print edition സമരസൂര്യന് ആദരമായി പുരസ്‌കാര സമർപ്പണം

കേരള സ്റ്റേറ്റ് കർഷക തൊഴിലാളി യൂണിയൻ (കെഎസ്-കെടിയു) മുഖമാസിക ‘കർഷക തൊഴിലാളി'യുടെ വി എസ് അച്യുതാനന്ദൻ കേരള പുരസ്കാരം ആലപ്പുഴ മങ്കൊമ്പില്‍ പി കൃഷ്ണപിള്ള സ്‌മാരക ഹാളിൽ സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി മുതിർന്ന നേതാവ് എസ് രാമചന്ദ്രൻപിള്ളയ്ക്ക് കൈമാറുന്നു
ആലപ്പുഴ: കേരളത്തിന്റെ സമരസൂര്യൻ വി എസ് അച്യുതാനന്ദനുള്ള ആദരമായി പുരസ്‌കാര സമർപ്പണം. കേരള സ്‌റ്റേറ്റ് കർഷകത്തൊഴിലാളി യൂണിയന്റെ (കെഎസ്‌കെടിയു) മുഖമാസികയായ കർഷക തൊഴിലാളിയുടെ വി എസ് അച്യുതാനന്ദൻ കേരള പുരസ്‌കാരം മുതിർന്ന കമ്യൂണിസ്‌റ്റ് നേതാവ് എസ് രാമചന്ദ്രൻപിള്ളയ്‌ക്ക് സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി സമ്മാനിച്ചു. 50,001 രൂപയും ശിൽപ്പവും പ്രശംസാപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. കഥ, കവിത, പ്രബന്ധം എന്നിവയ്‌ക്കുള്ള വി എസ് അച്യുതാനന്ദൻ കേരള സാഹിത്യ പുരസ്‌കാരം വി കെ സുധീർകുമാർ (കഥ), വിനോദ് വൈശാഖി (കവിത), എസ് അർച്ചന (പ്രബന്ധം) എന്നിവർക്ക് അഖിലേന്ത്യാ കർഷകത്തൊഴിലാളി യൂണിയൻ പ്രസിഡന്റ് എ വിജയരാഘവൻ സമ്മാനിച്ചു. 30,001 രൂപയും ശിൽപ്പവും പ്രശംസാപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.
മങ്കൊന്പ് പി കൃഷ്‌ണപിള്ള സ്‌മാരകഹാളിൽ ചേർന്ന സമ്മേളനം സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി ഉദ്‌ഘാടനം ചെയ്‌തു. കെഎസ്‌കെടിയു സംസ്ഥാന പ്രസിഡന്റ് ആനാവൂർ നാഗപ്പൻ അധ്യക്ഷനായി. ജനറൽ സെക്രട്ടറി എൻ ചന്ദ്രൻ പ്രശംസാപത്രം അവതരിപ്പിച്ചു. എസ് രാമചന്ദ്രൻപിള്ളയെപ്പറ്റിയുള്ള ഡോക്യുമെന്ററി വേദിയിൽ പ്രദർശിപ്പിച്ചു. വിപ്ലവഗായിക പി കെ മേദിനിക്ക് പ്രത്യേക ജൂറി പുരസ്‌കാരം മന്ത്രി സജി ചെറിയാൻ സമർപ്പിച്ചു.
വി എസ് അച്യുതാനന്ദൻ കേരള സാഹിത്യ പുരസ്‌കാര പ്രഭാഷണം പൊളിറ്റ്‌ബ്യൂറോ അംഗം എ വിജയരാഘവൻ നിർവഹിച്ചു. സ്വാഗതസംഘം ചെയർമാൻ ആർ നാസർ, സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം സി എസ് സുജാത, അഖിലേന്ത്യാ കർഷകത്തൊഴിലാളി യൂണിയൻ ജോയിന്റ് സെക്രട്ടറി ഡോ. വി ശിവദാസൻ എംപി, സംസ്ഥാന ട്രഷറർ സി ബി ദേവദർശനൻ, സ്വാഗതസംഘം കൺവീനർ എം സത്യപാലൻ എന്നിവർ സംസാരിച്ചു. കലാപരിപാടികളും ചലച്ചിത്ര പിന്നണിഗായിക പുഷ്‌പവതിയുടെ നേതൃത്വത്തിലുള്ള സംഗീതവിരുന്നും അരങ്ങേറി.









0 comments