കൺട്രോളിൽ നിൽക്കാത്ത ഭാരവാഹിപ്പട്ടിക; താരാട്ട്‌ പഴയതുപോലെ ഫലിക്കുന്നില്ല

congress manorama
avatar
സാജൻ എവുജിൻ

Published on Oct 18, 2025, 02:58 PM | 2 min read

തിരുവനന്തപുരം: കെപിസിസി ഭാരവാഹി പട്ടികയിൽ ‘മൊത്തമായ പ്രതിഷേധമില്ല, ചില്ലറ അതൃപ്‌തി മാത്രം’ എന്ന്‌ പത്രമുത്തശ്ശി ആശ്വസിക്കാൻ ശ്രമിച്ചതാണ്‌. മഷിയുണങ്ങുംമുമ്പ് പൊട്ടിത്തെറികളാണ്‌. ചില്ലറക്കാരല്ല പൊട്ടിച്ചത്‌. മനോരമയുടെ മാനസപുത്രനായിരുന്ന ഉമ്മൻചാണ്ടിയുടെ മകനും ലീഡർ കെ കരുണാകരന്റെ മകനും. ‘ഇത്രയും സംതൃപ്‌തി മുമ്പുണ്ടായിട്ടില്ലെന്ന്‌’ മുൻ പിസിസി പ്രസിഡന്റ്‌ കെ സുധാകരൻ പരിഹസിച്ചു. കോൺഗ്രസുകാരുടെ അവഗണനയും പാരവെയ്‌പും കാരണം തനിക്കും അമ്മയ്‌ക്കും ഉറക്കം നഷ്ടമായെന്ന്‌ ചാണ്ടി ഉമ്മൻ പറയുന്നു. കോൺഗ്രസ്‌ വാട്ട്‌സാപ്പ്‌ ഗ്രൂപ്പുകളിൽനിന്ന്‌ പുറത്തുപോയത്‌ അദ്ദേഹം സ്ഥിരീകരിക്കുകയും ചെയ്‌തു.


കോൺഗ്രസിന്റെ ‘വിശ്വാസ സംരക്ഷണ ജാഥ’യുടെ ക്യാപ്‌റ്റനായിരുന്ന കെ മുരളീധരന്‌ കോൺഗ്രസിൽ തന്നെ വിശ്വാസം നഷ്ടപ്പെട്ടു. ക്യാപ്‌റ്റൻ ജാഥയുടെ സമാപനദിവസം മുങ്ങി. ഇതേപ്പറ്റി ആരാഞ്ഞ മാധ്യമപ്രവർത്തകരോട്‌ പ്രതിപക്ഷ നേതാവ്‌ വി ഡി സതീശൻ പൊട്ടിത്തെറിക്കുകയാണ്‌ ചെയ്‌തത്‌. കോൺഗ്രസിലെ കാര്യമൊന്നും തന്നോട്‌ ചോദിക്കേണ്ടെന്നും മറ്റ്‌ കാര്യങ്ങൾ എന്തെങ്കിലുമുണ്ടെങ്കിൽ ചോദിക്കൂ എന്നും ശകാരിച്ച്‌ സതീശൻ പിൻവലിഞ്ഞു. പിന്നീട്‌ മുരളീധരന്‌ ചില വാഗ്‌ദാനങ്ങൾ നൽകി അനുനയിപ്പിച്ചതായി വാർത്തകൾ വരുന്നു. മുരളീധരൻ ഭാരവാഹിപ്പട്ടികയിൽ നിർദേശിച്ച പേരുകൾ പരിഗണിക്കുമത്രെ.


‘ഏറ്റവും കുറവ്‌ പൊട്ടിത്തെറി സൃഷ്ടിച്ച’ പുനഃസംഘടനാ ഭാരവാഹിപ്പട്ടികയെന്ന്‌ മനോരമ വിലയിരുത്തിയ ദിവസം തന്നെയാണ്‌ ഇ‍ൗ സംഭവങ്ങൾ. ശശി തരൂരിന്റെ നേതൃത്വത്തിൽ മറ്റൊരു ദിശയിൽ പടയൊരുക്കം നടക്കുന്നതായും വാർത്തകളുണ്ട്‌. കൈവച്ച സ്ഥലത്തെല്ലാം ബിജെപിക്ക്‌ നേർച്ചയിടുന്ന എഐസിസി ജനറൽ സെക്രട്ടറിയുടെ അതിമോഹങ്ങളാണ്‌ കേരളത്തിലെ കോൺഗ്രസ്‌ നേതാക്കളെ പ്രകോപിപ്പിച്ചത്‌. സതീശൻ സങ്കടം തുറന്നുപറയാൻ കഴിയാത്ത അവസ്ഥയിലാണെന്നുമാത്രം. ജംബോ പട്ടിക രാഹുൽഗാന്ധിയുടെ സാമൂഹ്യനീതി സങ്കൽപ്പത്തിന്റെ സാക്ഷാൽക്കാരമാണെന്നൊക്കെ എഴുതിപ്പിടിപ്പിക്കാനുള്ള ധൈര്യം മനോരമ കാട്ടിയതാണ്‌. ഭാരവാഹികളുടെ ജാതി തിരിച്ചുള്ള കണക്കെടുപ്പും മനോരമ നടത്തി. കോൺഗ്രസിൽനിന്നുള്ള വിവരം വച്ചാണ്‌ മനോരമ ഇത്‌ പ്രസിദ്ധീകരിച്ചതെങ്കിൽ ‘ഞാൻ ക്രിസ്‌ത്യാനി ആയതാണോ കുഴപ്പം’ എന്ന മട്ടിലുള്ള അബിൻ വർക്കിമോഡൽ ചോദ്യങ്ങൾ ഇനിയും കോൺഗ്രസിനുള്ളിൽ ഉയരും.


