‘ലാഡ്‌ലി ബെഹ്ന’യിൽ നിന്ന് ഒഴിവാക്കി: മഹാരാഷ്ട്രയിൽ മഹിളാ അസോസിയേഷന്റെ നേതൃത്വത്തിൽ വൻ പ്രക്ഷോഭം, 3000 സ്ത്രീകൾ ഒത്തുകൂടി

ദഹാനു താലൂക്കിൽ നടന്ന പ്രതിഷേധ സംഗമം
മുംബൈ : മഹാരാഷ്ട്രയിലെ ബിജെപി സർക്കാരിന്റെ 'ലാഡ്‌ലി ബെഹ്‌ന' പദ്ധതിയിൽ നിന്ന് അനധികൃതമായി ഒഴിവാക്കിയ സ്ത്രീകളെ വീണ്ടും ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ട് സംസ്ഥാനവ്യാപക പ്രക്ഷോഭവുമായി അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ (AIDWA). നിസ്സാര കാരണങ്ങൾ പറഞ്ഞ് ഏകദേശം ഒരു കോടിയോളം സ്ത്രീകളെയാണ് ഏകപക്ഷീയമായി പദ്ധതിയിൽ നിന്ന് ഒഴിവാക്കിയത്. 2024ലെ മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി, വോട്ടുകൾ ലക്ഷ്യമിട്ടുകൊണ്ടാണ് സംസ്ഥാനത്തെ ഏകദേശം 2.63 കോടി സ്ത്രീകൾക്ക് പ്രതിമാസം 1,500 രൂപ നൽകുന്ന 'ലാഡ്‌ലി ബഹന' പദ്ധതിക്ക് ബിജെപി സർക്കാർ തുടക്കമിട്ടത്.
ദഹാനു താലൂക്കിൽ നടന്ന പ്രതിഷേധ സംഗമം
തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം, പരിശോധനയ്ക്കെപേരിൽ നടപടി ആരംഭിച്ച് ഈ വർഷം ജൂലൈയിൽ ഏകദേശം ഒരു കോടി ഗുണഭോക്താക്കളെ പദ്ധതിയിൽ നിന്ന് ഏകപക്ഷീയമായി ഒഴിവാക്കുകയും അവർക്കുള്ള തുക നൽകുന്നത് നിർത്തുകയും ചെയ്തു. 1.66 കോടി സ്ത്രീകളാണ് നിലവിൽ ഗുണഭോക്താക്കൾ. എന്നാൽ അവർക്കും കൃത്യമായി തുക ലഭിക്കുന്നില്ല.
ഇതിന്റെ ഭാഗമായി സെപ്തംബർ 20 മുതൽ ഒഴിവാക്കപ്പെട്ട സ്ത്രീകളിൽ നിന്ന് അപേക്ഷകൾ ശേഖരിച്ച് വിവിധ ജില്ലകളിൽ വനിതാ സംഗമങ്ങൾ സംഘടിപ്പിക്കുകയാണെന്ന് മഹിള അസോസിയേഷൻ വ്യക്തമാക്കി. താനെ–പാൽഘർ ജില്ലയിലെ ദഹാനു താലൂക്കിൽ നടന്ന സംഗമത്തിൽ 3,000ലധികം സ്ത്രീകൾ പങ്കെടുത്തു. AIDWA ദേശീയ വൈസ് പ്രസിഡന്റ് മറിയം ധാവളെ, സംസ്ഥാന ജനറൽ സെക്രട്ടറി പ്രാചി ഹാതിവ്ലേക്കർ, ലഹാനി ദൗഡ, സുനിത ഷിംഗ്ഡ തുടങ്ങിയവർ സംസാരിച്ചു.
ദഹാനു താലൂക്കിൽ നടന്ന പ്രതിഷേധ സംഗമം
സെപ്റ്റംബർ 27 വരെ ജില്ലയിലെ മറ്റു താലൂക്കുകളിലും തുടർന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലും പരിപാടികൾ നടത്തും. പദ്ധതിയിൽ നിന്ന് ഒഴിവാക്കപ്പെട്ട ആയിരക്കണക്കിന് സ്ത്രീകളെ പങ്കെടുപ്പിച്ച് മുംബൈയിലെ മന്ത്രാലയത്തിലേക്ക് മാർച്ച് സംഘടിപ്പിക്കുമെന്നും AIDWA നേതൃത്വം വ്യക്തമാക്കി.









0 comments