മെമ്മോറിയൽ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ദ മെന്റ്ലി ചലഞ്ച്‌ഡ് (എസ്ഐഎംസി) സ്ഥാപനത്തിൽ സേവനമനുഷ്ഠിക്കുന്ന ഇ.പി.എഫ് പദ്ധതിയിൽ ഉൾപ്പെട്ടിട്ടുളള സ്ഥിരം ജീവനക്കാരുടെ വിരമിക്കൽ പ്രായം 56 വയസിൽ നിന്നും 58 വയസായി ഉയർത്തും.


സി കണ്ണൻ സ്മാരക പ്രതിമ


കണ്ണൂർ ജില്ലയിൽ കാനത്തൂറിൽ ഫയർ ആൻറ് റസ്ക്യു വകുപ്പിൻറെ കൈവശമുള്ള മൂന്ന് സെൻറ് അന്തരിച്ച സി കണ്ണൻറെ സ്മരണാർഥം പ്രതിമ സ്ഥാപിക്കുന്നതിന് കണ്ണൂർ ബീഡി തൊഴിലാളി യൂണിയന് പാട്ടത്തുക ഇളവ് ചെയ്ത് 10 വർഷത്തേക്ക് പാട്ടത്തിന് അനുവദിക്കും.


പുനർനിയമനം


വനിത വികസന കോർപ്പറേഷനിൽ മാനേജിങ്ങ് ഡയറക്ടറായ വി സി ബിന്ദുവിന് പുനർനിയമനം നൽകും.

ഹൈക്കോടതി ഗവ.പ്ലീഡറായ അഡ്വ. എം രാജീവിന് പുനർനിയമനം നൽകും.


വാഹനങ്ങൾ വാങ്ങുന്നതിന് അനുമതി


ഹൈക്കോടതിയിലെ കണ്ടം ചെയ്ത 14 വാഹനങ്ങൾക്ക് പകരമായി അഞ്ച് പുതിയ വാഹനങ്ങൾ വാങ്ങുന്നതിന് അനുമതി നൽകി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home