രാഹുൽഗാന്ധിയെ ഒക്കച്ചങ്ങാതി കബളിപ്പിക്കുകയാണെന്ന്‌ കോൺഗ്രസുകാർക്ക്‌ തന്നെ അറിയാം. കോൺഗ്രസിൽ ചേർന്ന വർഷം തന്നെ സന്ദീപ്‌ വാരിയറിനെ കെപിസിസി ജനറൽ സെക്രട്ടറിയാക്കിയത്‌ ആർഎസ്‌എസ്‌ ക്വോട്ടയിലാണോ എന്ന്‌ ചോദിക്കുന്നവരെ കുറ്റപ്പെടുത്താനാവില്ല. തൃശൂരിൽ ബിജെപിയെ സഹായിച്ചുവെന്ന ആരോപണം നേരിടുന്ന നേതാവിനെയും കെപിസിസി ജനറൽ സെക്രട്ടറിയാക്കിയിട്ടുണ്ട്‌.


ഭാരവാഹി പട്ടിക ഡൽഹിയിൽനിന്ന്‌ ഇ–മെയിൽ രൂപത്തിൽ വന്നതാണ്‌. നേരായ മാർഗത്തിൽ ഭാരവാഹികളെ നിശ്‌ചയിക്കാൻ കോൺഗ്രസിന്‌ കഴിയില്ലെന്ന്‌ പണ്ടേ തെളിഞ്ഞതാണ്‌. കെപിസിസി എക്‌സിക്യൂട്ടീവ്‌ ചേരാൻ തന്നെ കല്യാണമണ്ഡലം മതിയാകില്ല. ചർച്ചയൊന്നും നടക്കില്ല. ഹൈക്കമാൻഡ്‌ പ്രതിനിധി എന്തെങ്കിലും പറയും. ചിലർ പരിഭവങ്ങളും കുത്തുവാക്കുകളും പറയും. ചായ കുടിച്ച്‌ പിരിയും. മുന്പൊക്കെ ആഞ്ഞടിക്കാൻ ചിലർ ശ്രമിക്കുമായിരുന്നു. ഡൽഹിയിലും തിരുവനന്തപുരത്തും തീരെ ശോഷിച്ചതോടെ ഇപ്പോൾ അതിനുള്ള പാങ്ങൊന്നുമില്ല.


അങ്ങനെയിരിക്കെ കെപിസിസി പ്രസിഡന്റിനെ മാറ്റും. അതുവരെ വാഴ്‌ത്തുപാട്ടുമായി നടന്ന മനോരമാദി മാധ്യമങ്ങൾ പുതിയ ആളുടെ പിന്നാലെ കൂടും. പുതിയ രക്ഷകന്റെ അപദാനങ്ങൾ അടുത്ത ആളെ കിട്ടുംവരെ പറഞ്ഞുനടക്കും. വി എം സുധീരൻ, മുല്ലപ്പള്ളി രാമചന്ദ്രൻ, കെ സുധാകരൻ എന്നീ പ്രമുഖരെ പരീക്ഷിച്ച്‌ പരാജയപ്പെട്ടപ്പോഴാണ്‌ നിലവിലെ അധ്യക്ഷനെ ഇറക്കിയത്‌. അദ്ദേഹത്തെ സഹായിക്കാൻ മൂന്ന്‌ വർക്കിങ്‌ പ്രസിഡന്റുമാരെ നിയോഗിച്ചു. കൊട്ടിഘോഷിച്ച്‌ കൊണ്ടുവന്ന രാഷ്‌ട്രീയ കാര്യസമിതിയുടെ ഉത്തരവാദിത്വവും ചുമതലകളും എന്താണെന്ന്‌ ആർക്കുമറിയില്ല. കാര്യങ്ങൾക്ക്‌ ‘വ്യക്തത’ വരുത്താനാണ്‌ 13 വൈസ്‌ പ്രസിഡന്റുമാരെയും 59 ജനറൽ സെക്രട്ടറിമാരെയും പ്രഖ്യാപിച്ചത്‌. ഇവരെ താങ്ങിനിർത്താൻ നൂറിൽപരം സെക്രട്ടറിമാരും വരുന്നുണ്ട്‌. ഇവർക്കെല്ലാം കൂടി എന്താണ്‌ പണിയെന്ന്‌ ചോദിച്ചാൽ കുഴയും. കൊച്ചുമക്കളാകട്ടെ മുത്തശ്ശിയുടെ കൺട്രോളിൽ നിൽക്കുന്നുമില്ല; താരാട്ട്‌ പഴയതു പോലെ ഫലിക്കുന്നില്ല.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home